ഇന്ധന വില വർധന; പാർലമെന്റിൽ ഇന്നും പ്രതിപക്ഷ പ്രതിഷേധം..അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി കെ മുരളീധരൻ എംപി
ദില്ലി; വർധിച്ച് വരുന്ന ഇന്ധന വിലയയ്ക്കെതിരെ പാർലമെന്റിൽ ഇന്നും പ്രതിപക്ഷ പ്രതിഷേധം. വിഷയം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ലോക്സഭയിൽ കെ മുരളീധരൻ എംപി അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി.രാജ്യസഭയിലും കോൺഗ്രസ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി.എംപി ശക്തി സിങ് ഗോഹിലാണ് നോട്ടീസ് നൽകിയത്.

വില വർധനവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാക്കൾ ഇന്നലെ വലിയ പ്രതിഷേധം ഉയർത്തിയിരുന്നു. തുടർന്ന് രാജ്യസഭ രണ്ട് തവണ നിർത്തിവെച്ചിരുന്നു.പ്രതിപക്ഷ നേതാക്കൾ വിഷയം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട രാജ്യസഭയിലും ലോക്സഭയിലും ഇന്നലെ നോട്ടീസ് നൽകിയിരുന്നു. കോൺഗ്രസ് നേതാക്കളായ ശക്തിസിംഗ് കോഹിൽ, തൃണമൂൽ നേതാവ് ഡോലോ സെൻ, സി പി എം നേതാക്കളായ ജോൺ ബ്രിട്ടാസ്, എളമരം കരീം എന്നിവരാണ് രാജ്യസഭയിൽ നോട്ടീസ് നൽകിയത്. ലോക്സഭയിൽ കോൺഗ്രസ് അംഗങ്ങളായ മനീഷ് തിവാരി, മാണിക്കം ടഗോറും നോട്ടീസ് നൽകി.
നിയമസഭ തിരഞ്ഞെടുപ്പിന് തൊട്ട് പിന്നാലെ തന്നെ ഇന്ധന വില വർധിക്കുമെന്ന പ്രതിപക്ഷത്തിന്റെ മുന്നറിയിപ്പ് അക്ഷരം പ്രതി ശരിയായിരിക്കുകയാണെന്ന് കോൺഗ്രസ് നേതാക്കളായ മല്ലികാർജുൻ ഖാർഗെയും ആധിർ രഞ്ജൻ ചൗധരിയും ചൂണ്ടിക്കാട്ടി. ഇതോടെ ഭരണകക്ഷി നേതാക്കൾ പ്രതിപക്ഷത്തിനെതിരെ ബഹളം ഉയർത്തി. എന്നാൽ പ്രതിപക്ഷാംഗങ്ങൾ വില വർധന പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സഭയിൽ നിന്നും ഇറങ്ങി പോകുകയായിരുന്നു. രാജ്യസഭയിലും പ്രതിപക്ഷം പ്ലക്ക് കാർഡുകൾ ഉയർത്തി നടത്തളത്തിൽ ഇറങ്ങി മുദ്രാവാക്യം വിളിക്കുകയും ചെയ്തിരുന്നു.












Click it and Unblock the Notifications