കൽക്കരി ഖനിയിൽ നിന്ന് പച്ചപ്പിന്റെ പുതപ്പിലേക്ക്: 16 ലക്ഷം മരങ്ങൾ നട്ടുപിടിപ്പിച്ച് അദാനി ഗ്രൂപ്പ്
ഛത്തീസ്ഗഡ് സർഗുജ ജില്ലയിലെ കൽക്കരി ഖനി പ്രദേശം വീണ്ടും പച്ചപ്പണിയുന്നു. പാർസ ഈസ്റ്റ് ആൻഡ് കാന്ത ബസൻ (പിഇകെബി) ഖനിയിൽ അദാനി എന്റർപ്രൈസസ് ലിമിറ്റഡ് മുൻകൈയെടുത്ത് നടപ്പിലാക്കുന്ന വിപുലമായ വനവൽക്കരണ പദ്ധതിയിലൂടെയാണ് ഈ മാറ്റം. രാജസ്ഥാൻ രാജ്യ വിദ്യുത് ഉത്പാദൻ നിഗം ലിമിറ്റഡിനുവേണ്ടി ഖനിയുടെ ഡെവലപ്പറും ഓപ്പറേറ്ററുമായാണ് കമ്പനി പ്രവർത്തിക്കുന്നത്.
ഏകദേശം 568 ഹെക്ടർ സ്ഥലത്ത് ഇതിനോടകം 1.6 ദശലക്ഷത്തിലധികം മരങ്ങൾ നട്ടുപിടിപ്പിച്ചു കഴിഞ്ഞു. ഈ പതിറ്റാണ്ടിന്റെ അവസാനത്തോടെ ആകെ 4 ദശലക്ഷം മരങ്ങൾ എന്ന ലക്ഷ്യമാണ് കമ്പനി മുന്നോട്ടുവെക്കുന്നത്. ഖനന പ്രവർത്തനങ്ങൾക്ക് ശേഷം ഭൂമി പൂർവ്വസ്ഥിതിയിലാക്കാനുള്ള (Reclamation) സുപ്രധാന ശ്രമമാണിത്. ഇത് പ്രദേശത്തെ ജൈവവൈവിധ്യം വർദ്ധിപ്പിക്കാൻ സഹായിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

ഖനനത്തിനായി മാറ്റേണ്ടി വരുന്ന ഓരോ മരത്തിന് പകരമായി 40 മരങ്ങളാണ് ഇവിടെ നട്ടുപിടിപ്പിക്കുന്നത്. സാൽ, മഹുവ, തണ്ടു, അമൽത്താസ്, സിദ്ധ തുടങ്ങിയ ഇവിടുത്തെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ തനത് മരങ്ങളാണ് ഇതിനായി തെരഞ്ഞെടുത്തിരിക്കുന്നത്. നട്ടുപിടിപ്പിച്ച മരങ്ങളിൽ 88 ശതമാനവും അതിജീവിക്കുന്നുണ്ടെന്ന് കമ്പനി അറിയിച്ചു.
പരിസ്ഥിതി സംരക്ഷണവും ഖനനവും
പികെഇബി ഖനിയിലെ ഈ പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങളെ കേന്ദ്ര കൽക്കരി മന്ത്രാലയം പ്രത്യേകമായി പ്രശംസിച്ചു. ഖനനവും പരിസ്ഥിതി സംരക്ഷണവും ഒരുമിച്ച് മുന്നോട്ടുകൊണ്ടുപോകാൻ കഴിയുന്ന മികച്ച മാതൃകയാണിതെന്ന് മന്ത്രാലയം ലിങ്ക്ഡ്ഇൻ പോസ്റ്റിലൂടെ അഭിപ്രായപ്പെട്ടു. ഖനനാനന്തര ഭൂമി പുനരുജ്ജീവനത്തിന്റെ പ്രാധാന്യം എടുത്തുകാണിക്കുന്ന പദ്ധതിയാണിതെന്നും സുസ്ഥിര വികസനത്തിലേക്കുള്ള പ്രധാന ചുവടുവയ്പാണിതെന്നും ഉദ്യോഗസ്ഥർ വിലയിരുത്തുന്നു.
മറ്റൊരു നഴ്സറിയും അദാനി ഗ്രൂപ്പ് ഇവിടെ തയ്യാറാക്കിയിട്ടുണ്ട്. 3.5 ഹെക്ടറിലായി വ്യാപിപ്പുകിടക്കുന്ന നഴ്സറിയിൽ 5 ലക്ഷത്തോളം തൈകളാണ് പരിപാലിക്കുന്നത്. സാൽ മരങ്ങളുടെ വളർച്ച ഇവിടെ വിജയകരമായി നടക്കുന്നുണ്ട്. സർഗുജ, കൊറിയ, ബൽറാംപൂർ, സൂരജ്പൂർ ജില്ലകളിലായി 4,000 ഹെക്ടറിലധികം സ്ഥലത്ത് വനവൽക്കരണ പദ്ധതി ആസൂത്രണം ചെയ്തിട്ടുണ്ട്. വനവൽക്കരണ പ്രവർത്തനങ്ങൾക്കായി ഏകദേശം 259 കോടി രൂപയോളം കമ്പനി ഛത്തീസ്ഗഡ് സർക്കാരിന് കൈമാറിയിട്ടുമുണ്ട്.
പരിസ്ഥിതി സംരക്ഷണത്തിനൊപ്പം സാമൂഹിക വികസനത്തിനും അദാനി ഗ്രൂപ്പ് പ്രാധാന്യം നൽകുന്നുണ്ട്. വിദ്യാഭ്യാസം, ആരോഗ്യം, ഉപജീവനമാർഗങ്ങൾ എന്നിവ മെച്ചപ്പെടുത്തുന്നതിനായി വിവിധ പദ്ധതികൾ നടപ്പാക്കിവരികയാണ്. പരിസ്ഥിതി-വനവൽക്കരണ ചട്ടങ്ങൾ പൂർണമായി പാലിച്ചാണ് ഖനന പ്രവർത്തനങ്ങൾ നടത്തുന്നതെന്നും സംസ്ഥാന-കേന്ദ്ര സർക്കാരുകൾക്ക് കൃത്യമായ ഇടവേളകളിൽ റിപ്പോർട്ടുകൾ സമർപ്പിക്കുന്നുണ്ടെന്നും കമ്പനി അറിയിച്ചു.












Click it and Unblock the Notifications