സമാന്തര കോണ്‍ഗ്രസ് ഒരിക്കലും ഉണ്ടാവാന്‍ പാടില്ല, ബിജെപി മോദിക്ക് ശേഷം തകരുമെന്ന് വീരപ്പ മൊയ്‌ലി
ദില്ലി: കോണ്‍ഗ്രസിലെ വിമത നീക്കങ്ങള്‍ക്കെതിരെ വീരപ്പ മൊയലി. സമാന്തര കോണ്‍ഗ്രസ് ഉണ്ടാക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ജി23 കോണ്‍ഗ്രസിനെ ദുര്‍ബലമാക്കുകയാണെന്നും മൊയ്‌ലി പറഞ്ഞു. അതേസമയം ഒരുപാട് നേതാക്കള്‍ ഇപ്പോഴുള്ള നേതൃത്വത്തെ വര്‍ക്കിംഗ് കമ്മിറ്റിയില്‍ പിന്തുണച്ചെന്ന് അദ്ദേഹം പറയുന്നു. ജി23 നേതാക്കളുടെ ഭാഗമായിരുന്നു നേരത്തെ വീരപ്പ മൊയ്‌ലി. കോണ്‍ഗ്രസ് ഒന്നേ ഉണ്ടാവാന്‍ പാടൂ. ഒരിക്കുലമൊരു സമാന്തര കോണ്‍ഗ്രസ് ഉണ്ടാവാന്‍ പാടില്ല. നേതാക്കള്‍ എന്തൊക്കെ ചെയ്യുന്നുണ്ടെങ്കിലും അതെല്ലാം പാര്‍ട്ടി വേദികളിലായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ജി23 ആവശ്യപ്പെട്ടിരിക്കുന്നത് കോണ്‍ഗ്രസിന്റെ മാറ്റങ്ങളാണ്. മൊത്തത്തിലുള്ള അഴിച്ചുപണി അവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ജി23 കോണ്‍ഗ്രസ് നേതൃത്വവുമായി ചര്‍ച്ചയ്ക്ക് തയ്യാറാവണം. ഒരിക്കലും നേതൃത്വത്തിനെതിരെ തിരിഞ്ഞ്, അവരെ കുറ്റപ്പെടുത്താന്‍ പാടില്ല. ജി23യെ ഒരു പാര്‍ട്ടിയായി മാറ്റാന്‍ അവര്‍ ശ്രമിച്ചത്. ഞാനൊരിക്കലും അതുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കില്ലെന്നും മൊയ്‌ലി പറഞ്ഞു. ജി23 സോണിയ ഗാന്ധിയെ ടാര്‍ഗറ്റ് ചെയ്യുകയാണ്. അതിലൂടെ പാര്‍ട്ടിയെ ദുര്‍ബലമാക്കുകയാണ് അവര്‍. കോണ്‍ഗ്രസില്‍ മാറ്റങ്ങള്‍ വേണമെന്ന് സോണിയ ആഗ്രഹിക്കുന്നുണ്ട്. എന്നാല്‍ അവര്‍ക്ക് ചുറ്റുമുള്ള ആളുകള്‍ അത് അട്ടിമറിച്ചെന്നും മൊയ്‌ലി കുറ്റപ്പെടുത്തി.
സോണിയയെ പലരും ടാര്‍ഗറ്റ് ചെയ്ത്, പാര്‍ട്ടിയെ ദുര്‍ബലമാക്കുകയാണ്. അതില്‍ വരുന്നവരാണ് ജി23. ബിജെപി ദീര്‍ഘകാലം നിലനില്‍ക്കുന്ന പാര്‍ട്ടിയല്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ശേഷം രാഷ്ട്രീയ കളത്തില്‍ അവര്‍ക്ക് പിടിച്ച് നില്‍ക്കാനാവില്ലെന്നും മൊയ്‌ലി വ്യക്തമാക്കി. കോണ്‍ഗ്രസ് അധികാരത്തില്‍ ഇല്ലെന്ന് കരുതി, നേതാക്കളോ പ്രവര്‍ത്തകരോ ആശങ്കപ്പെടേണ്ട കാര്യമില്ല. ബിജെപിയും മറ്റ് പാര്‍ട്ടികളും ഇടയ്ക്ക് വന്ന് പോകുന്നവരാണ്. അവര്‍ ഇതുപോലെ വരികയും പോവുകയും ചെയ്യും. കോണ്‍ഗ്രസ് പക്ഷേ എല്ലാ കാലവും ഇവിടെ തന്നെയുണ്ടാവും. നമ്മള്‍ പാവപ്പട്ടവര്‍ക്കൊപ്പമുണ്ടാവണം. പ്രതീക്ഷ കൈവിടരുതെന്നും മൊയ്‌ലി പറഞ്ഞു.
അതേസമയം കര്‍ണാടകത്തിലെ നേതാക്കളെല്ലാം ഗാന്ധി കുടുംബത്തെ പിന്തുണയ്ക്കുകയാണ് ചെയ്തത്. സോണിയയും രാഹുലും പാര്‍ട്ടിയെ മുന്നില്‍ നിന്ന് നയിക്കണം. സംഘടനാ തിരഞ്ഞെടുപ്പ് നടത്തിയ ശേഷം രാഹുല്‍ ഗാന്ധി പാര്‍ട്ടിയുടെ ചുമതല ഏറ്റെടുക്കണമെന്നും ഡികെ ശിവകുമാര്‍ രണ്ടു. രണ്ട് തവണ തുടര്‍ച്ചയായി കോണ്‍ഗ്രസിനെ അധികാരത്തിലെത്തിച്ചതാണ് സോണിയ. അവരുടെ നേതൃത്വത്തെ ചോദ്യം ചെയ്യുന്നവര്‍ അക്കാര്യം മറന്നുപോകരുതെന്ന് പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ പറഞ്ഞു. സോണിയയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് 15 സംസ്ഥാനങ്ങളില്‍ ഭരണത്തിലുണ്ടായിരുന്നു. ആ സമയം കേന്ദ്രവും കോണ്‍ഗ്രസിന്റെ കൈവശമായിരുന്നുവെന്ന് സിദ്ധരാമയ്യ വ്യക്തമാക്കി.












Click it and Unblock the Notifications