ജി20 ഉച്ചകോടി: ചൈനീസ് പ്രസിഡന്റ് വരാത്തത് ഇന്ത്യയിലായതിനാലോ..? ഇന്ത്യയുടെ പ്രതികരണം ഇങ്ങനെ
ന്യൂദല്‍ഹി: ഇന്ത്യയില്‍ നടക്കുന്ന ജി 20 ഉച്ചകോടിയില്‍ ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിംഗ് പങ്കെടുക്കാതിരിക്കുന്നതില്‍ അസ്വാഭാവികതയൊന്നുമില്ലെന്ന് ഇന്ത്യ. പ്രസിഡന്റിന് പകരം ജി 20 ഉച്ചകോടിയില്‍ പ്രധാനമന്ത്രി ലെ ക്വിയാങ് പങ്കെടുക്കുമെന്ന് ചൈന അറിയിച്ചിരുന്നു. ഇതോടെ ഇന്ത്യ ആതിഥേയത്വം വഹിക്കുന്നതിനാലാണ് പല ലോകരാജ്യ നേതാക്കളും ജി 20യില്‍ പങ്കെടുക്കാത്തത് എന്ന ആക്ഷേപമുയര്‍ന്നിരുന്നു.
ഈ പശ്ചാത്തലത്തിലാണ് ഇന്ത്യയുടെ പ്രതികരണം. ചില ആഗോള നേതാക്കള്‍ ഡല്‍ഹിയില്‍ എത്താതിരിക്കാനുള്ള കാരണം അവരുടെ മറ്റ് തിരക്കുകള്‍ കാരണമാണ് എന്ന് ഇന്ത്യന്‍ വൃത്തങ്ങള്‍ പ്രതികരിച്ചു. ലോക നേതാക്കളുടെ തിരക്കേറിയ ഷെഡ്യൂളുകള്‍ കണക്കിലെടുക്കുമ്പോള്‍ എല്ലാ നേതാക്കള്‍ക്കും എല്ലാ ഉച്ചകോടിയിലും പങ്കെടുക്കുന്നത് എപ്പോഴും സാധ്യമല്ല എന്നും വ്യക്തിപരമായ കാരണങ്ങളാല്‍ പലരും ഉച്ചകോടികള്‍ ഒഴിവാക്കിയേക്കാമെന്നും വൃത്തങ്ങള്‍ പറഞ്ഞു.

എന്നാല്‍ അതും ആതിഥേയ രാജ്യവും തമ്മില്‍ ബന്ധമില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി. 2008 മുതല്‍ നടന്ന ജി 20യുടെ 16 ഉച്ചകോടികള്‍ ആണ് നടന്നത്. 2010 ന് ശേഷം നടന്ന ഒരു ഉച്ചകോടിയിലും എല്ലാ രാഷ്ട്രങ്ങളുടേയും തലവന്‍മാര്‍ പങ്കെടുത്ത ചരിത്രമുണ്ടായിട്ടില്ല. 2010, 2011, 2012, 2013, 2016, 2017 വര്‍ഷങ്ങളില്‍ നടന്ന ഉച്ചകോടികളില്‍ അഞ്ച്-ആറ് രാജ്യങ്ങളിലെ തലവന്‍മാരോ ഭരണത്തലവന്‍മാരോ പങ്കെടുത്തിട്ടുണ്ട്.
കൊവിഡ് രൂക്ഷമായ 2021 ല്‍ ആറ് രാജ്യങ്ങളെ പ്രതിനിധീകരിച്ചെത്തിയത് ഭരണ-രാഷ്ട്രത്തലവന്‍മാരേക്കാള്‍ കുറഞ്ഞ സ്ഥാനങ്ങളിലിരിക്കുന്നവരായിരുന്നു. കാനഡ, ജര്‍മ്മനി, ഇന്ത്യ, ഇറ്റലി, ദക്ഷിണ കൊറിയ, തുര്‍ക്കി, യുകെ, അമേരിക്ക, യൂറോപ്യന്‍ യൂണിയന്‍ എന്നീ രാജ്യങ്ങള്‍ മാത്രമാണ് എല്ലായ്പ്പോഴും ഒരു രാഷ്ട്രത്തലവനെ ജി 20 ഉച്ചകോടിയിലേക്ക് അയച്ചിട്ടുള്ളത്.
ചൈന, ഫ്രാന്‍സ്, ഇന്തോനേഷ്യ, ജപ്പാന്‍, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങള്‍ ഓരോ തവണയും അര്‍ജന്റീന, ഓസ്ട്രേലിയ, ബ്രസീല്‍, റഷ്യ എന്നീ രാജ്യങ്ങള്‍ രണ്ട് തവണ വീതവും രാഷ്ട്രത്തലവന്‍മാരെ അയയ്ക്കാതിരുന്നിട്ടുണ്ട്. അതേസമയം ദല്‍ഹിയില്‍ നടക്കുന്ന ജി 20 ഉച്ചകോടിയില്‍ ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിംഗ് പങ്കെടുത്തില്ലെങ്കില്‍ താന്‍ നിരാശനാകുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു.
ചൈനീസ് പ്രസിഡന്റിനെ കൂടാതെ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനും ജി20 ഉച്ചകോടിയില്‍ പങ്കെടുക്കുന്നില്ല. പകരം വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവ് ആണ് പങ്കെടുക്കുന്നത്. മെക്സിക്കോയുടെ പ്രസിഡന്റ് 2018 മുതല്‍ ജി20 ഉച്ചകോടിയില്‍ പങ്കെടുത്തിട്ടില്ല.












Click it and Unblock the Notifications