ഇന്ധന വിലയില്‍ അറുതിയില്ല: പെട്രോള്‍, ഡീസല വില ഇന്നും വർധിപ്പിക്കും
ന്യൂഡൽഹി: പെട്രോൾ, ഡീസൽ വില വ്യാഴാഴ്ച വീണ്ടും വർധിപ്പിക്കും. പെട്രോൾ ലിറ്ററിന് 87 പൈസയും ഡീസലിന് 84 പൈസയുമാണ് വർധിക്കുക. ഇതോടെ ഡൽഹിയിൽ ഒരു ലിറ്റർ പെട്രോളിന്റെ വില 101.81 രൂപയായി ഉയരും. കഴിഞ്ഞ ഏതാനും ദിവസങ്ങളായി എണ്ണക്കമ്പനികൾ പെട്രോൾ, ഡീസൽ വില വർധിപ്പിച്ചുകൊണ്ടിരിക്കുകയാണ്. നീണ്ട ഇടവേളക്ക് ശേഷം മാർച്ച് 22 മുതലാണ്, ഇന്ധന ചില്ലറ വ്യാപാരികൾ ദിവസേനയുള്ള ഇന്ധന വില പുതുക്കൽ പുനരാരംഭിച്ചത്. അന്ന് മുതല്‍ ഇന്നേവരെ പെട്രോൾ വില ലിറ്ററിന് 6.40 രൂപയാണ് വർദ്ധിച്ചത്. ഡീസൽ വിലയും ഏതാണ്ട് സമാനമായ വർദ്ധനവിന് സാക്ഷ്യം വഹിച്ചിട്ടുണ്ട്.

2022 മാർച്ച് 10 ന് സംസ്ഥാന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് ശേഷം നിരക്ക് വർദ്ധിപ്പിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും, എണ്ണ മാർക്കറ്റിംഗ് കമ്പനികൾ 137 ദിവസത്തെ ഇടവേളയ്ക്ക് ശേഷം 2022 മാർച്ച് 22 നാണ് ഇന്ധന വിലയുടെ പ്രതിദിന പരിഷ്കരണം പുനരാരംഭിച്ചത്. പെട്രോൾ, ഡീസൽ വില പരിഷ്‌കരണങ്ങൾ നിർത്തിയതും ആഗോള വിപണിയിൽ എണ്ണവില ഉയരുന്നതും രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങൾക്കും സ്വകാര്യ എണ്ണ ചില്ലറ വ്യാപാരികൾക്കും വൻ നഷ്ടമുണ്ടാക്കിയെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്.
ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില കുത്തനെ ഉയർന്നിട്ടും പെട്രോൾ, ഡീസൽ വിലയിൽ മാറ്റം വരുത്താത്തതിനാൽ കഴിഞ്ഞ വർഷം നവംബറിനും 2022 മാർച്ചിനുമിടയിൽ ഇന്ധന ചില്ലറ വ്യാപാരികളായ ഐഒസി, ബിപിസിഎൽ, എച്ച്പിസിഎൽ എന്നിവയ്ക്ക് ഏകദേശം 19,000 കോടി രൂപയുടെ വരുമാനം നഷ്ടപ്പെട്ടതായി മൂഡീസ് അടുത്തിടെ ഒരു റിപ്പോർട്ടിൽ സൂചിപ്പിച്ചിരുന്നു.


Click it and Unblock the Notifications