ജി20: ബൈഡന്‍ നേരത്തെയെത്തും, പുടിനും ഷീ ജിന്‍പിംഗും ഇന്ത്യയിലേക്കില്ല
വാഷിംഗ്ടണ്‍: ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ യു എസ് പ്രസിഡന്റ് ജോ ബൈഡന്‍ സെപ്റ്റംബര്‍ 7 ന് ഇന്ത്യയിലേക്ക് പോകുമെന്ന് വൈറ്റ് ഹൗസ്. സെപ്തംബര്‍ 9, 10 തീയതികളില്‍ ന്യൂദല്‍ഹിയില്‍ വെച്ചാണ് ജി 20 ഉച്ചകോടി നടക്കുന്നത്. സെപ്തംബര്‍ ഏഴിന് ഇന്ത്യയിലെത്തുന്ന ബൈഡന്‍, ഉച്ചകോടിക്ക് മുന്‍പ് എട്ടാം തിയതി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും.
ശുദ്ധമായ ഊര്‍ജ്ജ പരിവര്‍ത്തനവും കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കലും ഉള്‍പ്പെടെയുള്ള ആഗോള പ്രശ്നങ്ങള്‍ ജി20 ഉച്ചകോടിയില്‍ ചര്‍ച്ച ചെയ്യും. റഷ്യ-ഉക്രെയ്ന്‍ യുദ്ധത്തിന്റെ സാമ്പത്തികവും സാമൂഹികവുമായ ആഘാതങ്ങള്‍ ലഘൂകരിക്കുകയും ആഗോള വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതുള്‍പ്പെടെയുള്ള ദാരിദ്ര്യത്തിനെതിരെയുള്ള പോരാട്ടങ്ങളില്‍ ജി20 ഉച്ചകോടി ശ്രദ്ധ കേന്ദ്രീകരിക്കും.

അതേസമയം ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ് ജി 20 ഉച്ചകോടി ഒഴിവാക്കിയേക്കും എന്നാണ് റിപ്പോര്‍ട്ട്. പ്രധാനമന്ത്രി ലീ ക്വിയാങ് ആയിരിക്കും ചൈനയെ പ്രതിനിധീകരിച്ച് ജി20 ഉച്ചകോടിയില്‍ പങ്കെടുക്കുക എന്നതും ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. അരുണാചല്‍ അതിര്‍ത്തിയിലെ തര്‍ക്കങ്ങള്‍ക്കിടെ ചൈനീസ് പ്രസിഡന്റ് ഇന്ത്യയിലെത്തുമോ എന്നത് നേരത്തെ തന്നെ സംശയമുണ്ടായിരുന്നു.
അടുത്തയാഴ്ച ജക്കാര്‍ത്തയില്‍ നടക്കുന്ന ആസിയാന്‍ (തെക്ക്-കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളുടെ അസോസിയേഷന്‍), കിഴക്കന്‍ ഏഷ്യ ഉച്ചകോടി എന്നിവയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ് ഒഴിവാക്കിയിട്ടുണ്ട്. ചൈനയുടെ കൊവിഡ് നിയന്ത്രണങ്ങള്‍ കാരണം 2021-ല്‍ ഷീ ജിന്‍പിംഗ് ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഇറ്റലിയിലേക്കും പോയിരുന്നില്ല. റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനും ഇന്ത്യയിലേക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്.
ഉക്രെയ്നിലെ പ്രത്യേക സൈനിക നടപടിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതിനാല്‍ ഉച്ചകോടിയില്‍ നേരിട്ട് പങ്കെടുക്കുന്നില്ലെന്ന് വ്ളാഡിമിര്‍ പുടിന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അറിയിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം നവംബറില്‍ നടന്ന ജി 20യുടെ ബാലി ഉച്ചകോടിയും റഷ്യന്‍ പ്രസിഡന്റ് ഒഴിവാക്കിയിരുന്നു. 2008 മുതല്‍ ജി20 യുടെ 16 ഭൗതിക ഉച്ചകോടികളും ഒരു വെര്‍ച്വല്‍ ഉച്ചകോടിയും (സൗദി അറേബ്യ, 2020) ഉണ്ടായിരുന്നു. 2009 ലും 2010 ലും രണ്ട് ഉച്ചകോടികള്‍ വീതമുണ്ടായി.
2008-ലെയും 2009-ലെയും ആദ്യ മൂന്ന് ഉച്ചകോടികള്‍ ഒഴികെ ബാക്കി ഒന്നിലും എല്ലാ രാജ്യങ്ങളുടേയും രാഷ്ട്രത്തലവന്‍മാര്‍ പങ്കെടുത്ത സന്ദര്‍ഭം ഉണ്ടായിട്ടില്ല. ആഗോള ഉച്ചകോടികളിലെ ഹാജര്‍ നില ഓരോ വര്‍ഷവും വ്യത്യാസപ്പെടുന്നു എന്നാണ് ഇതിനോട് അനുബന്ധിച്ച വൃത്തങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നത്.
അര്‍ജന്റീന, ഓസ്ട്രേലിയ, ബ്രസീല്‍, കാനഡ, ചൈന, ഫ്രാന്‍സ്, ജര്‍മ്മനി, ഇന്ത്യ, ഇന്തോനേഷ്യ, ഇറ്റലി, ജപ്പാന്‍, റിപ്പബ്ലിക് ഓഫ് കൊറിയ, മെക്സിക്കോ, റഷ്യ, സൗദി അറേബ്യ, ദക്ഷിണാഫ്രിക്ക, തുര്‍ക്കി, യുകെ, യു.എസ്., യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നതാണ് ജി20 രാജ്യങ്ങള്‍.












Click it and Unblock the Notifications