ഫ്ലോപ്പ് സ്റ്റാറിൽ നിന്ന് മുഖ്യമന്ത്രി പദത്തിലേക്ക്! പരിഹാസങ്ങളെ ചവിട്ടുപടിയാക്കിയ 'ദളപതി' വിജയ്
തമിഴ്നാട് രാഷ്ട്രീയത്തിൽ ഇത് പുതുയുഗമാണ്, പതിറ്റാണ്ടുകൾ നീണ്ട ദ്രാവിഡ രാഷ്ട്രീയത്തിന്റെ ഗതിമാറ്റിക്കൊണ്ട്, സിനിമാ ലോകത്തുനിന്ന് ജനനായകനായി മാറിയ വിജയ് മുഖ്യമന്ത്രി പദത്തിലേക്ക് ചുവടുവെച്ചിരിക്കുന്നു. സിനിമയിലെ ഒരു 'ഫ്ലോപ്പ് സ്റ്റാർ' എന്ന പരിഹാസത്തിൽ നിന്നും ആരംഭിച്ച്, ഉൾവലിഞ്ഞ സ്വഭാവക്കാരനായ ഒരു വ്യക്തി എങ്ങനെ ഒരു സംസ്ഥാനത്തിന്റെ ഭരണാധികാരിയായി മാറി എന്നത് ലോകത്തെ അത്ഭുതപ്പെടുത്തുന്ന പരിണാമമാണ്. ഒരു സാധാരണ നടനിൽ നിന്നും തമിഴ് ജനതയുടെ വികാരമായി മാറിയ ദളപതിയുടെ ഈ യാത്ര കഠിനാധ്വാനത്തിന്റെയും കൃത്യമായ പ്ലാനിംഗിന്റെയും ഫലമാണ്.
ഫ്ലോപ്പ് സ്റ്റാറിൽ നിന്ന്..സൂപ്പർ സ്റ്റാറിലേക്ക്
തമിഴ് സിനിമയിലെ വിജയുടേ തുടക്കം അത്ര സുഖകരമായിരുന്നില്ല എന്നത് ചരിത്രം. 1992-ൽ പുറത്തിറങ്ങിയ തന്റെ ആദ്യ സിനിമയായ 'നാളൈ തീർപ്പ്' പരാജയപ്പെട്ടപ്പോൾ, അദ്ദേഹത്തിന്റെ രൂപത്തെയും അഭിനയത്തെയും പരിഹസിക്കാത്ത മാധ്യമങ്ങളോ വിമർശകരോ ഉണ്ടായിരുന്നില്ല. ഒരു നായകന് വേണ്ട ലക്ഷണങ്ങൾ ഒന്നുമില്ലെന്ന് പറഞ്ഞ് അന്ന് മാറ്റിനിർത്തപ്പെട്ട ആ യുവാവ്, തന്റെ പോരായ്മകളെ തന്റെ ശക്തിയാക്കി മാറ്റാനാണ് ശ്രമിച്ചത്. 'പൂവേ ഉനക്കാകെ' എന്ന ചിത്രത്തിലൂടെ കുടുംബപ്രേക്ഷകരുടെ പ്രിയങ്കരനായ അദ്ദേഹം പിന്നീട് ആക്ഷൻ സിനിമകളിലൂടെ യുവാക്കളുടെ ആവേശമായി മാറി. ഓരോ സിനിമ പരാജയപ്പെടുമ്പോഴും കൂടുതൽ കരുത്തോടെ തിരിച്ചുവന്ന വിജയ്, തമിഴ് സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ ബോക്സ് ഓഫീസ് ചക്രവർത്തിയായി സ്വയം അടയാളപ്പെടുത്തി. പരാജയപ്പെട്ട ഇടത്തുനിന്ന് തന്നെ വിജയിച്ചു കാണിക്കുക എന്ന വാശി വിജയുടേ ഈ സിനിമ ജീവിതത്തിൽ ഉടനീളം നമുക്ക് കാണാൻ സാധിക്കും.
അന്തർമുഖത്വത്തിൽ നിന്ന് ജനങ്ങളുടെ നേതാവ്
വിജയിയുടെ വ്യക്തിത്വത്തിലെ ഏറ്റവും വലിയ പ്രത്യേകത അദ്ദേഹത്തിന്റെ നിശബ്ദതയും അന്തർമുഖത്വവുമാണ്. വലിയ ആൾക്കൂട്ടങ്ങൾക്ക് മുന്നിൽ സംസാരിക്കാൻ മടിച്ചിരുന്ന, ഉൾവലിഞ്ഞ പ്രകൃതക്കാരനായ ഒരു നടൻ എങ്ങനെ രാഷ്ട്രീയത്തിലെ വെല്ലുവിളികളെ നേരിടും എന്ന് പലരും സംശയിച്ചിരുന്നു. എന്നാൽ ഈ നിശബ്ദത അദ്ദേഹത്തിന് ഒരു വലിയ മുതൽക്കൂട്ടായി മാറി. വെറുതെ സംസാരിക്കുന്നതിനേക്കാൾ പ്രവർത്തിയിൽ വിശ്വസിക്കുന്ന ഒരാളെന്ന പ്രതിച്ഛായ ഇത് അദ്ദേഹത്തിന് നൽകി. തന്റെ ആരാധക കൂട്ടായ്മയായ 'വിജയ് മക്കൾ ഇയക്കത്തെ' വെറുമൊരു ഫാൻസ് അസോസിയേഷൻ എന്ന നിലയിൽ നിന്ന് വളരെ ആസൂത്രിതമായി ഒരു രാഷ്ട്രീയ സംഘടനയായി വളർത്തിയെടുക്കുന്നതിൽ അദ്ദേഹം കാണിച്ച ക്ഷമയും ബുദ്ധിയും ഇന്ന് അദ്ദേഹത്തെ മുഖ്യമന്ത്രി കസേരയിൽ എത്തിച്ചിരിക്കുകയാണ്. മൈക്കിന് മുന്നിലെ ഗർജ്ജനങ്ങളേക്കാൾ താഴെത്തട്ടിലുള്ള പ്രവർത്തനങ്ങളാണ് വേണ്ടതെന്ന് അദ്ദേഹം തെളിയിച്ചു.

