ഇത് അദാനിയുടെ വര്‍ഷമോ? അംബാനിയെ മറികടന്ന് അദാനി, ഏറ്റവും വലിയ സമ്പന്നന്‍!!
ന്യൂദല്‍ഹി: ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ പ്രത്യേക അന്വേഷണമില്ല എന്ന സുപ്രീം കോടതി ഉത്തരവിന് പിന്നാലെ ഗൗതം അദാനിക്ക് മറ്റൊരു നേട്ടം കൂടി. ബ്ലൂംബെര്‍ഗ് ബില്യണയര്‍ സൂചികയില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ തലവന്‍ മുകേഷ് അംബാനിയെ മറികടന്ന് ഏഷ്യയിലെ ഏറ്റവും സമ്പന്നനായ വ്യക്തിയായിരിക്കുകയാണ് അദാനി ഗ്രൂപ്പിന്റെ ചെയര്‍പേഴ്സണ്‍ ഗൗതം അദാനി.
ഇന്ത്യക്കാരില്‍ ഏറ്റവും സമ്പന്നന്‍, ലോകത്ത് 12-ാമന്‍ എന്നീ നേട്ടങ്ങളിലേക്ക് എത്താനും ഗൗതം അദാനിക്ക് സാധിച്ചു. 97.6 ബില്യണ്‍ ഡോളര്‍ ആസ്തിയുള്ള ഗൗതം അദാനി ഡിസംബറില്‍ ലോക റാങ്കിംഗില്‍ 15-ാം സ്ഥാനത്തായിരുന്നു. ഇവിടെ നിന്നാണ് കുതിച്ച് 12 ല്‍ എത്തിയിരിക്കുന്നത്. ഇക്കാലയളവില്‍ അദാനിയുടെ ആസ്തി 7.7 ബില്യണ്‍ ഡോളര്‍ ഉയര്‍ന്നാണ് 97.6 ബില്യണ്‍ ഡോളറില്‍ എത്തിയത്.

ബ്ലൂംബര്‍ഗ് സൂചിക അനുസരിച്ച് നിലവില്‍ മുകേഷ് അംബാനിയുടെ ആസ്തി 97 ബില്യണ്‍ ഡോളറാണ്. നേരത്തെ ഓഹരി വിപണിയിലെ അദാനി ഗ്രൂപ്പ് കമ്പനികളുടെ കുതിച്ചുചാട്ടം ഗൗതം അദാനിയെ ലോകത്തിലെ മൂന്നാമത്തെ സമ്പന്നനായ വ്യക്തിയായി മാറ്റിയിരുന്നു. എന്നാല്‍ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് റിപ്പോര്‍ട്ടിന്റെ തുടര്‍ന്ന് ഗ്രൂപ്പിന്റെ കമ്പനികളുടെ ഓഹരി വിലകളില്‍ ഇടിവുണ്ടാക്കി. സ്റ്റോക്ക് കൃത്രിമത്വവും അക്കൗണ്ടിംഗ് തട്ടിപ്പും ആയിരുന്നു അദാനിക്ക് എതിരെ ഹിന്‍ഡന്‍ബര്‍ഗ് ആരോപിച്ചത്.
ഇന്ത്യയില്‍ വലിയ രാഷ്ട്രീയ കോലാഹലത്തിനും ഇത് ഇടയാക്കിയിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം അദാനി ഗ്രൂപ്പിനെതിരെ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് ഉന്നയിച്ച ആരോപണങ്ങളില്‍ സി ബി ഐയോ പ്രത്യേക അന്വേഷണ സംഘമോ കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണം എന്ന ആവശ്യം സുപ്രീം കോടതി തള്ളിയിരുന്നു. ഇതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് ബ്ലൂംബര്‍ഗ് പട്ടിക പുറത്തുവന്നത്.
നേരത്തെ സുപ്രീം കോടതി വിധി വന്നതിന് പിന്നാലെ അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരികള്‍ കനത്ത നേട്ടം പ്രതിഫലിച്ചിരുന്നു. അതേസമയം മുകേഷ് അംബാനി ഇപ്പോള്‍ സൂചികയില്‍ 13-ാം സ്ഥാനത്താണ്. 34.6 ബില്യണ്‍ ഡോളറിന്റെ ആസ്തിയുമായി 38-ാം സ്ഥാനത്തുള്ള ഷാപൂര്‍ മിസ്ത്രി, 33 ബില്യണ്‍ ഡോളറുമായി 45-ാം സ്ഥാനത്തുള്ള ശിവ് നാടാര്‍ എന്നിവരാണ് റാങ്കിംഗിലെ മറ്റ് ശ്രദ്ധേയരായ ഇന്ത്യക്കാര്‍.
220 ബില്യണ്‍ ഡോളറിന്റെ ആസ്തിയുമായി ഇലോണ്‍ മസ്‌ക് ഒന്നാം സ്ഥാനത്തും 169 ബില്യണ്‍ ഡോളറുമായി ജെഫ് ബെസോസും രണ്ടാം സ്ഥാനത്തും തുടരുന്നു.












Click it and Unblock the Notifications