ഹെയര്‍കട്ട് പോര, ബാര്‍ബര്‍ക്കെതിരെ 19കാരി കോടതിയില്‍!
ഭോപ്പാല്‍: ഹോളിവുഡിലെ ഈവ മെന്‍ഡസ് സ്‌റ്റൈലില്‍ മുടി വെട്ടിക്കിട്ടാനാണ് 19കാരി മേഹക് അഗര്‍വാള്‍ സലൂണിെലത്തിയത്. അതും സെലിബ്രിറ്റി ഹെയര്‍കട്ടുകള്‍ക്ക് പേരുകേട്ട സലൂണില്‍. മുടിയുടെ നീളം ശ്രദ്ധിക്കണമെന്നും നോക്കിയും കണ്ടും വെട്ടണമെന്നും മേഹക് പല തവണ പറഞ്ഞിരുന്നു. അപ്പോഴൊക്കെ, ഒന്നും പേടിക്കേണ്ട, ദാ ഇപ്പോ ശരിയാക്കിത്തരാം എന്നായിരുന്നു ഹെയര്‍ ഡ്രസറുടെ മറുപടി.
എന്നാല്‍ വെട്ടിക്കഴിഞ്ഞപ്പോഴല്ലേ അബദ്ധം മനസിലായത്. ഈവ മെന്‍ഡസ് സ്‌റ്റൈല്‍ പോകട്ടെ, പുറത്ത് നടക്കാന്‍ പോലും കൊള്ളാത്ത വെട്ടാണ് വെട്ടിയിരിക്കുന്നത്. മുടിയുടെ നീളമാണെങ്കില്‍ തീരെ കുറച്ചു. ദേഷ്യം വന്ന മേഹക് അഗര്‍വാള്‍ എന്ത് ചെയ്‌തെന്നോ, സലൂണിനെതിരെ പരാതിയുമായി നേരെ ഉപഭോക്തൃ കോടതിയിലെത്തി. മധ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവം.
ഭോപ്പാലില്‍ സലൂണ്‍ ഉടമ കോടതിയിലെത്തുന്നത് ഇത് ഒറ്റപ്പെട്ട സംഭവമല്ല. 22 കാരി ഫൊറാം മേഹ്തയാണ് സലൂണിനെതിരെ കേസുമായി കോടതിയിലെത്തിയ മറ്റൊരു ഉപഭോക്താവ്. സലൂണില്‍ കേറിയപ്പോള്‍ ഡിസ്‌കൗണ്ട് തന്നില്ല എന്നാണ് ഫൊറാമിന്റെ പരാതി. സലൂണിലെ കാര്‍ഡ് കാണിച്ചപ്പോള്‍ പേര എഴുതിയിരിക്കുന്നത് ഫോറം എന്നാണ്. തെറ്റായ കാര്‍ഡും കൊണ്ട് ഡിസ്‌കൗണ്ട് തരാന്‍ പറ്റില്ലെന്ന് സലൂണ്‍ ഉടമ.
എന്നാല്‍ തന്റെ പേര് ശരിയാക്കൂ എന്നായി ഫൊറാം മേഹ്ത. പറ്റില്ലെന്ന് സലൂണ്‍ ഉടമസ്ഥര്‍. സലൂണിനെതിരെ ഉപഭോക്തൃ കോടതിയില്‍ പരാതി നല്‍കിയിരിക്കുകയാണ് ഫൊറാം മേഹ്ത. കേസ് ഇപ്പോള്‍ ജില്ലാ ഉപഭോക്തൃ കോടതിയിലാണ്. ചെറിയ ചെറിയ കാര്യങ്ങള്‍ക്ക് പോലും ആളുകള്‍ പ്രതികരിക്കുകയും നിയമസഹായം തേടുകയും ചെയ്യുന്നത് മധ്യപ്രദേശില്‍ വര്‍ദ്ധിച്ചുവരുന്നതായാണ് റിപ്പോര്‍ട്ടുകള്‍.