മഹാരാഷ്ട്രയില്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയില്‍ വാതകചോര്‍ച്ച; നാല് മരണം
മുംബൈ: മഹാരാഷ്ട്രയിലെ പാല്‍ഘറിലെ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയില്‍ വാതക ചോര്‍ച്ച. ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയില്‍ നിന്ന് ചോര്‍ന്ന നൈട്രജന്‍ വാതകം ശ്വസിച്ച് നാല് പേര്‍ മരിച്ചു. രണ്ട് പേരുടെ നില ഗുരുതരമാണ്. താരാപൂര്‍-ബോയ്സര്‍ വ്യാവസായിക മേഖലയിലെ ഒരു ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയില്‍ നിന്നാണ് നൈട്രജന്‍ ചോര്‍ന്നത്. മുംബൈയില്‍ നിന്ന് 130 കിലോമീറ്റര്‍ അകലെ ബോയ്സാറിലെ വ്യാവസായിക മേഖലയിലുള്ള മെഡ്ലി ഫാര്‍മയിലാണ് ഉച്ച കഴിഞ്ഞായിരുന്നു സംഭവം.
ഉച്ചയ്ക്ക് 2.30 നും 3 നും ഇടയില്‍ കമ്പനിയുടെ ഒരു യൂണിറ്റില്‍ നൈട്രജന്‍ വാതകം ചോര്‍ന്നതായും ഇത് അവിടെ ജോലി ചെയ്യുന്ന ജീവനക്കാരെ ബാധിച്ചതായും പാല്‍ഘര്‍ ജില്ലാ ദുരന്ത നിവാരണ സെല്‍ മേധാവി വിവേകാനന്ദ് കദം പറഞ്ഞു. 'ആറ് തൊഴിലാളികളെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചു, അതില്‍ നാല് പേര്‍ വൈകുന്നേരം 6.15 ഓടെ മരിച്ചു,' അദ്ദേഹം പറഞ്ഞു.

മറ്റ് രണ്ട് പേരെ പ്രാദേശിക ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ (ഐസിയു) പ്രവേശിപ്പിച്ചിരിക്കുകയാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കല്‍പേഷ് റാവുത്ത്, ബംഗാളി താക്കൂര്‍, ധീരജ് പ്രജാപതി, കമലേഷ് യാദവ് എന്നിവരാണ് അപകടത്തില്‍ മരിച്ചത്. രോഹന്‍ ഷിന്‍ഡെ, നിലേഷ് ഹദല്‍ എന്നിവരാണ് ചികിത്സയിലുള്ളത്. സാക്ഷികളുടെ മൊഴിയെടുത്ത് കേസ് രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായി പാല്‍ഘര്‍ പോലീസ് പറഞ്ഞു.












Click it and Unblock the Notifications