ജി 20 ഉച്ചകോടി; ലോകനേതാക്കൾക്ക് ഭക്ഷണം വിളമ്പുക സ്വർണവും വെള്ളിയും പൂശിയ പാത്രങ്ങളിൽ
ഡൽഹി: ജി 20 ഉച്ചക്കോടിക്ക് ആതിഥ്യമരുളാൻ രാജ്യം തയ്യാറെടുത്ത് കഴിഞ്ഞു. ലോക നേതാക്കളും വിദേശ പ്രതിനിധികളും ന്യൂഡൽഹിയിൽ എത്തി തുടങ്ങിയിരിക്കുകയാണ്. അതിഥികൾക്കായി പ്രത്യേക വിരുന്നുകൾ തന്നെ ഒരുക്കിയിട്ടുണ്ട്. വിരുന്നുകളിൽ സ്വർണവും വെള്ളിയും പൂശിയ പാത്രങ്ങളിലായിരിക്കും ഇവർക്ക് ഭക്ഷണം വിളമ്പുക എന്നാണ് റിപ്പോർട്ടുകൾ. അതിഥികൾ കഴിയുന്ന ഐടിസി താജ് ഉൾപ്പെടെയുള്ള 11 ഹോട്ടലുകളിലേക്ക് ഈ പാത്രങ്ങൾ അയച്ച് കഴിഞ്ഞതായി ജയ്പൂർ ആസ്ഥാനമായുള്ള മെറ്റൽവെയർ സ്ഥാപന ഉടമകൾ പറഞ്ഞപ.
ജയ്പൂർ, ഉദയ്പൂർ, വാരണാസി, കർണാടക എന്നിങ്ങനെ വിവിധ സംസ്ഥാനങ്ങളിലെ വൈവിധ്യമാർന്ന സാംസ്കാരിക മുദ്രകൾ പ്രതിഫലിപ്പിക്കുന്നവയാണ് ഈ പാത്രങ്ങളെന്ന് ഐറിസ് മെറ്റൽവെയർ മാനുഫാക്ച്വറർ കമ്പനി ഉടമകളായ രാജീവും മകനും പറഞ്ഞു. ഓരോ ഹോട്ടലിന്റെയും പ്രത്യേക ആവശ്യങ്ങൾക്കനുസൃതമായാണ് ഈ പാത്രങ്ങളുടെ രൂപകൽപനയെന്നും ഇവർ പറയുന്നു. ഇവ വെറും പാത്രങ്ങൾ മാത്രമല്ല, മറിച്ച് ഇന്ത്യയുടെ സമ്പന്നമായ പൈതൃകം വിളിച്ചോതുന്നവ കൂടിയാണെന്നും കമ്പനി ഉടമകൾ വ്യക്തമാക്കി.

മുൻ യുഎസ് പ്രസിഡന്റ് ബരാക് ഒബാമയുടെ ഇന്ത്യ സന്ദർശന സമയത്തും അദ്ദേഹത്തിന് വിരുന്നൊരുക്കാനുള്ള പാത്രങ്ങൾ നൽകിയത് ഈ കമ്പനിയായിരുന്നു . അന്ന് പാത്രങ്ങളിലെ കലാവിരുതകൾ ഒബാമയെ വളരെ ആകർഷിച്ചെന്നും പാത്രങ്ങളിൽ ചിലത് അദ്ദേഹം സ്വീകരിച്ചിരുന്നുവെന്നും രാജീവ് വ്യക്തമാക്കി.
അതേസമയം ജി 20 യിൽ പങ്കെടുക്കാൻ നിലവിലെ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ നാളെ രാവിലെയാണ് ഇന്ത്യയിലെത്തുക. ബൈഡന്റെ കൊവിഡ് പരിശോധന ഫലം നെഗറ്റീവാണെന്ന് കഴിഞ്ഞ ദിവസം യുഎസ് അറിയിച്ചിരുന്നു. ഇന്ത്യയിലേക്ക് പുറപ്പെടാനിരിക്കെ ബൈഡന്റ് ഭാര്യ ജിൽ ബൈഡന് കൊവിഡ് സ്ഥിരീകരിച്ചതോടെ അദ്ദേഹം പങ്കെടുത്തേക്കുമോയെന്നുള്ള ആശങ്ക ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഇന്നലെ രാത്രിയോടെ പരിശോധനയിൽ കൊവിഡ് ഇല്ലെന്ന് സ്ഥിരീകരിച്ചെന്നും അദ്ദേഹം തീർച്ചയായും പങ്കെടുക്കുമെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കിയത്. 9, 10 തീയതികളിലാണ് ബൈഡൻ ഉച്ചകോടിയിൽ പങ്കെടുക്കുക. ഇതിന് മുന്നോടിയായി 8 ന് അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും.












Click it and Unblock the Notifications