ഇത് ഇന്ത്യയുടെ അഭിമാന നിമിഷം,വരും തലമുറകളുടെ ഭാവി നിര്‍ണയിക്കുന്ന ദൗത്യം; പ്രധാനമന്ത്രി
തിരുവനന്തപുരം: ഗഗയൻ ദൗത്യത്തിനുള്ള ഇന്ത്യയുടെ ബഹിരാകാശ സഞ്ചാരികളെ അവതരിപ്പിക്കാനായതിൽ സന്തോഷമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത് അഭിമാന നിമിഷമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. സഞ്ചാരികൾ പ്രതിനിധാനം ചെയ്യുന്നത് ഇന്ത്യയുടെ സാഹസികതയാണ്.
ഭാരതീയർ ചന്ദ്രനിലിറങ്ങുമെന്നും സമീപ ഭാവിയിൽ ഇന്ത്യയുടെ സ്വന്തം റോക്കറ്റിൽ ഇന്ത്യൻ ബഹിരാകാശ യാത്രികരെ ചന്ദ്രനിൽ ഇറക്കുന്ന ദൗത്യം യാഥാർത്ഥ്യമാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഇന്ത്യയുടെ സ്വന്തം റോക്കറ്റിലാണ് ഇന്ത്യൻ ബഹിരാകാശ യാത്രികർ ഇപ്പോൾ ഗഗൻയാൻ ദൗത്യത്തിന്റെ ഭാഗമായി ബഹിരാകാശത്തേക്ക് പോകുന്നത്, അഭിമാന ദൗത്യത്തിന്റെ കൗണ്ട് ഡൗൺ ആണ് ഇവിടെ ആരംഭിക്കുന്നത്. വരും തലമുറകളുടെ ഭാവിനിർണയിക്കുന്ന ദൗത്യമാണ്. 2035 ഓടെ ഇന്ത്യയ്ക്ക് സ്വന്തമായി സ്പേസ് സ്റ്റേഷൻ ഉണ്ടാവും. ബഹിരാകാശത്തെ അറിയാത്ത കാര്യങ്ങൾ അറിയാൻ ഇത് സഹായകമാകും.
അമൃത് കാലത്തിൽ ഇന്ത്യയുടെ സ്വന്തം റോക്കറ്റിൽ ഇന്ത്യക്കാർ ചന്ദ്രനിൽ ഇറങ്ങുന്നതും യാഥാർത്ഥ്യമാകും. ഗഗയാൻ ദൗത്യ സംഘാംഗങ്ങളെ രാജ്യത്തിന്റെ പേരിൽ അഭിനന്ദിക്കുകയാണ്. ഇന്ത്യയുടെ അഭിമാനമാണ് ഇവരെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. സംഘാംഗങ്ങളെ കയ്യടിയോടെ അദ്ദേഹം അഭിനന്ദിച്ചു.
പാലക്കാട് സ്വദേശിയായ വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റനായ പ്രശാന്ത് ബാലകൃഷ്ണൻ, ഗ്രൂപ്പ് ക്യാപറ്റൻ അംഗദ് പ്രതാപ്, അജിത് കൃഷ്ണൻ, വിങ് കമാൻഡർ ശുഭാൻശു ശുക്ല എന്നിവരാണ് ഗഗൻയാൻ ദൗത്യത്തിനായി പരീശിലനത്തിലുള്ളവർ.
തുമ്പ വി എസ് എസ് യിൽ നടന്ന ചടങ്ങിൽ ഇവർ നാല് പേരെയും വേദിയിലേക്ക് ക്ഷണിച്ച് കൊണ്ടാണ് നരേന്ദ്ര മോദി പ്രഖ്യാപനം നടത്തിയത്. ഗഗൻയാൻ ദൗത്യത്തിനുള്ള ബഹിരാകാശ സഞ്ചാരികളായി തെരഞ്ഞെടുക്കപ്പെട്ട നാല് പേർക്കും പ്രധാനമന്ത്രി മോദി ആസ്ട്രനോട്ട് ബാഡ്ജുകളും സമ്മാനിച്ചു, ഗഗൻയാൻ യാത്രക്കുള്ള സംഘത്തെ മലയാളിയായ പ്രശാന്ത് ബാലകൃഷ്ണൻ ആയിരിക്കും നയിക്കുക.












Click it and Unblock the Notifications