13 ദിവസത്തിനിടെ 11 തവണയായി കൂട്ടിയത് എട്ട് രൂപ; ഇന്ധനവില മുകളിലേക്ക് തന്നെ
ന്യൂദല്‍ഹി: ഇന്ധന വിലയില്‍ വീണ്ടും വര്‍ധന. പെട്രോള്‍, ഡീസല്‍ നിരക്ക് ഞായറാഴ്ച ലിറ്ററിന് 80 പൈസ വീതം വര്‍ധിപ്പിച്ചതോടെ 13 ദിവസത്തിനിടെ 11-ാം തവണയും ഇന്ധന വിലയില്‍ വര്‍ധനവ് രേഖപ്പെടുത്തി. മാര്‍ച്ച് 22 ന് വില പരിഷ്‌കരണം തുടങ്ങിയ ശേഷം എട്ട് രൂപയാണ് വര്‍ധിച്ചത്. ഡല്‍ഹിയില്‍ പെട്രോളിന് ലിറ്ററിന് 103 രൂപ 41 പൈസയും ഡീസല്‍ ലിറ്ററിന് 94 രൂപ 67 പൈസയുമാണ്. കേരളത്തില്‍ പെട്രോള്‍ ലീറ്ററിന് 87 പൈസയും ഡീസല്‍ ലീറ്ററിന് 85 പൈസയുമാണ് വര്‍ധിപ്പിച്ചത്.
കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 113 രൂപ 02 പൈസയും ഡീസല്‍ ലീറ്ററിന് 99 രൂപ 98 പൈസയുമായി വര്‍ധിച്ചു. തിരുവനന്തപുരം നഗരത്തില്‍ പെട്രോളിന്റെ വില 115 രൂപയും 01 പൈസയും ഡീസലിന്റെ വില 101 രൂപ 83 പൈസയുമായി. കോഴിക്കോട് പെട്രോളിന് 113 രൂപ 20 പൈസയും ഡീസലിന് 100 രൂപ 18 പൈസയുമാണ് പുതിയ നിരക്ക്. 10 ദിവസത്തിനിടയില്‍ പെട്രോള്‍ ലിറ്ററിന് 8 രൂപ 71 പൈസയും ഡീസല്‍ ലീറ്ററിന് 8 രൂപ 42 പൈസയുമാണ് കൂട്ടിയത്.

മുംബൈയില്‍ പെട്രോള്‍, ഡീസല്‍ വില 84 പൈസ ഉയര്‍ന്ന് 118 രൂപ 41 പൈസയായും ഡീസല്‍ വില 85 പൈസ ഉയര്‍ന്ന് 102 രൂപ 64 പൈസയായും മാറി. ചെന്നൈയില്‍ പെട്രോള്‍, ഡീസല്‍ വില ലിറ്ററിന് 108 രൂപ 21 പൈസയും 99 രൂപ 04 പൈസയുമാണ്. യഥാക്രമം 75 പൈസയും 76 പൈസയുമാണ് പെട്രോളിനും ഡീസലിനും വര്‍ദ്ധിച്ചത്. കൊല്‍ക്കത്തയില്‍ പെട്രോളിന് 84 പൈസ വര്‍ധിച്ച് 113 രൂപയും 03 പൈസയും ഡീസലിന് 80 പൈസ വര്‍ധിച്ച് 97 രൂപയും 82 പൈസയുമാണ്.

ബെംഗളൂരുവില്‍ ഒരു ലിറ്റര്‍ പെട്രോളിന് 108 രൂപയും 99 പൈസയും ഒരു ലിറ്റര്‍ ഡീസലിന് 92 രൂപ 83 പൈസയുമാണ് വില. രാജ്യത്തുടനീളം നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. പ്രാദേശിക നികുതിയുടെ ഘടനയനുസരിച്ച് ഓരോ സംസ്ഥാനത്തിനും വ്യത്യാസമുണ്ട്. നാലര മാസത്തെ നീണ്ട ഇടവേള അവസാനിച്ചതിന് ശേഷമാണ് മാര്‍ച്ച് 22 മുതല്‍ നിരക്ക് പരിഷ്‌കരണം ആരംഭിച്ചത്. 2021 നവംബര്‍ നാലിന് ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂര്‍, പഞ്ചാബ് ഉള്‍പ്പടെയുള്ള അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കേന്ദ്രസര്‍ക്കാര്‍ ഇന്ധനത്തിന്റെ എക്‌സൈസ് തീരുവ കുറച്ചിരുന്നു.

ഇതിന് ശേഷം എണ്ണക്കമ്പനികള്‍ ഇന്ധന വില വര്‍ധിപ്പിച്ചിരുന്നില്ല. എന്നാല്‍ അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്ന് രണ്ടാഴ്ചയ്ക്ക് ശേഷം ഇന്ധന വില വീണ്ടും വര്‍ധിപ്പിക്കുകയായിരുന്നു. വെള്ളിയാഴ്ച ജെറ്റ് ഇന്ധന വില 2 ശതമാനം വര്‍ധിപ്പിച്ചിരുന്നു. ഈ വര്‍ഷം തുടര്‍ച്ചയായ ഏഴാമത്തെ വര്‍ദ്ധനവാണിത്. ഏവിയേഷന്‍ ടര്‍ബൈന്‍ ഫ്യൂവലിന് (എ ടി എഫ്) ദല്‍ഹിയില്‍ ഒരു കിലോ ലിറ്ററിന് 2,258.54 രൂപ വര്‍ധിച്ച് 1,12,924.83 രൂപയായി.

ഇതിനിടെ പാചക വാതകത്തിനും വില വര്‍ധിപ്പിച്ചിരുന്നു. ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറിന് 50 രൂപയും വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന് 250 രൂപയുമാണ് വര്‍ധിപ്പിച്ചത്. സി എന്‍ ജിയുടെ വിലയും കഴിഞ്ഞ ദിവസം വര്‍ധിപ്പിച്ചിരുന്നു. ഇന്ധന വിലയിലെ വര്‍ധനവ് മറ്റ് മേഖലയിലും വിലക്കയറ്റത്തിന് കാരണമാകുന്നുണ്ട്.












Click it and Unblock the Notifications