ഗുജറാത്തില്‍ 100 പേരെ വിഎച്ച്പി മതംമാറ്റി ഹിന്ദുക്കളാക്കി
വല്‍സാദ്: മതപരിവര്‍ത്തന വിവാദം രാജ്യത്ത് കത്തിപ്പടരുമ്പോഴും ആര്‍എസ്എസ്സും വിശ്വഹിന്ദു പരിഷത്തും അന്യമതസ്ഥരെ കൂട്ടത്തോടെ ഹിന്ദുക്കളാക്കുന്ന ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കുകയാണ്. ആഗ്രയില്‍ അമ്പത്തേഴോളം മുസ്ലീം മതവിശ്വാസികളെ ഹിന്ദുക്കളാക്കിയ ചടങ്ങിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഗുജറാത്തിലും നൂറോളംപേരെ മതം മാറ്റി.
വാല്‍സാദിലെ അര്‍നായി ഗ്രാമത്തിലാണ് 'ഘര്‍വാപസി' എന്ന പേരിട്ട ചടങ്ങുകള്‍ നടന്നത്. ഗോത്രവര്‍ത്തില്‍പ്പെട്ട ഇവര്‍ നേരത്തെ ഹിന്ദുക്കളായിരുന്നെന്നും ക്രിസ്തുമതത്തിലേക്ക് ഇവരെ മാറ്റുകയാണുണ്ടായതെന്നും വല്‍സാദിലെ വി.എച്ച്.പി പ്രസിഡന്റ് അജിത് സോളാങ്കി പറഞ്ഞു. മതം മാറാന്‍ ഇവരെ ആരും നിര്‍ബന്ധിച്ചിട്ടില്ലെന്നും സോളങ്കി അവകാശപ്പെട്ടു.

ഹിന്ദുമതത്തിലേക്ക് തിരിച്ചുവരണമെന്ന് ആഗ്രഹിച്ചവര്‍ക്കുവേണ്ടിയാണ് ചടങ്ങ് സംഘടിപ്പിച്ചത്. ഏതെങ്കിലും തരത്തില്‍ ഭീഷണിപ്പെടുത്തുകയോ വാഗ്ദാനം ചെയ്യുകയോ ചെയ്തിട്ടില്ല. ക്രിസ്ത്യന്‍ മിഷണറിമാര്‍ വിദ്യാഭ്യാസവും പണവും വാഗ്ദാനം ചെയ്താണ് ഇവരെ നേരത്തെ മതം മാറ്റിയത്. അതുകൊണ്ട്, ഇത് ഒരു തിരിച്ചുവരവ് മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു.
അലഗഡില്‍ അയ്യായിരത്തോളം പേരെ മതം മാറ്റുന്ന ചടങ്ങ് പാര്‍ലിമെന്റിലുണ്ടായ ബഹളത്തെ തുടര്‍ന്ന് മാറ്റിവെച്ചിരുന്നു. എന്നാല്‍, രാജ്യത്തിന്റെ പലഭാഗത്തും ഹിന്ദു സംഘടനകള്‍ വ്യാപകമായ തോതില്‍ മതംമാറ്റല്‍ ചടങ്ങുകള്‍ സംഘടിപ്പിക്കുകയാണ്. ആലപ്പുഴയിലും മുപ്പതോളം പേരെ ഹിന്ദുമതത്തിലേക്ക് മാറ്റിയതായി റിപ്പോര്‍ട്ടുണ്ട്. ബിജെപിയുടെ മുതിര്‍ന്ന നേതാക്കള്‍ മതം മാറ്റത്തിനെ പരസ്യമായി എതിര്‍ക്കുന്നുണ്ടെങ്കിലും അണികള്‍ക്ക് ഇക്കാര്യത്തില്‍ പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ടെന്നാണ് വിവരം.












Click it and Unblock the Notifications