ഗഗന്‍യാന്‍ ദൗത്യം; പരീക്ഷണ വിക്ഷേപണം വിജയം, തകരാര്‍ പരിഹരിച്ചെന്ന് ഐഎസ്ആര്‍ഒ
ശ്രീഹരിക്കോട്ട: ഗഗന്‍യാന്‍ ദൗത്യത്തിന്റെ ആദ്യ ചുവടുവെപ്പായ അണ്‍ ക്രൂഡ് ഫ്‌ലൈറ്റ് പരീക്ഷണം വിജയം. രണ്ടാമത്തെ ശ്രമത്തിലാണ് ദൗത്യം വിജയിച്ചത്. നേരത്തെ ആദ്യം നിശ്ചയിച്ച വിക്ഷേപണം സെക്കന്റുകള്‍ മാത്രം ബാക്കി നില്‍ക്കെ മാറ്റി വെച്ചിരുന്നു. എട്ടരക്കായിരുന്നു വിക്ഷേപണം ആദ്യം നിശ്ചയിച്ചിരുന്നത്. പിന്നീട് സാങ്കേതിക തകരാര്‍ പരിഹരിച്ച് പത്ത് മണിക്ക് വീണ്ടും വിക്ഷേപണം നടത്തുകയായിരുന്നു.
ഗ്രൗണ്ട് കംപ്യൂട്ടറിന് അനുസൃതമില്ലെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് ലിഫ്റ്റ് ഓഫ് ആദ്യം നിര്‍ത്തിവെക്കുകയായിരുന്നു എന്നും തങ്ങള്‍ക്ക് അത് തിരിച്ചറിയാനും വളരെ വേഗത്തില്‍ ശരിയാക്കാനും സാധിച്ചെന്നും ഐ എസ് ആര്‍ ഒ മേധാവി സോമനാഥ് പറഞ്ഞു. ദൗത്യം പൂര്‍ത്തിയാക്കിയതായും ലക്ഷ്യങ്ങള്‍ നേടിയതായും അദ്ദേഹം പഖ്യാപിച്ചു. ടിവി - ഡി 1 പുറത്തിറക്കിയതോടെയാണ് ഫ്‌ലൈറ്റ് സീക്വന്‍സ് ആരംഭിച്ചത്.

ഫ്‌ളൈറ്റില്‍ ആറ് സെക്കന്‍ഡുകള്‍ക്കുള്ളില്‍ തന്നെ ഫിന്‍ പ്രവര്‍ത്തനക്ഷമമാക്കുന്ന സംവിധാനം സജീവമാക്കി. തുടര്‍ന്ന് 11.8 കിലോമീറ്റര്‍ ഉയരത്തില്‍ മാക് നമ്പര്‍ 1.25 വേഗതയില്‍ ക്രൂ എസ്‌കേപ്പ് സിസ്റ്റം പില്‍ബോക്സ് സജീവമാക്കി. വിക്ഷേപണം കഴിഞ്ഞ് 61.1 സെക്കന്‍ഡുകള്‍ക്ക് ശേഷം വാഹനം 11.9 കിലോമീറ്റര്‍ ഉയരത്തില്‍ 1.21 എന്ന മാക് നമ്പറിലെത്തിയപ്പോള്‍ ക്രൂ എസ്‌കേപ്പ് സിസ്റ്റം റോക്കറ്റ് ബൂസ്റ്ററില്‍ നിന്ന് വേര്‍പെട്ടു.
മണിക്കൂറില്‍ 550 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കുന്നതിനാല്‍ 16.9 കിലോമീറ്റര്‍ ഉയരത്തില്‍ ക്രൂ എസ്‌കേപ്പ് സിസ്റ്റത്തില്‍ നിന്ന് ക്രൂ മൊഡ്യൂള്‍ വേര്‍പെട്ടു. പിന്നാലെ ഡ്രഗ് പാരച്യൂട്ട് വിന്യസിച്ച് വാഹനത്തിന്റെ ഇറക്കം മന്ദഗതിയിലാക്കി. പിന്നാലെ ക്രൂ മൊഡ്യൂള്‍ കടലില്‍ പതിച്ചു. 9 മിനിറ്റ് 51 സെക്കന്റിലാണ് പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കിയത് എന്ന് ഐ എസ് ആര്‍ ഒ അറിയിച്ചു.
വിക്ഷേപണത്തറയില്‍ നിന്ന് പറന്നുയര്‍ന്ന് ബഹിരാകാശത്തേക്ക് എത്തുന്നതിന് മുമ്പ് എന്തെങ്കിലും പ്രശ്‌നം സംഭവിച്ചാല്‍ യാത്രക്കാരെയും യാത്രാ പേടകത്തെയും റോക്കറ്റില്‍ നിന്ന് വേര്‍പ്പെടുത്തി സുരക്ഷിതമായ അകലത്തേക്ക് മാറ്റുന്ന സംവിധാനമായ് ക്രൂ എസ്‌കേപ്പ് സിസ്റ്റം ആണ് ഇന്ന് പരീക്ഷിച്ചത്. ആദ്യം മോശം കാലാവസ്ഥയെ തുടര്‍ന്നും പിന്നീട് സാങ്കേതിക പ്രശ്‌നം കാരണവും ഇന്ന് പരീക്ഷണം നീട്ടിവെച്ചിരുന്നു.












Click it and Unblock the Notifications