ഇന്ധന വില മുകളിലേക്ക്; അഞ്ച് ദിവസം കൊണ്ട് പെട്രോളിന് കൂടിയത് 3.48 രൂപ, ഡീസലിന് 3.30 രൂപ
ന്യൂദല്‍ഹി: തുടര്‍ച്ചയായി അഞ്ചാം ദിവസവും ഇന്ധന വിലയില്‍ വര്‍ധനവ്. പെട്രോളിന് 83 പൈസയും ഡീസലിന് 77 പൈസയുമാണ് കഴിഞ്ഞ ദിവസം കൂട്ടിയത്. ഇതോടെ കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 107 രൂപ 65 പൈസയും ഡീസലിന് 94 രൂപ 72 പൈസയുമായി വില ഉയര്‍ന്നു. ഇക്കഴിഞ്ഞ ചൊവ്വാഴ്ച മുതലാണ് ഇന്ധന വില ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും വര്‍ധിക്കാന്‍ തുടങ്ങിയത്. ഇതോടെ അഞ്ച് ദിവസത്തിനിടെ പെട്രോളിന് കൂടിയത് 3.48 രൂപയാണ്. ഡീസലിന് 3.30 രൂപയും ഈ ദിവസങ്ങളില്‍ വര്‍ധിച്ചു.
സംസ്ഥാന ഇന്ധന ചില്ലറ വ്യാപാരികളുടെ വില വിജ്ഞാപനം അനുസരിച്ച് ഡല്‍ഹിയില്‍ പെട്രോള്‍ ലിറ്ററിന് 97.81 രൂപയില്‍ നിന്ന് 98.61 രൂപയായി വര്‍ധിച്ചു. ഡീസല്‍ ലിറ്ററിന് 89.07 രൂപയില്‍ നിന്ന് 89.87 രൂപയായും ഉയര്‍ന്നു. നാലര മാസത്തിന് ശേഷം മാര്‍ച്ച് 22 നാണ് ഇന്ധനവില വര്‍ധിപ്പിച്ചത്. ഈ ദിവസങ്ങളിലെല്ലാം ശരാശരി 80 പൈസ എന്ന നിരക്കിലാണ് ഇന്ധനവില വര്‍ധിച്ചത്. 2017 ജൂണില്‍ പ്രതിദിന വില പരിഷ്‌കരണം ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും കുത്തനെയുള്ള ഒറ്റ ദിവസത്തെ വര്‍ദ്ധനവാണ് ഇത്.

Recommended Video

2021 ലും ദിവസേന ഇന്ധനവില വര്‍ധിച്ചിരുന്നു. നവംബര്‍ നാലിന് കേന്ദ്രസര്‍ക്കാര്‍ ഇന്ധനവിലയുടെ എക്‌സൈസ് തീരുവയില്‍ ഇളവ് പ്രഖ്യാപിച്ചിരുന്നു. ഇതിന് ശേഷം 137 ദിവസം ഇന്ധന വില മാറ്റമില്ലാതെ തുടര്‍ന്നിരുന്നു. അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള (ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂര്‍, പഞ്ചാബ്) നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടായിരുന്നു ദീപാവലി സമ്മാനം എന്ന നിലയില്‍ കേന്ദ്രസര്‍ക്കാര്‍ എക്‌സൈസ് തീരുവയില്‍ ഇളവ് പ്രഖ്യാപിച്ചത്. മാര്‍ച്ച് 10 ന് നിയമസഭാ തിരഞ്ഞെടുപ്പ് അവസാനിച്ചതിന് തൊട്ട് പിന്നാലെ നിരക്ക് പരിഷ്‌കരണം പ്രതീക്ഷിച്ചിരുന്നെങ്കിലും അത് മാറ്റിവെച്ചു.
അസംസ്‌കൃത എണ്ണയുടെ വില ബാരലിന് 117 ഡോളറായി ഉയര്‍ന്നിട്ടും തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ വില വര്‍ധിപ്പിച്ചിരുന്നില്ല. അതേസമയം സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഇന്ധന റീട്ടെയിലര്‍മാരായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ്, ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ് എന്നിവയ്‌ക്കെല്ലാം ചേര്‍ന്ന് തെരഞ്ഞെടുപ്പ് കാലത്ത് വില വര്‍ധിപ്പിക്കാത്തതിനെ തുടര്‍ന്ന് ഏകദേശം 2.25 ബില്യണ്‍ ഡോളര്‍ (19,000 കോടി രൂപ) വരുമാനം നഷ്ടപ്പെട്ടതായി മൂഡീസ് ഇന്‍വെസ്റ്റേഴ്‌സ് സര്‍വീസസ് അറിയിച്ചു.












Click it and Unblock the Notifications