11കാരി സ്‌കൂളില്‍ തീക്കൊളുത്തിമരിച്ചു
ചെന്നൈ: ആറാം ക്ലാസ് വിദ്യാര്‍ഥിനി സ്‌കൂളില്‍ വെച്ച് ആത്മഹത്യ ചെയ്തു. അതും മണ്ണെണ്ണയൊഴിച്ച് തീക്കൊളുത്തി. കാഞ്ചീപുരത്തെ ഒരു സര്‍ക്കാര്‍ സ്‌കൂളിലാണ് ആറാം ക്ലാസ് വിദ്യാര്‍ഥിനിയായ 11 കാരി ദാരുണമായ രീതിയില്‍ ജീവന്‍ അവസാനിപ്പിച്ചത്. കുട്ടി രാവിലത്തെ ബ്രേക്ക് സമയത്ത് റെസ്റ്റ് റൂമില്‍ കയറി മണ്ണെണ്ണയൊഴിച്ച ശേഷം ദേഹത്ത് തീക്കൊളുത്തുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു.
ഓട്ടോറിക്ഷാ ഡ്രൈവറുടെ മകളായ സ്‌നേഹ (യഥാര്‍ഥ പേരല്ല) എന്ന 11 കാരിയാണ് ആത്മഹത്യ ചെയ്തത്. പകുതിയിലധികം കത്തിക്കരിഞ്ഞ പെണ്‍കുട്ടിയെ ചെന്നൈ കില്‍പാക്കം മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അബ്ദുള്ളപുരത്തെ തോപ്പു സ്ട്രീറ്റിലാണ് കുട്ടിയുടെ കുടുംബം താമസിക്കുന്നത്.

കൂള്‍ ഡ്രിങ്ക്‌സിന്റെ കുപ്പിയില്‍ മണ്ണെണ്ണ നിറച്ച് സ്‌കൂള്‍ ബാഗില്‍ വെച്ചാണ് കുട്ടി വീട്ടില്‍ നിന്നും വന്നതത്രെ. സ്‌നേഹയുടെ മരണത്തിന് രക്ഷിതാക്കളാണ് ഉത്തരവാദികള്‍ എന്നാണ് സ്‌കൂള്‍ അധികൃതരുടെ നിലപാട്. എന്നാല്‍ സ്‌കൂള്‍ അധികൃതര്‍ കാരണമാണ് മകള്‍ ആത്മഹത്യ ചെയ്തത് എന്ന് രക്ഷിതാക്കള്‍ ആരോപിക്കുന്നു.
സ്‌കൂള്‍ പരിസരത്ത് നടക്കുന്ന കാര്യങ്ങള്‍ക്ക് സ്‌കൂള്‍ അധികൃതരാണ് ഉത്തരവാദികളെന്ന് കുട്ടിയുടെ അച്ഛന്‍ പറഞ്ഞു. തന്റെ മകളെ മറ്റാരോ തീവച്ച് കൊലപ്പെടുത്തിയതാണ് എന്നും ഇയാള്‍ ആരോപിക്കുന്നു. എന്നാല്‍ ഈ ആരോപണങ്ങള്‍ സ്‌കൂള്‍ അധികൃതര്‍ നിഷേധിച്ചു. സ്‌കൂള്‍ ബാഗില്‍ മണ്ണെണ്ണക്കുപ്പിയും കൊണ്ടാണ് കുട്ടി രാവിലെ വന്നത് തന്നെ. എന്താണ് വീട്ടില്‍ സംഭവിച്ചതെന്ന് രക്ഷിതാക്കള്‍ തുറന്നുപറയണം. - സ്‌കൂളിലെ പ്രധാനാധ്യാപിക പറഞ്ഞു.












Click it and Unblock the Notifications