തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിക്കുന്നു? വിശദീകരണവുമായി കേന്ദ്രം
രാജ്യത്ത് പെട്രോള്‍, ഡീസല്‍ വര്‍ധിപ്പിക്കാന്‍ നിലവില്‍ ഉദ്ദേശ്യമൊന്നുമില്ല എന്ന് കേന്ദ്ര സര്‍ക്കാര്‍. ഇന്ധന വിലയിലെ കുത്തനെയുള്ള വര്‍ധനവിനെക്കുറിച്ചുള്ള സോഷ്യല്‍ മീഡിയയിലെ പ്രചാരണങ്ങള്‍ സത്യമല്ല എന്നും പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ (പി ഐ ബി) വസ്തുതാ പരിശോധനാ യൂണിറ്റ് വ്യക്തമാക്കി. ഇത്തരം വ്യാജപ്രചരണങ്ങള്‍ക്കെതിരെ നടപടി സ്വീകതരിച്ചതായും സര്‍ക്കാര്‍ അറിയിച്ചു.
നാല് സംസ്ഥാനങ്ങളിലേക്കും ഒരു കേന്ദ്രഭരണ പ്രദേശത്തേക്കുമുള്ള തിരഞ്ഞെടുപ്പ് അവസാനിച്ചതോടെ രാജ്യത്ത് പെട്രോള്‍, ഡീസല്‍ വിലകളില്‍ വന്‍ വര്‍ധനവുണ്ടാകും എന്ന തരത്തില്‍ പ്രചരണം നടക്കുന്നുണ്ട്. മുന്‍കാലങ്ങളില്‍ ഇത്തരത്തില്‍ തിരഞ്ഞെടുപ്പുകള്‍ക്ക് ശേഷം ഇന്ധന വില വര്‍ധിപ്പിച്ചതാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരണം നടക്കുന്നത്.

എന്നാല്‍ ഇത്തരം അവകാശവാദങ്ങള്‍ വ്യാജമാണെന്ന് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ വ്യക്തമാക്കി. കേന്ദ്ര സര്‍ക്കാര്‍ അത്തരമൊരു ഉത്തരവ് പുറപ്പെടുവിച്ചിട്ടില്ലെന്ന് പി ഐ ബി വ്യക്തമാക്കി. വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ വ്യാപകമായി പ്രചരിച്ച വൈറല്‍ സന്ദേശത്തില്‍ ഇന്നലെ രാത്രി മുതല്‍ പെട്രോള്‍ വില ലിറ്ററിന് 10 രൂപയും ഡീസലിന് 12.50 രൂപയും വര്‍ധിപ്പിച്ചു എന്നാണ് അവകാശപ്പെടുന്നത്.
പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയത്തിന്റെ ഔദ്യോഗിക അറിയിപ്പായിട്ടാണ് ഇത് അവതരിപ്പിച്ചത്. എന്നിരുന്നാലും, ഈ രേഖ യഥാര്‍ത്ഥമല്ലെന്ന് പിഐബിയുടെ വസ്തുതാ പരിശോധനാ യൂണിറ്റ് സ്ഥിരീകരിച്ചു, കൃത്യമായ അപ്ഡേറ്റുകള്‍ക്കായി ജനങ്ങള്‍ സ്ഥിരീകരിച്ച സര്‍ക്കാര്‍ ഉറവിടങ്ങളെ മാത്രം ആശ്രയിക്കണം എന്നും പി ഐ ബി അഭ്യര്‍ത്ഥിച്ചു. പശ്ചിമേഷ്യയിലെ ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍ കാരണം ആഗോള എണ്ണ വിപണികളില്‍ ചാഞ്ചാട്ടം അനുഭവപ്പെടുന്നുണ്ട്.
ഹോര്‍മുസ് കടലിടുക്ക് ഉപരോധവും യുഎഇ ഒപെക് കൂട്ടായ്മയില്‍ നിന്ന് പുറത്ത് വന്നതും എണ്ണവിലയെ പ്രതികൂലമായി ബാധിക്കും എന്നും ഈ സാഹചര്യത്തില്‍ രാജ്യത്ത് ഇന്ധന വില വര്‍ധിപ്പിക്കും എന്നുമാണ് പ്രചരണം. എന്നാല്‍ ചില്ലറ ഇന്ധന വില വര്‍ധിപ്പിക്കുന്നതിനുള്ള ഒരു നിര്‍ദ്ദേശവും നിലവിലില്ലെന്ന് ഒരു മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു. അന്താരാഷ്ട്ര ക്രൂഡ് ഓയില്‍ നിരക്കില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടായിട്ടും ഉപഭോക്താക്കളെ അത് ബാധിക്കാനുള്ള സാഹചര്യമില്ല.
അതേസമയം പ്രധാന നഗരങ്ങളിലുടനീളമുള്ള ഇന്ധന വില മാറ്റമില്ലാതെ തുടരുന്നു. ഡല്‍ഹിയില്‍, പെട്രോളിന്റെ വില ലിറ്ററിന് 94.77 രൂപയില്‍ തുടരുന്നു, അതേസമയം ഡീസലിന് 87.67 രൂപയിലാണ്. മുംബൈയില്‍, പെട്രോള്‍ ലിറ്ററിന് 103.54 രൂപയിലും ഡീസലിന് 90.03 രൂപയിലുമാണ് വില്‍ക്കുന്നത്.












Click it and Unblock the Notifications