ജി20 ഉച്ചകോടിക്ക് ഡല്‍ഹിയില്‍ തുടക്കം, ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡല്‍ഹി: 18ാമത് ജി20 ഉച്ചകോടിക്ക് ഡല്‍ഹിയില്‍ തുടക്കമായി. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉച്ചകോടി ഉദ്ഘാടനം ചെയ്തു. പ്രധാനമന്ത്രി തൊട്ടുമുന്നിലായുള്ള നെയിം പ്ലേറ്റില്‍ ഇന്ത്യക്ക് പകരം ഭാരതം എന്ന് എഴുതിയതും ഇതിനിടെ ശ്രദ്ധിക്കപ്പെട്ടു. ഇന്ത്യയുടെ പേര് മാറ്റുന്ന വിവാദങ്ങള്‍ക്കിടെയാണ് ഇത്തരമൊരു നെയിം പ്ലേറ്റില്‍ പ്രത്യക്ഷപ്പെട്ടത്.
അതേസമയം ആഫ്രിക്കന്‍ യൂണിയനെ ജി20യില്‍ സ്ഥിരാംഗമായി ഉള്‍പ്പെടുത്തുകയും ചെയ്തു. മോദി അവരെ ഉച്ചകോടിയിലേക്ക് സ്വാഗതം ചെയ്തു. 55 അംഗ രാജ്യങ്ങളുടെ കോണ്ടിനെന്റല്‍ സമിതിയാണ് ആഫ്രിക്കന്‍ യൂണിയന്‍. മൊറോക്കോയില്‍ ഭൂകമ്പത്തെ തുടര്‍ന്നുണ്ടായ മരണത്തില്‍ പ്രധാനമന്ത്രി അനുശോചനവും രേഖപ്പെടുത്തി.പരിക്കേറ്റവര്‍ വേഗം സുഖം നേടി വരട്ടെ, ഇന്ത്യ മൊറോക്കോയ്ക്ക് എല്ലാ സഹായവും നല്‍കാന്‍ സന്നദ്ധത അറിയിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

ജി20 ഉച്ചകോടിയുടെ നടപടിക്രമങ്ങള്‍ ആരംഭിക്കുന്നതിന് മുമ്പായിരുന്നു മോദി അനുശോചനം രേഖപ്പെടുത്തുകയും, സഹായം വാഗ്ദാനം നല്‍കുകയും ചെയ്തത്. അതേസമയം കൊവിഡിന് ശേഷം ലോകം പരസ്പരമുള്ള വിശ്വാസമുള്ള വലിയ കുറവ് വന്നിട്ടുണ്ട്. യുക്രൈനിലെ യുദ്ധം ആ വിശ്വാസമില്ലായ്മ വര്‍ധിപ്പിച്ചു. ആഗോള നന്മയ്ക്കായി നമ്മള്‍ ഒന്നിച്ച് കൈകോര്‍ത്ത് പോകേണ്ടതുണ്ടെന്നും മോദി പറഞ്ഞു.
പഴയ പ്രശ്‌നങ്ങളുടെ ഉത്തരം തേടി കൊണ്ടിരിക്കുന്ന കാലത്താണ് നമ്മള്‍ ജീവിക്കുന്നത്. മനുഷ്യ കേന്ദ്രീകൃതമായ സമീപനത്തിലൂടെ നമ്മള്‍ കടമകള്‍ നിറവേറ്റണം. എല്ലാവര്‍ക്കുമൊപ്പം, എല്ലാവരുടെ വികസനം, ലോകത്തിന് മാര്‍ഗദര്‍ശിയാവുമെന്നും മോദി പറഞ്ഞു. ജി20യിലെ ആദ്യ സെഷന്‍ വണ്‍ എര്‍ത്ത് എന്നതായിരുന്നു. ഇതിലാണ് നരേന്ദ്ര മോദി സംസാരിച്ചത്. ജി20 ഉച്ചകോടി ജനങ്ങളുടേതായി മാറിയിരിക്കുകയാണെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി ആല്‍ബനീസ് ജി20 യോഗം ഡല്‍ഹിയില്‍ നടത്തുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി പറഞ്ഞു. അതേസമയം ഒഡീഷയിലെ പുരിയിലെ സൂര്യ ക്ഷേത്രത്തില്‍ നിന്നുള്ള 13ാം നൂറ്റാണ്ടിലെ കൊനാര്‍ക്ക് ചക്രത്തിന്റെ ഒരു പകര്‍പ്പ് ജി20 വേദിയില്‍ സ്ഥാപിച്ചിരുന്നു. പ്രധാനമന്ത്രി ജി20 നേതാക്കളെ ഹസ്തദാനം ചെയ്യുന്നതിന്റെ പിന്നിലായിട്ടാണ് ഇവ സ്ഥാപിച്ചിരുന്നത്.
ഇന്ന് രാവിലെയാണ് ഉച്ചകോടി നടക്കുന്ന ഭാരത മണ്ഡപത്തില്‍ മോദിയെത്തിയത്. വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ അടക്കമുള്ളവര്‍ അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിംഗ്, റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍, എന്നിവര്‍ ഉച്ചകോടിയില്‍ പങ്കെടുക്കുന്നില്ല.












Click it and Unblock the Notifications