വിക്ഷേപണത്തിന് തൊട്ട് മുന്‍പ് ഗഗന്‍യാന്‍ പരീക്ഷണം മാറ്റി; കാരണം ഇത്
ന്യൂദല്‍ഹി: ഗഗന്‍യാന്‍ ദൗത്യത്തിന്റെ ആദ്യ ചുവടുവെപ്പാകുമായിരുന്ന അണ്‍ ക്രൂഡ് ഫ്ലൈറ്റ് പരീക്ഷണം മാറ്റി വെച്ചു. വിക്ഷേപണത്തിന് സെക്കന്റുകള്‍ മാത്രം ബാക്കി നില്‍ക്കെയാണ് പരീക്ഷണ വിക്ഷേപണം മാറ്റി വെച്ചത്. സാങ്കേതിക തകരാര്‍ കാരണമാണ് വിക്ഷേപണം മാറ്റിയത് എന്നും പ്രശ്‌നം വിശകലനം ചെയ്ത ശേഷം പുതിയ ഷെഡ്യൂള്‍ ഉടന്‍ പ്രഖ്യാപിക്കുമെന്നും ഐ എസ് ആര്‍ ഒ മേധാവി സോമനാഥ് അറിയിച്ചു.
ആദ്യം ശനിയാഴ്ച രാവിലെ എട്ട് മണിക്കും പിന്നീട് എട്ടരക്കുമായിരുന്നു ടെസ്റ്റ് വെഹിക്കിള്‍ ഡെവലപ്‌മെന്റ് ഫ്ലൈറ്റ് മിഷന്‍- 1 ( ടിവി - ഡി1 ഫ്ലൈറ്റ് ടെസ്റ്റ് ) എന്നറിയപ്പെടുന്ന ആദ്യത്തെ ആളില്ലാ ഫ്ലൈറ്റ് ടെസ്റ്റ് നിശ്ചയിച്ചിരുന്നത്. ഭാവി ബഹിരാകാശ യാത്രികരുടെ രക്ഷാ സംവിധാനത്തിന്റെ പരീക്ഷണമാണിത്.

ലിഫ്റ്റ് ഓഫ് ശ്രമം ഇന്ന് നടക്കില്ല എന്ന് സോമനാഥ് വ്യക്തമാക്കി. രാവിലെ 8 മണിക്കായിരുന്നു ആദ്യം ഷെഡ്യൂള്‍ ചെയ്തിരുന്നത്. പിന്നീട് കാലാവസ്ഥ പ്രതികൂലമായതിനാല്‍ 8.30 ലേക്ക് മാറ്റി. ലിഫ്റ്റ് ഓഫ് കമാന്‍ഡിലേക്ക് നയിക്കുന്ന വളരെ സുഗമമായ ഓട്ടോമാറ്റിക് ലോഞ്ച് സീക്വന്‍സ് തങ്ങള്‍ക്ക് ഉണ്ടായിരുന്നു എന്നും എന്നാല്‍ എഞ്ചിന്‍ ഉയര്‍ത്തല്‍ നടന്നില്ല എന്നും സോമനാഥ് അറിയിച്ചു.
ഇതിന് എന്താണ് കാരണമെന്ന് കണ്ടെത്തണം. വിക്ഷേപണ വാഹനം സുരക്ഷിതമാണ്. എന്നാല്‍ വാഹനത്തെ തടഞ്ഞ് നിര്‍ത്താന്‍ കാരണമായത് എന്താണെന്ന് വിശകലനം ചെയ്ത ശേഷം തങ്ങള്‍ ഉടന്‍ മടങ്ങി വരും എന്നും എസ് സോമനാഥ് പറഞ്ഞു.
മനുഷ്യനെ ബഹിരാകാശത്തേക്ക് അയയ്ക്കാന്‍ കഴിയുമെന്ന് തെളിയിക്കാനുള്ള ഇന്ത്യയുടെ ശ്രമത്തിലെ സുപ്രധാന നാഴികക്കല്ലായിരുന്നു അണ്‍ ക്രൂഡ് ഫ്ലൈറ്റ് പരീക്ഷണം. റോക്കറ്റ് വിക്ഷേപണത്തിന് ശേഷം ബംഗാള്‍ ഉള്‍ക്കടലില്‍ സുരക്ഷിതമായ ലാന്‍ഡിംഗ് പരീക്ഷിക്കുന്നതായിരുന്നു ഇത്. കുതിച്ചുയര്‍ന്ന ശേഷം റോക്കറ്റിന് വല്ലതും സംഭവിച്ചാല്‍ യാത്രക്കാര്‍ എന്ത് ചെയ്യും എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് ക്രൂ എസ്‌കേപ്പ് സിസ്റ്റം.
വിക്ഷേപണത്തറയില്‍ വെച്ചോ പറന്നുയര്‍ന്ന് ബഹിരാകാശത്തേക്ക് എത്തുന്നതിന് മുമ്പോ എന്തെങ്കിലും പ്രശ്നം സംഭവിച്ചാല്‍ യാത്രക്കാരെയും യാത്രാ പേടകത്തെയും റോക്കറ്റില്‍ നിന്ന് വേര്‍പ്പെടുത്തി സുരക്ഷിതമായ അകലത്തേക്ക് മാറ്റുന്ന സംവിധാനമാണ് അണ്‍ ക്രൂഡ് ഫ്ലൈറ്റ് പരീക്ഷണം.












Click it and Unblock the Notifications