മാസ്റ്റർ സ്ട്രോക്ക് ഏറ്റു; ഗുജറാത്തിൽ തദ്ദേശ തിരഞ്ഞെടുപ്പിൽ കൂറ്റൻ വിജയവുമായി ബിജെപി..2 ലൊതുങ്ങി കോൺഗ്രസ്
ദില്ലി; ഗുജറാത്തിൽ നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബിജെപിയുടെ ആത്മവിശ്വാസം ഉയർത്തി തദ്ദേശ തിരഞ്ഞെടുപ്പിൽ വമ്പൻ വിജയം. ഗാന്ധി നഗർ മുനിസിപ്പൽ കോർപറേഷനിലേക്ക് നടന്ന തിരഞ്ഞെടുപ്പിലാണ് പ്രതിപക്ഷമായ കോൺഗ്രസിനെ ബഹുദൂരം പിന്നിലാക്കി ബിജെപി വലിയ മുന്നേറ്റം കാഴ്ചവെച്ചത്. ഗാന്ധി നഗറിൽ 11 വാർഡുകളിലായി 44 സീറ്റിലേക്കായിരുന്നു തിരഞ്ഞെടുപ്പ് നടന്നത്.

ഗാന്ധി നഗർ മുനിസിപ്പൽ കോർപറേഷൻ കൂടാതെ ഓഖ, ബൻവാദ്, താര എന്നീ മുനിസിപ്പാലിറ്റികൾ ഉൾപ്പെടെയുള്ള 124 സീറ്റുകളിലേക്കായിരുന്നു ഞായറാഴ്ചയായിരുന്നു വോട്ടെടുപ്പ് നടന്നത്. കഴിഞ്ഞ ഏപ്രിലിൽ നടത്താനിരുന്ന തെരഞ്ഞെടുപ്പ് കൊറോണ മഹാമാരി കാരണം നീണ്ടുപോകുകയായിരുന്നു. ഗുജറാത് മുഖ്യമന്ത്രിയായി ഭൂപേന്ദ്ര പട്ടേൽ അധികാരമേറ്റതിന് ശേഷമുള്ള സംസ്ഥാനത്തെ ആദ്യത്തെ തെരഞ്ഞെടുപ്പ് കൂടിയായിരുന്നു ഇത്.
മലയാള സിനിമയിലെ അഴകിന്‍ റാണി; മഡോണയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍

കൊവിഡ് ഉൾപ്പെടെയുള്ള പ്രതിസന്ധികളിൽ ഭരണ വിരുദ്ധ വികാരം ശക്തമാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു മുഖ്യമന്ത്രിയെ ഉൾപ്പെടെ മാറ്റി ബിജെപി സംസ്ഥാനത്ത് പൊളിച്ചെഴുത്ത് നടത്തിയത്. അതുകൊണ്ട് തന്നെ നിയമസഭ തിരഞ്ഞെടുപ്പിന് മുൻപുള്ള സെമി ഫൈനൽ എന്ന നിലയിലായിരുന്നു തദ്ദേശ തിരഞ്ഞെടുപ്പിനെ വിലയിരുത്തപ്പെട്ടത്.

സംസ്ഥാനത്ത് ആം ആദ്മിയുടെ കടന്ന് വരവും തിരഞ്ഞെടുപ്പിൽ ഏറെ ഉറ്റുനോക്കപ്പെട്ടിരുന്നു. തിരഞ്ഞെടുപ്പിൽ 44 ൽ 40 സീറ്റിലും ആം ആദ്മി മത്സരിച്ചിരുന്നു. ബിജെപിയും കോൺഗ്രസും 44 സീറ്റിലായിരുന്നു മത്സരിച്ചത്. ഗുജറാത്തിൽ ബിജെപി കോട്ടകൾക്ക് യാതൊരു ഇളക്കവും തട്ടിയിട്ടില്ലെന്ന് തെളിയിക്കുന്ന ഫലമാണ് വോട്ടെണ്ണലിൽ പുറത്തുവന്നിരിക്കുന്നത്.

ഗാന്ധി നഗർ മുനിസിപ്പൽ കോർപറേഷനിലെ 44 സീറ്റിൽ 41 ലും ബിജെപിയാണ് വിജയിച്ചത്. ഇതാദ്യമായാണ് ഗാന്ധിനഗർ മുനിസിപ്പൽ കോർപറേഷിൽ ബിജെപി ഇത്ര വലിയ ഭൂരിപക്ഷം നേടുന്നത്. വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂറിൽ തന്നെ വ്യക്തമായ ആധിപത്യം കാഴ്ച വെയ്ക്കാൻ ബിജെപിക്ക് സാധിച്ചിരുന്നു. അതേസമയം കോൺഗ്രസ് 2 സീറ്റിൽ ഒതുങ്ങി. ആം ആദ്മി ഒരു സീറ്റും നേടി.

കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ കോൺഗ്രസും ബിജെപിയും ശക്തമായ പോരാട്ടമായിരുന്നു കാഴ്ച വെച്ചത്. ഒടുവിൽ ഇരു പാർട്ടികളും 16 വീതം സീറ്റുകൾ നേടി. ഇത്തവണ പ്രദേശത്തെ ശക്തനായ നേതാവും കോൺഗ്രസ് കൗൺസിലറുമായിരുന്ന പ്രവീൺ പട്ടേൽ ബി ജെ പിയിലേക്ക് പോയതാണ് കോൺഗ്രസിന് തിരിച്ചടിയായത്.

അതേസമയം ഗുജറാത്തിൽ സ്വാധീനം ഉറപ്പിക്കാനുള്ള ആം ആദ്മിയുടെ നീക്കത്തിന് രണ്ടാം തിരഞ്ഞെടുപ്പ് പോരാട്ടത്തിൽ തിരിച്ചടി നേരിടേണ്ടി വന്നു. ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ സൂറത്തിൽ മികച്ച പ്രകടനം കാഴ്ച വെയ്ക്കാൻ ആം ആദ്മിക്ക് കഴിഞ്ഞിരുന്നു..ഇവിടെ പ്രധാന പ്രതിപക്ഷമാകാൻ എ എ പിക്ക് കഴിഞ്ഞു. അന്ന് 27 സീറ്റുകളായിരുന്നു പാർട്ടി നേടിയത്. ആദ്യമായിട്ടായിരുന്നു ആം ആദ്മി ഗുജറാത്തിൽ മത്സരിച്ചത്. എന്നാൽ രണ്ടാം അങ്കത്തിൽ ആം ആദ്മിക്ക് കാലിടറിയ കാഴ്ചയാണ് കാണുന്നത്. 17 ശതമാനം വോട്ടുകളാണ് തിരഞ്ഞെടുപ്പിൽ ആം ആദ്മിക്ക് ലഭിച്ചത്. ഇത് കൂടാതെ ആം ആദ്മി ബാദറിലും ആരവല്ലി ഉബ്സത്ത് താലൂക്കിൽ ഓരോ സീറ്റുകളും നേടി. അതേസമയം ആം ആദ്മിയുടെ സാന്നിധ്യം കോൺഗ്രസിനെയാണ് ക്ഷീണിപ്പിച്ചതെന്നാണ് കണക്കുകള് സൂചിപ്പിക്കുന്നത്.

ജനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയിൽ പൂർണ വിശ്വാസമുണ്ടെന്ന് തെളിയിക്കുന്നതാണ് തിരഞ്ഞെടുപ്പ് ഫലമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ സിആർ പാട്ടിൽ പറഞ്ഞു.ഗുജറാത്തിൽ ആധിപത്യം ഉറപ്പിക്കാനുള്ള ആം ആദ്മിയുടെ നീക്കത്തേയും പാട്ടീൽ പരിഹിച്ചു. ഗുജറാത്തിൽ മൂന്നാമതൊരു പാർട്ടിക്ക് ഇടമില്ലെന്ന് തിരഞ്ഞെടുപ്പ് ഫലം വീണ്ടും തെളിയിക്കപ്പെട്ടിരിക്കുകയാണെന്ന് പാട്ടീൽ പറഞ്ഞു.

ബൻവാദിൽ ബിജെപിക്ക് കനത്ത തിരിച്ചടി
അതേസമയം തിരഞ്ഞെടുപ്പ് നടന്ന ഓഖ മുനിസിപ്പാലിറ്റിയിൽ 36 ൽ 34 സീറ്റുകളും ബിജെപി വിജയിച്ചു. രണ്ട് സീറ്റാണ് ഇവിടെ കോൺഗ്രസിന് ലഭിച്ചത്. എന്നാൽ ഭരണത്തിലിരിക്കുന്ന ബൻവാദിൽ ബിജെപി കനത്ത തിരിച്ചടി നേരിട്ടു. 24 സീറ്റിൽ 16 ഉം കോൺഗ്രസാണ് ഇവിടെ നേടിയത്. 1995 മുതൽ ബിജെപി ഭരിക്കുന്ന മുനിസിലാറ്റിയാണിത്. ഇത്തവണ 8 സീറ്റ് മാത്രമാണ് പാർട്ടിക്ക് ഇവിടെ നേടാൻ സാധിച്ചത്.












Click it and Unblock the Notifications