തമിഴക വെട്രി കഴകത്തിന്റെ ഉദയം
'തമിഴക വെട്രി കഴകം' (TVK) എന്ന പാർട്ടി രൂപീകരിച്ചുകൊണ്ട് രാഷ്ട്രീയത്തിലേക്ക് വന്നപ്പോൾ തന്നെ തമിഴ്നാട് ഒരു വലിയ മാറ്റത്തിന് തയ്യാറെടുത്തു കഴിഞ്ഞിരുന്നു. സിനിമയിൽ താൻ നേടിയെടുത്ത ജനപ്രീതിയെ ജനസേവനത്തിനായി ഉപയോഗിക്കുമെന്ന അദ്ദേഹത്തിന്റെ വാഗ്ദാനം തമിഴ് ജനത ഇരുകൈകളും നീട്ടിയാണ് സ്വീകരിച്ചത്. പ്രത്യേകിച്ച് യുവാക്കളും സ്ത്രീകളും അദ്ദേഹത്തിന്റെ മാറ്റത്തിന് പിന്നിൽ വലിയ ശക്തിയായി നിന്നു. തമിഴ്നാട് നേരിടുന്ന അടിസ്ഥാന പ്രശ്നങ്ങളിൽ തന്റെ നിലപാട് വ്യക്തമാക്കിയും, അഴിമതിക്കെതിരെയും വർഗീയതയ്ക്കെതിരെയും വിട്ടുവീഴ്ചയില്ലാത്ത നിലപാടുകൾ എടുത്തും അദ്ദേഹം സ്വയം ഒരു ജനനായകനായി അടയാളപ്പെടുത്തി. ഓരോ ജില്ലയിലും അദ്ദേഹം നടത്തിയ പദയാത്രകളും ജനസമ്പർക്ക പരിപാടികളും അദ്ദേഹത്തെ ജനങ്ങളിലേക്ക് കൂടുതൽ അടുപ്പിച്ചു. പഴയകാല ദ്രാവിഡ രാഷ്ട്രീയത്തിന് ബദലായി ഒരു പുതിയ രാഷ്ട്രീയ സംസ്കാരം അദ്ദേഹം മുന്നോട്ട് വെച്ചു.
മുഖ്യമന്ത്രി എന്ന നിലയിലുള്ള പുതിയ ഉത്തരവാദിത്തം
ഇന്ന് മുഖ്യമന്ത്രി എന്ന നിലയിൽ വിജയ് അധികാരമേൽക്കുമ്പോൾ അത് വെറുമൊരു രാഷ്ട്രീയ മാറ്റം മാത്രമല്ല, മറിച്ച് ഒരു വലിയ വിപ്ലവമാണ്. ഒരു കാലത്ത് തന്നെ മാറ്റിനിർത്തിയ അതേ ജനതയ്ക്ക് മുന്നിൽ ഇന്ന് ഭരണാധികാരിയായി നിൽക്കുമ്പോൾ വിജയ് നൽകുന്ന സന്ദേശം വ്യക്തമാണ്-ലക്ഷ്യബോധവും കഠിനാധ്വാനവും ഉണ്ടെങ്കിൽ ഏത് പ്രതിസന്ധിയും മറികടക്കാം. സിനിമയിലെ സൂപ്പർസ്റ്റാർ എന്ന പരിവേഷം അഴിച്ചുവെച്ച്, ജനങ്ങളുടെ സേവകനായി മാറുന്ന വിജയുടേ ഈ ഭരണം തമിഴ്നാടിന് പുതിയൊരു ദിശാബോധവും വികസനവും നൽകുമെന്നാണ് ലോകം പ്രതീക്ഷിക്കുന്നത്. വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനും മുൻഗണന നൽകുന്ന അദ്ദേഹത്തിന്റെ നയങ്ങൾ സംസ്ഥാനത്തെ വലിയ മാറ്റങ്ങളിലേക്ക് നയിക്കും. ദ്രാവിഡ രാഷ്ട്രീയത്തിലെ പുതിയ അധ്യായം ഇവിടെ തുടങ്ങുകയാണ്.












Click it and Unblock the Notifications