ജി20 ഉച്ചകോടി; അത്താഴത്തിന് പിണറായി വിജയന്‍ പങ്കെടുക്കില്ല, മറ്റു 5 മുഖ്യമന്ത്രിമാരും എത്തില്ല
ന്യൂഡല്‍ഹി: ജി20 ഉച്ചകോടിയുടെ ഭാഗമായി ഇന്ന് വൈകീട്ട് രാഷ്ട്രപതി ഒരുക്കുന്ന അത്താഴ വിരുന്നില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കില്ലെന്ന് വിവരം. പ്രതിപക്ഷം ഭരിക്കുന്ന മറ്റ് അഞ്ച് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും എത്തില്ല. അതേസമയം, കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ അത്താഴത്തിന് ക്ഷണിക്കാത്തത് വിവാദമായിട്ടുണ്ട്.
ക്ഷണമുണ്ടെങ്കിലും മുന്‍ പ്രധാനമന്ത്രിമാരായ മന്‍മോഹന്‍ സിങും എച്ച്ഡി ദേവഗൗഡയും അത്താഴത്തിന് വരില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രതിപക്ഷം ഭരിക്കുന്ന 12 സംസ്ഥാനങ്ങളാണുള്ളത്. ഇതില്‍ ആറ് മുഖ്യമന്ത്രിമാര്‍ എത്താത്തിന് കാരണം അവ്യക്തമാണ്. മൂന്ന് കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ അത്താഴത്തിന് വരില്ല. അതേസമയം, ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി പങ്കെടുക്കും. കോണ്‍ഗ്രസ് ഇക്കാര്യത്തില്‍ പ്രത്യേക നിയന്ത്രണം ഏര്‍പ്പെടുത്തിയില്ലെന്നാണ് റിപ്പോര്‍ട്ട്.

മന്‍മോഹന്‍ സിങും ദേവഗൗഡയും അനാരോഗ്യം കാരണമാണ് അത്താഴത്തില്‍ പങ്കെടുക്കാതിരിക്കുന്നത്. കോണ്‍ഗ്രസ് ഭരിക്കുന്ന നാല് സംസ്ഥാനങ്ങളാണുള്ളത്. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്, കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗല്‍ എന്നിവര്‍ പങ്കെടുക്കില്ല. അതേസമയം, ഹിമാചല്‍ മുഖ്യമന്ത്രി എത്തും.
ഗെഹ്ലോട്ട് ചികില്‍സയുടെ ഭാഗമായി രാജസ്ഥാനില്‍ തുടരുന്നതിനാലാണ് ഡല്‍ഹിയിലേക്ക് വരാത്തത്. ബാഗേലും സിദ്ധരാമയ്യയും യാത്രയ്ക്ക് ആരോഗ്യപരമായ ചില തടസങ്ങള്‍ നേരിടുന്നുണ്ടെന്ന് കോണ്‍ഗ്രസ് വൃത്തങ്ങളെ ഉദ്ധരിച്ച് ഹിന്ദു റിപ്പോര്‍ട്ട് ചെയ്തു. തെലങ്കാന മുഖ്യമന്ത്രിയും ബിആര്‍എസ് അധ്യക്ഷനുമായ കെ ചന്ദ്രശേഖര റാവു, ആന്ധ്ര മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി എന്നിവരും എത്തില്ല എന്നാണ് വിവരം.
തെലങ്കാന മുഖ്യമന്ത്രി പങ്കെടുക്കാന്‍ സാധ്യതയില്ല എന്നാണ് ബിആര്‍എസ് വൃത്തങ്ങള്‍ പറയുന്നത്. ആന്ധ്ര മുഖ്യമന്ത്രി ജഗന്‍ ഇപ്പോള്‍ ലണ്ടനിലാണ്. ഈ മാസം 12നാകും അദ്ദേഹം മടങ്ങിയെത്തുക. ഒഡീഷ മുഖ്യമന്ത്രി എത്തുമോ എന്ന കാര്യത്തില്‍ ഇതുവരെ സ്ഥിരീകരണമില്ല. കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, പഞ്ചാബ് മുഖ്യമന്ത്രി ഭഗവദ് മന്‍, ഹിമാചല്‍ മുഖ്യമന്ത്രി സുഖ്‌വീന്ദര്‍ സിങ് സുഖു എന്നിവര്‍ ഡല്‍ഹിയിലെത്തും. വിവിധ പാര്‍ട്ടി നേതാക്കള്‍ക്ക് അത്താഴത്തിന് ക്ഷണമില്ല. രാജ്യസഭയിലെ പ്രതിപക്ഷ നേതാവായിട്ടും ഖാര്‍ഗെയെ ക്ഷണിക്കാത്തത് ശരിയായില്ലെന്ന് കോണ്‍ഗ്രസ് വിമര്‍ശിച്ചു.
ഡല്‍ഹിയില്‍ വന്‍ ഒരുക്കങ്ങളാണ് ജി20 ഉച്ചകോടിക്ക് വേണ്ടി നടത്തിയിരിക്കുന്നത്. ലോകത്തെ പ്രമുഖ നേതാക്കളെല്ലാം പങ്കെടുക്കുന്ന പരിപാടിയാണിത്. സമ്മേളന വേദിയായ ഡല്‍ഹിയിലെ ഭാരത് മണ്ഡപത്തിലാണ് രാഷ്ട്രപതി ഇന്ന് വൈകീട്ട് അത്താഴ വിരുന്ന് സംഘടിപ്പിക്കുന്നത്. നിരവധി വ്യവായ പ്രമുഖര്‍ പങ്കെടുക്കുമെന്നാണ് റോയിട്ടേഴ്സ് റിപ്പോര്‍ട്ട്.












Click it and Unblock the Notifications