ജിഡിപി വളർച്ചാ കണക്ക് തട്ടിപ്പെന്ന് ആരോപണം; പറയുന്നത് വേറെ പണിയില്ലാത്തവരെന്ന് പിയൂഷ് ഗോയൽ
ജിഡിപി വളർച്ചാ കണക്ക് തട്ടിപ്പെന്ന് ആരോപണത്തിൽ മറുപടിയുമായി കേന്ദ്ര വ്യവസായ മന്ത്രി പിയൂഷ് ഗോയൽ. സാമ്പത്തിക വിദഗ്ധരെന്ന് കരുതുന്ന പണിയില്ലാത്തവരാണ് ഇത്തരം പ്രസ്താവന നടത്തുന്നതെന്നും ഇവർ രാജ്യത്തിന് തന്നെ ദ്രോഹമാണെന്നും പിയൂഷ് പറഞ്ഞു. കേന്ദ്രം പുറത്തുവിട്ട 7.8% ജിഡിപിക്കണക്ക് തെറ്റെന്ന് മുൻ ധനകാര്യ സെക്രട്ടറി സുഭാഷ് ഗാർഗ് ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം.
' ഒരു പണിയും ഇല്ലാത്ത ചിലർ സ്വയം സാമ്പത്തിക വിദഗ്ധരാണെന്ന് അവകാശപ്പെടും. എന്നിട്ട് രാജ്യത്തിനെതിരെ സംസാരിക്കാനായി ടിവി ചാനലുകൾക്ക് മുന്നിലെത്തും. അവർ രാജ്യത്തിന് ദോഷകരമാണ്. ഇത്തരം കാര്യങ്ങളിലൊന്നും വീണ് പോകരുത്',ഗോയൽ പറഞ്ഞു.

'സത്യത്തെ പൂഴ്ത്തിവെയ്ക്കാനാകില്ല. ഈ കണക്കുകളൊന്നും തയ്യാറാക്കുന്നത് മന്ത്രിമാരല്ല. നിങ്ങൾക്ക് ഇത്തരത്തിൽ നെഗറ്റീവ് ചിന്തകൾ വെച്ച് പുലർത്തുമ്പോൾ നിങ്ങൾ നിങ്ങളെ തന്നെയാണ് ചെറുതായി കാുന്നത്. സത്യത്തെ ഇങ്ങനെ വളച്ചൊടിക്കുമ്പോൾ നിങ്ങൾ യഥാർത്ഥത്തിൽ ജനങ്ങളെ നിരാശപ്പെടുത്തുകയാണ്. ജനങ്ങളെ വഞ്ചിക്കുകയാണ്. 7.8 ശതമാനം വളർച്ച എന്നത് മറ്റൊരു രാജ്യത്തിനും സാധ്യമാകാത്തൊരു നേട്ടമാണ്. ഇന്ത്യയുടേത് ചത്ത സമ്പദ് വ്യവസ്ഥയാണെന്ന് വരുത്തി തീർക്കുകയെന്നതാണ് ചില പ്രതിപക്ഷ നേതാക്കളുടെ താത്പര്യം', പിയൂഷ് വിമർശിച്ചു.
ഇന്ത്യയുടേത് ചത്ത സമ്പദ് വ്യവസ്ഥയാണെന്ന് ആദ്യമായി പ്രയോഗിച്ചത് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ആണ്. യുഎസ് -ഇന്ത്യ തീരുവ ചർച്ചകൾക്കിടെയായിരുന്നു പരാമർശം. ഇതിന് പിന്നാലെ മോദിയേയും കേന്ദ്രസർക്കാരിൻ്റെ സാമ്പത്തിക നയങ്ങളേയും വിമർശിക്കാൻ രാഹുൽ ഗാന്ധി അടക്കമുള്ള പ്രതിപക്ഷ നേതാക്കൾ ഈ പദം ഉപയോഗിക്കാറുണ്ട്.
2026-27 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ ഇന്ത്യയുടെ ജി ഡി പി 7.8 ശതമാനം വളർച്ച കൈവരിച്ചെന്നാണ് സർക്കാർ വ്യക്തമാക്കിയത്. രാജ്യത്തിൻ്റെ വളർച്ചയെ ഭഗീരഥ പ്രയത്നം എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വിശേഷിപ്പിച്ചത്. എണ്ണവിലക്കയറ്റത്തിന്റെ ആഘാതങ്ങൾ, വിതരണ ശൃംഖലയിലെ തടസ്സങ്ങൾ, ആഗോള അനിശ്ചിതത്വങ്ങൾ തുടങ്ങിയ നിരവധി പ്രതിസന്ധികൾക്കിടയിലും ഇത്തരമൊരു വളർച്ച രാജ്യത്തിന് സാധ്യമായത് ഇന്ത്യക്കാരുടെ കൂട്ടായ കരുത്തിൻ്റെ ഫലമായാണെന്നും മോദി പറഞ്ഞു. ഇന്ത്യ വീണ്ടും പൂത്തുലഞ്ഞിരിക്കുകയാണ് എന്നായിരുന്നു മോദിയുടെ വാക്കുകൾ.
അതേസമയം ജിഡിപിക്കണക്കിൽ കേന്ദ്രം കൃത്രിമം കാണിച്ചെന്ന് മോദി സർക്കാരിലെ മുൻ സെക്രട്ടറി തന്നെ വെളിപ്പെടുത്തിയത് കോൺഗ്രസ് ആയുധമാക്കിയിട്ടുണ്ട്. ഇന്ത്യ വളർന്നിട്ടില്ലെന്നാണ് ഇത് ചൂണ്ടിക്കാട്ടുന്നതെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.


Click it and Unblock the Notifications