പെട്രോള്‍ വില 110 ലേക്ക്, സെഞ്ച്വറിയിലേക്ക് ഡീസലും; ഇതുവരെ കൂടിയത് അഞ്ച് രൂപയിലേറെ
ന്യൂദല്‍ഹി: ഇന്ധന വിലയില്‍ വീണ്ടും വര്‍ധനവ്. ചൊവ്വാഴ്ച പെട്രോളിന് 88 പൈസയും ഡീസലിന് 74 പൈസയും ആണ് വര്‍ധിപ്പിച്ചത്. ഇതോടെ സംസ്ഥാന ഇന്ധന ചില്ലറ വ്യാപാരികളുടെ വില വിജ്ഞാപനം അനുസരിച്ച് രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ പെട്രോള്‍ വില ലിറ്ററിന് 99.41 രൂപയില്‍ നിന്ന് 100.21 രൂപയാകും. ഡീസല്‍ നിരക്ക് ലിറ്ററിന് 90.77 രൂപയില്‍ നിന്ന് 91.47 രൂപയായി ഉയര്‍ന്നു. കൊച്ചിയില്‍ പെട്രോള്‍ വില 109.41 രൂപയും ഡീസലിന് 96.48 രൂപയുമായി.
മാര്‍ച്ച് 22 മുതലുള്ള എട്ടില്‍ ഏഴു ദിവസവും വില കൂട്ടിയിരുന്നു. ഒരാഴ്ച കൊണ്ട് അഞ്ച് രൂപയിലധികമാണ് പെട്രോളിനും ഡീസലിനും കൂട്ടിയത്. മുംബൈയില്‍ പെട്രോളിനും ഡീസലിനും യഥാക്രമം 85 പൈസയും 75 പൈസയുമാണ് വര്‍ധിച്ചത്. ഇവിടെ പെട്രോളിന് 115.04 രൂപയും ഡീസലിന് 99.25 രൂപയും നല്‍കേണ്ടിവരും. ചെന്നൈയില്‍ പെട്രോളിന്റെയും ഡീസലിന്റെയും പുതുക്കിയ നിരക്ക് 105.94, 96.00 എന്നിങ്ങനെയാണ്.

കൊല്‍ക്കത്തയില്‍ പെട്രോളിന്റെ വില 109.68 രൂപയും ഡീസല്‍ വില 94.62 രൂപയുമാണ്. ബെംഗളൂരുവില്‍ പെട്രോള്‍ ലിറ്ററിന് 105.62 രൂപയും ഡീസലിന് 89.70 രൂപയുമാണ്. ഹൈദരാബാദില്‍ ഒരു ലിറ്റര്‍ പെട്രോളിന് 113.61 രൂപയും ഡീസലിന് 99.84 രൂപയുമാണ്. രാജ്യത്തുടനീളം നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. പ്രാദേശിക നികുതിയുടെ ഘടനയനുസരിച്ച് ഓരോ സംസ്ഥാനത്തിനും വില വ്യത്യാസമുണ്ട്. മാര്‍ച്ച് 22 മുതല്‍ പുനരാരംഭിച്ച വില പരിഷ്‌കരണത്തില്‍ ആദ്യത്തെ നാല് ദിവസവും ശരാശരി 80 പൈസയോളമാണ് വില വര്‍ധിപ്പിച്ചിരുന്നത്.

അതേസമയം വില വര്‍ധന ഇനിയും തുടരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. എണ്ണക്കമ്പനികള്‍ ഡീസല്‍ വില ലിറ്ററിന് 13.1-24.9 രൂപയും പെട്രോള്‍ ലിറ്ററിന് 10.6-22.3 രൂപയും വര്‍ദ്ധിപ്പിക്കേണ്ടതുണ്ട്. അടിസ്ഥാന ക്രൂഡ് വില ബാരലിന് 100-120 ഡോളറാണ്, എന്നാണ് കൊട്ടക് ഇന്‍സ്റ്റിറ്റിയൂഷണല്‍ ഇക്വിറ്റീസ് പറയുന്നത്. ഒരു ബാരല്‍ ക്രൂഡ് ഓയിലിന് ശരാശരി 100 യു എസ് ഡോളറും ശരാശരി ക്രൂഡ് ഓയില്‍ വില 110 ഡോളറുമായി ഉയരുകയാണെങ്കില്‍ ലിറ്ററിന് 15-20 രൂപയും റീട്ടെയില്‍ വിലയില്‍ ലിറ്ററിന് 9 മുതല്‍ 12 രൂപ വരെ വര്‍ധനവ് ആവശ്യമായി വരുമെന്ന് ക്രിസില്‍ റിസര്‍ച്ച് സൂചിപ്പിക്കുന്നു.
Recommended Video


എണ്ണ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി ഇന്ത്യ 85 ശതമാനം ഇറക്കുമതിയെ ആശ്രയിച്ചിരിക്കുന്നു. അതിനാല്‍ ആഗോള ചലനത്തിനനുസരിച്ച് ചില്ലറ വില്‍പ്പന നിരക്കുകള്‍ ക്രമീകരിക്കുന്നു. ഇതിനിടെ റഷ്യ - യുക്രൈന്‍ യുദ്ധവും എണ്ണ വിപണിയെ സാരമായി ബാധിച്ചു. കഴിഞ്ഞ വര്‍ഷവും ഇന്ധനവില ദിനേനയെന്നോണം വര്‍ധിച്ചിരുന്നു. എന്നാല്‍ ഗോവ, ഉത്തര്‍പ്രദേശ്, പഞ്ചാബ്, മണിപ്പൂര്‍, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് 2021 നവംബര്‍ 4 മുതല്‍ വില മരവിപ്പിച്ചിരുന്നു.

മാത്രമല്ല കേന്ദ്രസര്‍ക്കാര്‍ എക്‌സൈസ് തീരുവയും കുറച്ചു. അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള വോട്ടെടുപ്പ് ഫലം വന്ന് രണ്ടാഴ്ചയ്ക്ക് ശേഷമാണ് ഇന്ധനവില വീണ്ടും ഉയരാന്‍ തുടങ്ങിയത്. ഇതിനിടെ അസംസ്‌കൃത എണ്ണ വില ബാരലിന് ഏകദേശം 30 ഡോളര്‍ വര്‍ദ്ധിച്ചു. തെരഞ്ഞെടുപ്പ് കാലത്ത് പെട്രോള്‍, ഡീസല്‍ വില പിടിച്ചു നിര്‍ത്തുന്നതിന് സംസ്ഥാന റീട്ടെയിലര്‍മാര്‍ക്ക് 2.25 ബില്യണ്‍ ഡോളര്‍ ( ഏകദേശം 19,000 കോടി രൂപ) വരുമാനം നഷ്ടപ്പെട്ടതായി മൂഡീസ് ഇന്‍വെസ്റ്റേഴ്സ് സര്‍വീസസ് കഴിഞ്ഞ ആഴ്ച അറിയിച്ചിരുന്നു.












Click it and Unblock the Notifications