കുടത്തില്‍ നിന്നിറങ്ങിയ ഭൂതം... രാഹുലും പ്രശാന്ത് കിഷോറും കേന്ദ്രമന്ത്രിമാരും; ഇനിയെന്ത്
ദില്ലി: ചാര സോഫ്റ്റ് വെയര്‍ ആയ പെഗാസിസ് ഉപയോഗിച്ച് നിരീക്ഷിക്കപ്പെട്ടവരുടെ പേരുകള്‍ ഓരോന്നോരോന്നായി പുറത്ത് വരികയാണ്. കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസിന് കൈകൊടുത്ത തിരഞ്ഞെടുപ്പ് സ്ട്രാറ്റജിസ്റ്റ് പ്രശാന്ത് കിഷോറും അതില്‍ ഉണ്ട് എന്നത് ഞെടിപ്പിക്കുന്ന വാര്‍ത്തയാണ്.
അതിലേറെ ഞെട്ടിപ്പിക്കുന്ന കാര്യം വേറേയും ഉണ്ട്. നരേന്ദ്ര മോദി സര്‍ക്കാരിലെ രണ്ട് മന്ത്രിമാര്‍- പ്രള്‍ഹാദ് ജോഷിയും അശ്വിനി വൈഷ്ണവും- ഈ ചാരനിരീക്ഷണത്തിന്റെ റഡാറില്‍ വന്നിരുന്നു എന്നതാണത്. പെഗാസിസിന്റെ പേരില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ ആക്ഷേപം ഉന്നയിക്കുന്നവരെ പോലും ആശയക്കുഴപ്പത്തില്‍ ആക്കുന്നത് ഇതാണ്. വിശദാംശങ്ങള്‍...

ആരൊക്കെയാണ് പ്രമുഖര്‍
മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, പ്രശാന്ത് കിഷോര്‍, കേന്ദ്ര മന്ത്രിമാരായ പ്രള്‍ഹാദ് ജോഷി, അശ്വിനി വൈഷ്ണവ് എന്നവര്‍, ഒരു സുപ്രീംകോടതി ജഡ്ജിയും മുന്‍ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ അശോക് വലാസ, മമതാ ബാനര്‍ജിയുടെ അനന്തരവന്‍ അഭിഷേക് ബാനര്‍ജി എന്നിവര്‍ പെഗാസസിന്റെ ചാര നിരീക്ഷണത്തിന് കീഴില്‍ ആയിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് കൂടാതെ മാധ്യമ പ്രവര്‍ത്തകരുടേയും മനുഷ്യാവകാശ പ്രവര്‍ത്തകരുടേയും ഫോണുകള്‍ നിരീക്ഷണത്തില്‍ ആയിരുന്നു എന്ന് പറയുന്നു.

ആശയക്കുഴപ്പത്തിലാക്കുന്നത്
സര്‍ക്കാരിനെതിരെ വലിയ പ്രതിഷേധം ആണ് പ്രതിപക്ഷം പാര്‍ലമെന്റിനകത്തും പുറത്തും ഈ വിഷയത്തില്‍ ഉയര്‍ത്തിക്കൊണ്ടിരിക്കുന്നത്. അതോടൊപ്പം തന്നെ പ്രതിപക്ഷം ആശയക്കുഴപ്പത്തിലും ആണ്. രണ്ട് കേന്ദ്രമന്ത്രിമാരും പെഗാസസിന്റെ നിരീക്ഷണത്തിലായിരുന്നു എന്നതാണ് ആശയക്കുഴപ്പം സൃഷ്ടിക്കുന്നത്.

സംശയിക്കാനുള്ള സാധ്യതകള്‍ ഏറെ
അതേ സമയം ഈ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനെ സംശയിക്കാന്‍ പ്രതിപക്ഷത്തിന് വഴിതുറന്നിടുന്ന ഒരുപാട് കാര്യങ്ങള്‍ വേറേയും ഉണ്ട്. രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള നേതാക്കളുടെ പേരുകളും സര്‍ക്കാരിനെതിരെ നിന്നു എന്ന് ആരോപിക്കപ്പെടുന്ന മനുഷ്യാവകാശ പ്രവര്‍ത്തകരുടെ പേരുകളും എല്ലാം പുറത്തുവന്ന റിപ്പോര്‍ട്ടുകളില്‍ ഉണ്ട് എന്നത് പ്രധാനപ്പെട്ട കാര്യമാണ്.

വില്‍ക്കുന്നത് ആര്‍ക്ക്
ഇസ്രായേല്‍ കമ്പനിയായ എന്‍എസ്ഒ ഗ്രൂപ്പ് ആണ് പെഗാസസ് വികസിപ്പിച്ചെടുത്തത്. ഇവര്‍ ഈ സോഫ്റ്റ് വെയര്‍ എല്ലാവര്‍ക്കും നല്‍കുന്ന ഒന്നല്ല. സര്‍ക്കാരുകള്‍ക്ക് മാത്രമാണ് ഇത് നല്‍കുന്നത് എന്ന് വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. അപ്പോള്‍ ഇന്ത്യയിലെ വ്യക്തികള്‍ ഇത്തരത്തില്‍ നിരീക്ഷിക്കപ്പെട്ടതിന് പിന്നില്‍ കേന്ദ്ര സര്‍ക്കാര്‍ തന്നെ ആണോ എന്ന സംശയം സ്വാഭാവികമായും ഉയര്‍ത്തപ്പെടും.

ഇനിയും വിവരങ്ങള്‍
പെഗാസസ് ഉപയോഗിച്ചുള്ള ചാരപ്പണിയുടെ കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്ത് വരും എന്നാണ് പറയപ്പെടുന്നത്. ആര്‍ക്കൊക്കെ ആണ് പെഗാസിസ് നല്‍കിയിട്ടുള്ളത് എന്ന് എന്‍എസ്ഒ ഗ്രൂപ്പ് ഇതുവരെ വെളിപ്പെടുത്താന്‍ തയ്യാറായിട്ടില്ല. ഇപ്പോഴത്തെ ചാര ആരോപണം അവര്‍ തള്ളുന്നും ഉണ്ട്. അങ്ങനെ എന്തെങ്കിലും സംഭവിച്ചിട്ടുണ്ടെങ്കില്‍ തന്നെ, അത് തങ്ങളുടെ 'കസ്റ്റമേഴ്‌സിന്റെ' ഭാഗത്ത് നിന്ന് സംഭവിച്ചതാകാം എന്നുപറഞ്ഞ് അവര്‍ കൈകഴുകുകയും ചെയ്യുന്നു.

പൂര്‍ണമായും നിഷേധിക്കുന്നു
കേന്ദ്ര സര്‍ക്കാര്‍ ഇപ്പോഴത്തെ ആരോപണങ്ങളെ പൂര്‍ണമായും നിഷേധിക്കുകയാണ്. പാര്‍ലമെന്റില്‍ ഈ വിഷയത്തില്‍ വലിയ പ്രതിഷേധമാണ് പ്രതിപക്ഷം ഉയര്‍ത്തിയിട്ടുള്ളത്. വരും ദിവസങ്ങളിലും ഈ പ്രതിഷേധം തുടരുമെന്ന് ഉറപ്പാണ്. പ്രതിപക്ഷത്തിന്റെ വായടപ്പിക്കാനുള്ള എന്ത് തന്ത്രമായിരിക്കും കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുക എന്നാണ് ഇനി അറിയേണ്ടത്.












Click it and Unblock the Notifications