മിഥുൻ ചക്രവർത്തി മുതൽ നെഹ്റുവും ശ്രീദേവിയും വരെ സ്ഥാനാർത്ഥികൾ, തമിഴ്നാട് തിരഞ്ഞെടുപ്പിലെ കൗതുകങ്ങള്‍
നിർണായകമായ നിയമസഭാ തിരഞ്ഞെടുപ്പ് ചൂടിലാണ് തമിഴ്നാട്. വ്യാഴാഴ്ച തമിഴ് ജനത പോളിംഗ് ബൂത്തിലേക്ക് എത്തുകയാണ്. നടൻ വിജയ് നയിക്കുന്ന ടിവികെ ആദ്യമായി നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നുവെന്ന പ്രത്യേകത ഇത്തവണയുണ്ട്. അതുകൊണ്ട് തന്നെ ശക്തമായ മത്സരമാണ് ഇക്കുറി പ്രതീക്ഷിക്കുന്നത്.
ദ്രാവിഡ മുന്നേറ്റ കഴകം, അഖിലേന്ത്യാ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം, തമിഴക വെട്രി കഴകം എന്നിവ തമ്മിൽ സംസ്ഥാനത്തെ 234 മണ്ഡലങ്ങളിലും തീപാറുന്ന ത്രികോണമത്സരമാണ് നടക്കുന്നത്. അതിനിടെ ചില രസകരമായ തിരഞ്ഞെടുപ്പ് കാഴ്ചകളും തമിഴ്നാട്ടിലുണ്ട്.
ഇത്തവണ നിയമസഭയിലേക്ക് വിജയ്ക്കും സ്റ്റാലിനുമൊപ്പം മത്സരിക്കാൻ മിഥുൻ ചക്രവർത്തിയും ശ്രീദേവിയും മുതൽ രാജീവ് ഗാന്ധി വരെ ഉണ്ട്. പ്രമുഖരുമായി സാമ്യമുളള പേരുകൾ കൊണ്ടാണ് തമിഴ്നാട് തിരഞ്ഞെടുപ്പിൽ ഈ സ്ഥാനാർത്ഥികൾ ശ്രദ്ധ നേടിയിരിക്കുന്നത്. ഡിഎംകെ, എഐഎഡിഎംകെ പാർട്ടികളിലെ സ്ഥാനാർത്ഥികളാണ് ഇവർ.

മിഥുൻ ചക്രവർത്തി ബിഇ
മേട്ടൂർ മണ്ഡലത്തിലെ ഡിഎംകെ സ്ഥാനാർത്ഥിയാണ് മിഥുൻ ചക്രവർത്തി ബിഇ. ഒരു എഞ്ചിനീയറായ മിഥുൻ രാഷ്ട്രീയത്തിൽ പുതുമുഖമാണ്. താഴെത്തട്ടിൽ സജീവമായി പ്രവർത്തിക്കുന്ന ഇദ്ദേഹത്തിന്, നടൻ മിഥുൻ ചക്രവർത്തിയുമായുള്ള പേരിലെ സമാനത ജനശ്രദ്ധ വർദ്ധിപ്പിച്ചു.
കെഎൻ നെഹ്‌റു
ഡിഎംകെയുടെ തിരുച്ചിറപ്പള്ളി വെസ്റ്റ് സ്ഥാനാർത്ഥിയാണ് ഈ നെഹ്റു. സംസ്ഥാന രാഷ്ട്രീയത്തിൽ ദീർഘകാലത്തെ അനുഭവസമ്പത്തുള്ള ഡിഎംകെയുടെ മുതിർന്ന നേതാവാണ് ഇദ്ദേഹം. തന്റെ സംഘടനാപരമായ കരുത്തിന് പേരുകേട്ടയാളാണ്.
എസ് രാജീവ് ഗാന്ധി
എഐഎഡിഎംകെയുടെ കള്ളക്കുറിച്ചി (SC) മണ്ഡലത്തിലെ സ്ഥാനാർത്ഥിയാണ് എസ് രാജീവ് ഗാന്ധി. 42 വയസ്സുകാരനായ രാജീവ് ഗാന്ധിക്ക് യുവജന വിഭാഗത്തിൽ പത്തുവർഷത്തിലേറെ പ്രവർത്തന പരിചയമുണ്ട്. മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുമായി പേരിലെ സാമ്യം ഇദ്ദേഹത്തിന് ശ്രദ്ധ നേടിയിട്ടുണ്ട്.
ശ്രീദേവി പി.എസ്. മോഹൻ
എഐഎഡിഎംകെയുടെ നാമക്കൽ സ്ഥാനാർത്ഥിയാണ് ശ്രീദേവി. സംരംഭകയും സാമൂഹിക പ്രവർത്തകയുമായ ശ്രീദേവി, പ്രാദേശിക തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുള്ള പദ്ധതികളിൽ സജീവമാണ്.
എംകെ സ്റ്റാലിൻ നയിക്കുന്ന ദ്രാവിഡ മുന്നേറ്റ കഴകം ജനക്ഷേമ പദ്ധതികളിലും പരിചയസമ്പന്നരായ നേതാക്കളെയും പുതുമുഖങ്ങളെയും സമന്വയിപ്പിച്ചുള്ള തന്ത്രത്തിലുമൂന്നിയാണ് തുടർഭരണത്തിന് കച്ചകെട്ടിയിറങ്ങിയിരിക്കുന്നത്. അതേസമയം, എടപ്പാടി കെ. പളനിസ്വാമിയുടെ നേതൃത്വത്തിലുള്ള അഖിലേന്ത്യാ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം യുവാക്കൾക്കും വനിതാ സ്ഥാനാർത്ഥികൾക്കും പ്രാധാന്യം നൽകി ഭരണം തിരിച്ച് പിടിക്കാനും ലക്ഷ്യമിടുന്നു. വിജയ് നയിക്കുന്ന തമിഴക വെട്രി കഴകം നഗരപ്രദേശങ്ങളിലെയും കന്നി വോട്ടർമാരെയും ലക്ഷ്യമിട്ട് വ്യാപകമായ പ്രചാരണവുമായും രംഗത്തുണ്ട്.












Click it and Unblock the Notifications