മെയ്ഡേ മുതൽ വെടിനിർത്തൽ വരെ; ഇന്ത്യക്കാർ ഗൂഗിളിൽ ഏറ്റവും കൂടുതൽ തിരഞ്ഞ വാക്കുകൾ
ഇന്ത്യക്കാർ കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ തിരഞ്ഞത് എന്തൊക്കെയാണെന്ന് പുറത്തുവിട്ടിരിക്കുകയാണ് ഗൂഗിൾ. ആഭ്യന്തര അന്താരാഷ്ട്ര സംഭവങ്ങൾക്കൊപ്പം ദൈനംദിന ജീവിതത്തിലെ കാര്യങ്ങൾ അറിയുന്നതിനും ഇന്ത്യയിലെ ഉപയോക്താക്കൾ വ്യാപകമായി ഗൂഗിളിനെ ആശ്രയിച്ചിട്ടുണ്ട്.
വിചിത്രമായ പാചകക്കുറിപ്പുകൾ, യാത്രാ പോകേണ്ട സ്ഥലങ്ങൾ, രാജ്യത്തെ രാഷ്ട്രീയ സാഹചര്യം, അപ്രതീക്ഷിത വെല്ലുവിളികൾ തുടങ്ങിയ കാര്യങ്ങളെല്ലാം ആളുകൾ ഗൂഗിളിൽ തിരഞ്ഞിട്ടുണ്ട്. ഈ വർഷം ഗൂഗിളിൽ ഏറ്റവും കൂടുതൽ തിരഞ്ഞ 'എന്താണ്' എന്ന ചോദ്യങ്ങൾ ഇവയാണ്:

'വഖഫ് ബിൽ', '100-ന്റെ ഫാക്ടോറിയൽ', 'ഓപ്പറേഷൻ സിന്ദൂർ', 'മോക്ക് ഡ്രിൽ', 'എസ്ഐആർ.', 'വെടിനിർത്തൽ', 'എച്ച് എം പി വി വൈറസ്', 'കൽമ', 'സിന്ധു നദീജല ഉടമ്പടി', 'ഡീപ്സീക്ക്' എന്നിവയാണ് ഈ വിഭാഗത്തിൽ ഇടം നേടിയവ.
ഈ വർഷം ഉടനീളം ഗൂഗിളിൽ ഇന്ത്യക്കാർ പല വാക്കുകളുടെയും അർത്ഥം തിരഞ്ഞിട്ടുണ്ട്, എന്നാൽ ഫലങ്ങളിൽ കാര്യമായ മാറ്റങ്ങളുണ്ടായില്ല. 'എയർ ഇന്ത്യ അപകടവും' 'ഓപ്പറേഷൻ സിന്ദൂരും' ആണ് ഈ വർഷം ഏറ്റവും കൂടുതൽ ചർചയായ വിഷയങ്ങൾ. അതുകൊണ്ട് തന്നെ ഇതുമായി ബന്ധപ്പെട്ട വാക്കുകളുടെ അർത്ഥങ്ങളാണ് ഈ വർഷം പ്രധാനമായും തിരഞ്ഞത്. ഏതൊക്കെയാണെന്നല്ലേ? 'വെടിനിർത്തൽ', 'മെയ്ഡേ' എന്നിവയാണത്. ഓപറേഷൻ സിന്ദൂറിനെ തുടർന്ന് പാക്കിസ്ഥാനും ഇന്ത്യയും തമ്മിൽ വെടി നിർത്തൽ പ്രഖ്യാപിച്ചിരുന്നു. മാത്രമല്ല ഗാസ-ഇസ്രായേൽ വെടിനിർത്തലും ഈ വർഷം ചർച്ചയായിരുന്നു.
എയർ ഇന്ത്യ അപകടത്തിൻ്റെ സമയത്താണ് മെയ്ഡേ എന്ന വാക്ക് ചർച്ചയായത്. അപകടത്തിൽപ്പെട്ട എയർ ഇന്ത്യയുടെ ബോയിംഗ് 787-8 ഡ്രീംലൈനർ വിമാനത്തിൽ നിന്നും എടിസിക്ക് ലഭിച്ച അവസാന സന്ദേശം പരിശോധിച്ച അന്വേഷണ സംഘത്തിന് സന്ദേശത്തിൽ പൈലറ്റ് 'മെയ്‌ഡേ' എന്ന് മൂന്ന് തവണ പറയുന്നതായി ലഭിച്ചെന്ന റിപ്പോർട്ടിന് പിന്നാലെയാണ് ആളുകൾ മെയ്ഡേ തിരഞ്ഞത്. അടിയന്തര സഹായം ആവശ്യമാണെന്നാണ് ഇതിനർഥം. പ്രതികൂല കാലാവസ്ഥ മൂലമുള്ള അടിയന്തര സാഹചര്യം, യന്ത്രത്തകരാർ, സാങ്കേതിക പ്രശ്നങ്ങള്‍, മെഡിക്കൽ എമർജൻസി തുടങ്ങിയ ഘട്ടങ്ങളിലാണ് പൈലറ്റ് മെയ്ഡേ കോൾ ചെയ്യുക.
കൂടാതെ, 'സ്റ്റാമ്പീഡ്', 'ഈ സാല കപ്പ് നാംദെ' എന്നിവയുടെ അർത്ഥങ്ങളും 2025-ൽ ഇന്ത്യയിൽ ഗൂഗിളിൽ ഏറ്റവും കൂടുതൽ തിരഞ്ഞ വാക്കുകളാണ്.
2025 ലോകത്തിന് സംഭവബഹുലമായ വർഷമായിരുന്നെങ്കിൽ, ഇന്ത്യയെ സംബന്ധിച്ചിടത്തോളം അത് ഒരു പടി കൂടി മുന്നിലായിരുന്നു. ട്രെയിൻ മുതൽ വ്യോമയാനം വരെയുള്ള എല്ലാ മേഖലകളിലും ദുരന്തങ്ങൾ സംഭവിച്ചു. പഹൽഗാം ഭീകരാക്രമണം, ഡൽഹി കാർ ബോംബ് സ്ഫോടനം എന്നിങ്ങനെ രണ്ട് ഭീകരാക്രമണങ്ങൾക്കും രാജ്യം സാക്ഷ്യം വഹിച്ചു.












Click it and Unblock the Notifications