സഹോദരിക്ക് ടോയ്‌ലറ്റ് സമ്മാനം നല്‍കൂ, 'ഭായ് നമ്പര്‍ വണ്‍' ആകൂ
ലക്‌നൗ: പ്രാഥമികകൃത്യം നിര്‍വഹിക്കാന്‍ ടോയ്‌ലറ്റ് ഇല്ലാതെ വിഷമിക്കുന്ന ആയിരക്കണക്കിന് ആളുകള്‍ ഉത്തര്‍ പ്രദേശിലുണ്ട്. സംസ്ഥാന സര്‍ക്കാരിനും കേന്ദ്ര സര്‍ക്കാരിനും ഇതുസംബന്ധിച്ച ഫണ്ട് ഉണ്ടെങ്കിലും ആവശ്യക്കാരുടെ എണ്ണം വളരെയധികമായതിനാല്‍ ടോയ്‌ലറ്റ് നിര്‍മാണം ഭൂരിഭാഗം പേര്‍ക്കും സ്വപ്‌നമായി അവശേഷിക്കുകയാണ്.
ഇതിനൊരു പരിഹാരം കാണാന്‍ പുതിയൊരു പരിപാടി അവതരിപ്പിക്കുകയാണ് ഉത്തര്‍ പ്രദേശിലെ ഫിറോസാബാദ് ജില്ലാ അധികൃതര്‍. വരുന്ന രക്ഷാബന്ധന്‍ ദിവസം സഹോദരിക്ക് ഒരു ടോയ്‌ലറ്റ് സമ്മാനം നല്‍കി 'ഭായ് നമ്പര്‍ വണ്‍' ആകാനുള്ള ഒരു പദ്ധതിയാണ് അവതരിപ്പിക്കുന്നത്. സര്‍ക്കാരിന്റെ സ്വച്ഛ് ഭാരത് കാമ്പയിനിന്റ ഭാഗമായി തുറന്ന സ്ഥലത്തെ മലമൂത്രവിസര്‍ജ്ജനം ഒഴിവാക്കുകയാണ് അധികൃതരുടെ ലക്ഷ്യം.

എല്ലാ വീടുകള്‍ക്കും ടോയ്‌ലറ്റ് എന്ന സംസ്ഥാനത്തെ ആദ്യത്തെ ജില്ലയാകാന്‍ ഇതുവഴി ഫിറോസാബാദിന് കഴിഞ്ഞേക്കുമെന്ന് ജില്ലാ ഭരണാധികാരികള്‍ അറിയിച്ചു. പദ്ധതി വിജയിക്കുകയാണെങ്കില്‍ കര്‍വാ ചൗത്ത് ദിവസത്തില്‍ 'പതി നമ്പര്‍ വണ്‍' എന്ന പരിപാടിയും ഇതേ രീതിയില്‍ ആവിഷ്‌കരിക്കും. ഭാര്യയ്ക്ക് ടോയ്‌ലറ്റ് സമ്മാനമായി നല്‍കി 'പതി നമ്പര്‍ വണ്‍' ആകാം.
12,000 രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ ടോയ്‌ലറ്റിനായി നല്‍കിവരുന്നത്. എന്നാല്‍, ഇതിനായി ഒട്ടേറെപേര്‍ അപേക്ഷിച്ചിട്ടുള്ളതിനാല്‍ ഫണ്ടിന്റെ വിനിയോഗം വേഗത്തിലല്ല. അതുകൊണ്ടാണ് എല്ലാവര്‍ക്കും ടോയ്‌ലറ്റ് എന്ന ലക്ഷ്യം വേഗത്തില്‍ സാക്ഷാത്കരിക്കുന്നതിനായി ജില്ലാ അധികൃതര്‍ വേറിട്ട പദ്ധതി ആവഷ്‌കരിച്ചിരിക്കുന്നതെന്ന് സ്വച്ഛ് ഭാരത് മിഷന്‍ പ്രൊജക്റ്റ് കോര്‍ഡിനേറ്റര്‍ രാജീവ് ഗുപ്ത വ്യക്തമാക്കി.












Click it and Unblock the Notifications