12 ദിവസത്തിനിടെ 10 തവണയായി കൂട്ടിയത് 7.20 രൂപ; ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷം ഇന്ധനവില വീണ്ടും കൂട്ടി
ന്യൂദല്‍ഹി: രാജ്യത്ത് ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷം ഇന്ധന വില വീണ്ടും വര്‍ധിപ്പിച്ചു. ശനിയാഴ്ച ഡല്‍ഹിയില്‍ പെട്രോളിനും ഡീസലിനും 80 പൈസയാണ് വര്‍ധിച്ചത്. ഇതോടെ ഡല്‍ഹിയില്‍ പെട്രോളിന് 102 രൂപ 61 പൈസയും ഡീസലിന് 93 രൂപ 87 പൈസയുമായി. കൊച്ചിയില്‍ പെട്രോളിന് 88 പൈസയും ഡീസലിന് 84 പൈസയും കൂടും. ഇതോടെ കൊച്ചിയില്‍ പെട്രോള്‍ വില ലിറ്ററിന് 112.03 രൂപയും ഡീസലിന് 99.01 രൂപയുമായി. മാര്‍ച്ച് 22 ന് വില പരിഷ്‌കരണം ആരംഭിച്ച ശേഷം ഇതുവരെ 7 രൂപ 20 പൈസയാണ് വര്‍ധിപ്പിച്ചത്.
കഴിഞ്ഞ 12 ദിവസത്തിനിടെ 10 ദിവസവും ഇന്ധനവില വര്‍ധിപ്പിച്ചു. മുംബൈയില്‍ പെട്രോള്‍ വില 85 പൈസ വര്‍ധിപ്പിച്ച് പെട്രോള്‍, ഡീസല്‍ വില യഥാക്രമം 117.57 രൂപയും 101.79 രൂപയുമായി. ചെന്നൈയില്‍ പെട്രോളിന് 76 പൈസ വര്‍ധിച്ച് 108.21 രൂപയ്ക്കും ഡീസലിന് 98.28 രൂപയ്ക്കും വില്‍ക്കുന്നു. കൊല്‍ക്കത്തയില്‍ പെട്രോളിന് 84 പൈസയും ഡീസലിന് 80 പൈസയും വര്‍ധിച്ച് 112.19 രൂപയും 97.02 രൂപയുമാണ്.

ബെംഗളൂരുവില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ വില 108.14 രൂപയും ഒരു ലിറ്റര്‍ ഡീസലിന് 92.05 രൂപയുമാണ്. അതേസമയം, ഭോപ്പാലില്‍ ഒരു ലിറ്റര്‍ പെട്രോള്‍ 115.09 രൂപയ്ക്കും ഒരു ലിറ്റര്‍ ഡീസല്‍ 98.28 രൂപയ്ക്കും വില്‍ക്കുന്നു. രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണവില കുത്തനെ ഉയരുന്ന സാഹചര്യത്തിലാണ് വില തുടര്‍ച്ചയായി വര്‍ധിപ്പിക്കുന്നത്. ഇത് മറ്റ് ഇനങ്ങളുടെ വിലകളിലും ആഘാതം ഉണ്ടാക്കുകയും പണപ്പെരുപ്പ സമ്മര്‍ദത്തിലേക്ക് നയിക്കുകയും വളര്‍ച്ചയെ ബാധിക്കുകയും ചെയ്യും.
Recommended Video


കൂടാതെ, വെള്ളിയാഴ്ച ദേശീയ തലസ്ഥാനത്ത് സി എന്‍ ജി വില കിലോയ്ക്ക് 80 പൈസ വര്‍ദ്ധിപ്പിച്ചു. പൈപ്പ് പാചക വാതക നിരക്ക് ക്യുബിക് മീറ്ററിന് 5 രൂപ കുത്തനെ വര്‍ദ്ധിപ്പിച്ചു. ഡല്‍ഹിയിലെ നാഷണല്‍ ക്യാപിറ്റല്‍ ടെറിട്ടറിയിലെ (എന്‍ സി ടി) സി എന്‍ ജി വില കിലോയ്ക്ക് 60.01 രൂപയില്‍ നിന്ന് 60.81 രൂപയായി വര്‍ധിപ്പിച്ചതായി ഇന്ദ്രപ്രസ്ഥ ഗ്യാസ് ലിമിറ്റഡിന്റെ (ഐ ജി എല്‍) വെബ്സൈറ്റില്‍ പോസ്റ്റ് ചെയ്ത വിവരങ്ങള്‍ പറയുന്നു.

കഴിഞ്ഞ ഒരു മാസത്തിനിടെ ഇത് ആറാം തവണയാണ് സി എന്‍ ജി വില വര്‍ധിക്കുന്നത്. മൊത്തത്തില്‍, കിലോയ്ക്ക് ഏകദേശം 4 രൂപ വര്‍ദ്ധിച്ചു. ഗാര്‍ഹിക പിഎന്‍ജി വില 2022 ഏപ്രില്‍ 1 മുതല്‍ ഒരു സ്റ്റാന്‍ഡേര്‍ഡ് ക്യൂബിക് മീറ്ററിന് 5 രൂപ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. കൊച്ചിയില്‍ സി എന്‍ ജി വില 80 രൂപയായി. വ്യാഴാഴ്ച 71 രൂപയായിരുന്നു സി എന്‍ ജി വില. 2021 ഒക്ടോബറില്‍ 64 രൂപ 95 പൈസയായിരുന്നു സി എന്‍ ജി വില. നവംബറില്‍ 71 രൂപയായി. 2018 മാര്‍ച്ചില്‍ 46.50 രൂപയായിരുന്നു. ഇതുമായി താരതമ്യം ചെയ്യുമ്പോള്‍ നാലു മാസം കൊണ്ട് ഇരട്ടിയോളമാണ് വില കൂടിയത്.

പെട്രോള്‍, ഡീസല്‍ വിലക്കയറ്റം താങ്ങാനാവാതെ സി എന്‍ ജി. എന്‍ജിനിലേക്കു മാറിയവര്‍ക്ക് ഈ വിലക്കയറ്റം ആശങ്കയുയര്‍ത്തുന്നുണ്ട്. പുതിയ സി എന്‍ ജി. വാഹനങ്ങള്‍ വാങ്ങിയവരും വില വര്‍ധനവില്‍ ആശങ്കയിലാണ്. പ്രകൃതിവാതക വില ഒരു മില്യണ്‍ ബ്രിട്ടീഷ് തെര്‍മല്‍ യൂണിറ്റിന് 2.90 ഡോളറില്‍നിന്ന് 6.10 ഡോളറായി കുത്തനെ കൂട്ടിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനമാണ് ഇപ്പോഴത്തെ വിലക്കയറ്റത്തിന് കാരണം എന്നാണ് റിപ്പോര്‍ട്ട്.












Click it and Unblock the Notifications