യുപിയില്‍ വീണ്ടും അതിഖ് അഹമ്മദ് മോഡല്‍ കൊല; ഗുണ്ടാത്തലവനെ കോടതി വരാന്തയില്‍ വെടിവച്ചു കൊന്നു
ലഖ്‌നൗ: ഉത്തര്‍ പ്രദേശിലെ കോടതി മുറിക്ക് പുറത്ത് ഗുണ്ടാത്തലവന്‍ വെടിയേറ്റ് മരിച്ചു. പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശില്‍ ഒരു ക്രിമിനല്‍ സംഘത്തിന്റെ തലവനായ സഞ്ജീവ് ജീവയാണ് കൊല്ലപ്പെട്ടത്. പൊലീസ് കസ്റ്റഡിയിലിരിക്കെ ഗുണ്ടാതലവനായ അതിഖ് അഹമ്മദ് വെടിയേറ്റ് കൊല്ലപ്പെട്ടതിന് രണ്ട് മാസങ്ങള്‍ക്ക് ശേഷമാണ് സമാനമായ സംഭവം വീണ്ടും അരങ്ങേറിയിരിക്കുന്നത്. അഭിഭാഷകന്റെ വേഷത്തിലാണ് കൊലയാളി കോടതി വരാന്തയില്‍ എത്തിയതെന്ന് പൊലീസ് പറഞ്ഞു.

ഒന്നിലധികം ഷൂട്ടര്‍മാരുണ്ടോ എന്നുള്ള കാര്യത്തെ കുറിച്ച് പൊലീസ് അന്വേഷിച്ചുവരികയാണ്. കോടതിയില്‍ ഉണ്ടായിരുന്ന അഭിഭാഷകര്‍ ആക്രമിയെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചതായി ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നുണ്ട്. പച്ച ഷര്‍ട്ടും നീല ജീന്‍സും ധരിച്ച സഞ്ജീവ് ജീവയെ കൈസര്‍ബാഗ് മേഖലയിലെ ഒരു പ്രാദേശിക കോടതിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ആക്രമി വെടിയുതിര്‍ക്കുകയായിരുന്നു.
സഞ്ജീവ് ജീവയ്‌ക്കെതിരെ ഉത്തര്‍ പ്രദേശില്‍ മാത്രം 12ഓളം ക്രിമിനല്‍ കേസുകളുണ്ടെന്നാണ് വിവരം. വര്‍ഷങ്ങളോളം ജയിലില്‍ കഴിഞ്ഞിരുന്ന ഇയാള്‍ക്കെതിരെ ഉത്തര്‍പ്രദേശിലും ഉത്തരാഖണ്ഡിലുമായി 50 ക്രിമിനല്‍ കേസുകളെങ്കിലും ഉണ്ടെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. മുഖ്താര്‍ അന്‍സാരിയെപ്പോലുള്ള കിഴക്കന്‍ ഉത്തര്‍പ്രദേശിലെ ഗുണ്ടാസംഘങ്ങളുമായി ഇയാള്‍ക്ക് ബന്ധമുണ്ടെന്നും ചില റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. തോക്കുമായി ആക്രമി എങ്ങനെയാണ് കോടതി പരിസരത്തേക്ക് പ്രവേശിച്ചതെന്ന കാര്യം വ്യക്തമല്ല.












Click it and Unblock the Notifications