ഇന്ധനവില കുത്തനെ കുറയും, നൂറില്‍ നിന്ന് താഴേക്ക്... അടുത്തമാസം പുതിയ നിരക്ക്?
ന്യൂദല്‍ഹി: രാജ്യത്ത് ഇന്ധനവില കുറയാന്‍ സാഹചര്യമൊരുങ്ങുന്നു. പൊതുമേഖലാ എണ്ണക്കമ്പനികള്‍ അവരുടെ മൂന്നാം പാദ ഫലങ്ങള്‍ പുറത്ത് വന്നതിന് ശേഷം അടുത്ത മാസം പെട്രോളിന്റെയും ഡീസലിന്റെയും വില കുറയ്ക്കുന്നത് പരിഗണിച്ചേക്കാം എന്നാണ് റിപ്പോര്‍ട്ട്. അസംസ്‌കൃത എണ്ണ ഏറ്റെടുക്കുന്നതിനുള്ള ചെലവ് കുറയുമ്പോഴും അവരുടെ അറ്റാദായം 75,000 കോടി കവിയാനാണ് സാധ്യതയുണ്ട്
പൊതുമേഖലാ ഇന്ധന ചില്ലറ വ്യാപാരികള്‍ 2022 ഏപ്രില്‍ മുതല്‍ വില കുറച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ ലിറ്ററിന് പത്ത് രൂപ വരെ ഇന്ധനവിലയില്‍ കുറവ് വന്നേക്കാം എന്നാണ് റിപ്പോര്‍ട്ട്. ഈ നീക്കം പണപ്പെരുപ്പം ശമിപ്പിക്കാന്‍ സഹായിക്കുന്നതിനൊപ്പം 2024 ലെ പൊതുതിരഞ്ഞെടുപ്പിന് മുമ്പായി കേന്ദ്ര സര്‍ക്കാരിന് ഉത്തേജനം നല്‍കാനും സാഹചര്യമൊരുക്കും.

ഇന്ധനങ്ങളുടെ വില്‍പ്പനയിലെ ഉയര്‍ന്ന വിപണന മാര്‍ജിന്‍ കാരണം, മൂന്ന് എണ്ണ വിപണന കമ്പനികളും 2023-24 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ രണ്ട് പാദങ്ങളിലും ഗണ്യമായ അറ്റാദായം രേഖപ്പെടുത്തിയിരുന്നു. ഈ പ്രവണത മൂന്നം പാദത്തിലും തുടരും. അതിനാല്‍ പെട്രോള്‍, ഡീസല്‍ നിരക്ക് ലിറ്ററിന് 5 രൂപ മുതല്‍ 10 രൂപ വരെ കുറയ്ക്കുന്നത് കമ്പനികള്‍ പരിഗണിച്ചേക്കാം എന്നാണ് വിശദാംശങ്ങളെ കുറിച്ച് അറിവുള്ള വൃത്തങ്ങള്‍ പറയുന്നത്.
മൂന്ന് എണ്ണ വിപണന കമ്പനികളിലെയും പ്രൊമോട്ടറും ഭൂരിപക്ഷ ഓഹരിയുടമയുമാണ് സര്‍ക്കാര്‍. ഇതുവരെ, 2023-24 ആദ്യ പകുതിയില്‍ മൂന്ന് സ്ഥാപനങ്ങളുടെയും സംയോജിത അറ്റാദായം 57,091.87 കോടി രൂപയായിരുന്നു. 2022-23 സാമ്പത്തിക വര്‍ഷത്തിലെ മൊത്തം അറ്റാദായം 1,137.89 ല്‍ നിന്ന് 4,917% വര്‍ധിച്ചു. ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ് (എച്ച്പിസിഎല്‍) മൂന്നാം പാദ ഫലങ്ങള്‍ ജനുവരി 27 ന് പ്രഖ്യാപിക്കും.
മറ്റ് രണ്ട് കമ്പനികളായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ (ഐഒസി), ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ബിപിസിഎല്‍) എന്നിവയും വൈകാതെ പ്രഖ്യാപനങ്ങള്‍ നടത്തുമെന്ന് പ്രതീക്ഷിക്കുന്നു. 2023 ഡിസംബറില്‍ ഇന്ത്യയുടെ റീട്ടെയില്‍ പണപ്പെരുപ്പം നാല് മാസത്തെ ഉയര്‍ന്ന നിരക്കായ 5.69% ആയി വര്‍ധിച്ചിരുന്നു. ഭക്ഷ്യവില ഉയര്‍ന്നതായിരുന്നു പ്രധാനമായും ഇതിന് കാരണം.
അന്താരാഷ്ട്ര എണ്ണവിലയിലെ ചാഞ്ചാട്ടത്തിനിടയില്‍ 2022 ഏപ്രില്‍ 6 ന് ആണ് രാജ്യത്ത് പെട്രോള്‍, ഡീസല്‍ നിരക്ക് മരവിപ്പിച്ചത്. അതിനിടെ കേന്ദ്ര സര്‍ക്കാര്‍ എക്സൈസ് തീരുവ രണ്ടുതവണ (പെട്രോളിന് 13 ഉം ഡീസലിന് 16 ഉം) കുറച്ചിരുന്നു. എങ്കിലും ഇപ്പോഴും നൂറിന് മുകളില്‍ തന്നെയാണ് രാജ്യത്തെ പെട്രോള്‍, ഡീസല്‍ വില.












Click it and Unblock the Notifications