തെലങ്കാനയെ ജീവനുതുല്യം സ്‌നേഹിച്ച പ്രജാ ഗായകുഡു; ജനങ്ങളുടെ ശബ്ദമായി ഗദ്ദറിന്റെ നാടോടി പാട്ടുകള്‍
ഹൈദരാബാദ്: നാടോടി ഗായകനും, സാമൂഹ്യപ്രവര്‍ത്തകനുമായ ഗദ്ദറിന്റെ വിയോഗത്തോടെ തെലങ്കാനയുടെ യഥാര്‍ത്ഥ ചരിത്രത്തിന്റെ അവകാശിയെയാണ് ജനങ്ങള്‍ നഷ്ടമായിരിക്കുന്നത്. ദളിതുകളുടെയും, അരികുവത്കരിക്കപ്പെട്ടവരുടെയും ശബ്ദമായിരുന്നു അദ്ദേഹം. പ്രജാ ഗായകുഡു അഥവാ ജനങ്ങളുടെ ഗായകന്‍ എന്ന വിശേഷണം അദ്ദേഹത്തിന് തെലുങ്ക് ജനത പതിച്ച് നല്‍കിയതായിരുന്നു. ദീര്‍ഘകാലം മാവോയിസ്റ്റ് അനുഭാവിയായിരുന്നു അദ്ദേഹം.
2018ല്‍ മാത്രമാണ് അദ്ദേഹം ആദ്യമായി വോട്ട് ചെയ്തത് എന്നതാണ് ഏറ്റവും അമ്പരപ്പിക്കുന്ന കാര്യം. 1997ല്‍ അദ്ദേഹത്തിനെതിരെ നടന്ന വധശ്രമത്തിന്റെ കഷ്ടതകള്‍ പിന്നീട് അങ്ങോട്ട് വളരെയധികം ഗദ്ദറിനെ തളര്‍ത്തിയിരുന്നു. നട്ടെല്ലില്‍ തുളഞ്ഞു കയറി വെടിയുണ്ട നീക്കം ചെയ്യാന്‍ പറ്റുമായിരുന്നു. അതിനെ തുടര്‍ന്നുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ അദ്ദേഹത്തെ അലട്ടിയിരുന്നു.

ഗദ്ദര്‍ മുമ്പ് ഒരു ബാങ്ക് ജീവനക്കാരനായിരുന്നു. അവിടെ നിന്നാണ് അദ്ദേഹം മാവോയിസ്റ്റ് അനുഭാവിയായി മാറുന്നത്. തെലങ്കാനയെന്നാല്‍ സ്വന്തം ആത്മാവായി കണ്ടാണ് പ്രത്യേക സംസ്ഥാനത്തിന് വേണ്ടിയുള്ള പോരാട്ടം അദ്ദേഹം ആരംഭിച്ചത്. സര്‍ക്കാരിന്റെ നയങ്ങളെയും, അവഗണനകളെയും അദ്ദേഹം ചോദ്യം ചെയ്തിരുന്നു. ജനങ്ങള്‍ സര്‍ക്കാരിന്റെ വീഴ്ച്ചകളെ ചോദ്യം ചെയ്യണമെന്ന് അദ്ദേഹം നിരന്തരം നാടോടി പാട്ടുകളിലൂടെ ഓര്‍മിപ്പിച്ചു.
തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിനെയും അദ്ദേഹം പലതവണ വിമര്‍ശിച്ചിട്ടുണ്ട്. 1980കളിലാണ് അദ്ദേഹം സിപിഐ എംഎല്ലിന്റെ ഭാഗമാവുന്നത്. സംഘടനയുടെ സാംസ്‌കാരിക വിഭാഗമായ ജനനാട്യ മണ്ഡലി രൂപീകരിക്കുന്നതും ഗദ്ദറാണ്. അദ്ദേഹത്തിന്റെ ട്രൂപ്പുകള്‍ ഇപ്പോഴും തെലങ്കാനയിലെ ഗ്രാമങ്ങളില്‍ സജീവമാണ്. മാവോയിസ്റ്റുകളുമായുള്ള ബന്ധം 2010ലാണ് അദ്ദേഹം ഉപേക്ഷിക്കുന്നത്.വര്‍ഷങ്ങളോളം രാഷ്ട്രീയ പാര്‍ട്ടികള്‍ അല്ലാത്ത സംഘടനകള്‍ സംഘടിപ്പിക്കുന്ന പരിപാടികളിലായിരുന്നു ഗദ്ദര്‍ പങ്കെടുത്തത്. പ്രത്യേകിച്ച് ദളിതുകള്‍, കര്‍ഷകര്‍ എന്നിവര്‍ക്ക് വേണ്ടിയുള്ള അവകാശങ്ങള്‍ വേണ്ടി സംഘടിപ്പിക്കപ്പെടുന്നതായിരുന്നു ഈ പരിപാടികള്‍.
ഗദ്ദര്‍ നേരത്തെ സൂപ്പര്‍ താരം പവണ്‍ കല്യാണിനെ പിന്തുണയ്ക്കുമെന്ന് അറിയിച്ചിരുന്നു. തെലങ്കാനയില്‍ പവന്‍ കല്യാണ്‍ അദ്ദേഹത്തിന്റെ പാര്‍ട്ടി രൂപീകരിച്ച് തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്നും ഗദ്ദര്‍ ആവശ്യപ്പെട്ടിരുന്നു. പിന്നീട് ക്രിസ്ത്യന്‍ പുരോഹിതന്‍ ഡോ കെഎ പോളുമായും അദ്ദേഹം കൈകോര്‍ത്തിരുന്നു. തെലങ്കാന ബിജെപിയുടെ ദളിത് യോഗങ്ങളിലും ഗദ്ദര്‍ പങ്കെടുത്തിരുന്നു.
സിപിഎം പിന്തുണയിലുള്ള ടി മാസ് ഫോറത്തെയും അദ്ദേഹം പിന്തുണച്ചിരുന്നു. 2010ല്‍ തന്നെ ഗദ്ദറും കെസിആറും തമ്മില്‍ ഇടഞ്ഞിരുന്നു. കെസിആറിന്റെ പാര്‍ട്ടി സമരത്തെ ഹൈജാക്ക് ചെയ്യുന്നുവെന്നായിരുന്നു പരാതി. തെലങ്കാന പ്രജാ സഖ്യത്തെ അദ്ദേഹം രൂപീകരിച്ചിരുന്നു. സമരത്തെ മുന്നില്‍ നിന്ന് നയിക്കാനായിരുന്നു ഈ പാര്‍ട്ടി. 2018 വരെ കെസിആറിന്റെ വിമര്‍ശകനായിരുന്നു ഗദ്ദര്‍. പിന്നീട് അദ്ദേഹം കെസിആറിനെതിരെ സംസാരിച്ചിരുന്നു.
2017ല്‍ ധരിക്കുന്ന വസ്ത്രങ്ങള്‍ ട്രൗസറിലേക്കും, ഫുള്‍ സ്ലീവ് ഷര്‍ട്ടുകളിലേക്ക് ടൈയിലേക്കും മാറ്റിയിരുന്നു അദ്ദേഹം. ക്ലീന്‍ ഷേവ് ചെയ്ത്, കൈയ്യില്‍ വാച്ച് കെട്ടിയ ഗദ്ദറിന്റെ രൂപം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. 2022ല്‍ പഴയ വേഷത്തിലേക്ക് തന്നെ ഗദ്ദര്‍ മടങ്ങിയെത്തിയിരുന്നു. നേരത്തെ രാഹുല്‍ ഗാന്ധിക്കൊപ്പം പരിപാടിയില്‍ ഗദ്ദര്‍ പങ്കെടുത്തിരുന്നു.












Click it and Unblock the Notifications