ദേവദാസിയാകാന്‍ വിസമ്മതിച്ചു ; യുവതിയ്ക്ക് മര്‍ദ്ദനം
ബെല്ലാരി : ദേവദാസിയാകാന്‍ വിസമ്മതിച്ച യുവതിയ്ക്കും കുടുംബത്തിനും ബന്ധുക്കളുടെ മര്‍ദ്ദനം. കര്‍ണാടകയിലെ ഹൊസ്‌പേട്ട് താലൂക്കിലെ കാമാക്ഷി എന്ന ഇരുപതുകാരിയ്ക്ക് നേരെയാണ് ബന്ധുക്കളുടെ മര്‍ദ്ദനമുണ്ടായത്.
തിങ്കളാഴ്ചയാണ് സംഭവം. യുവതിയുടെ വിവാഹ നിശ്ചയത്തിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് ദേവദാസിയാകണമെന്ന ആവശ്യവുമായി ബന്ധുക്കള്‍ രംഗത്തെത്തിയത്. എന്നാല്‍ യുവതി തന്റെ തീരുമാനത്തില്‍ ഉറച്ചുനിന്നു. തുടര്‍ന്ന് ബന്ധുക്കള്‍ മര്‍ദ്ദിച്ചതിനെത്തുടര്‍ന്ന് യുവതി അമ്മയ്ക്കും സഹോദരങ്ങള്‍ക്കുമൊപ്പം പോലീസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. സംഭവത്തില്‍ യുവതിയുടെ ബന്ധുക്കളായ ഒമ്പത് പേരെ പോലീസ് അറസ്റ്റ് ചെയ്തു.

തനിക്ക് ദേവദാസിയാകാന്‍ താത്പര്യമില്ലെന്നും ഒരു സാധാരണ ജീവിതമാണ് ആഗ്രഹിക്കുന്നതെന്നും പെണ്‍കുട്ടി പോലീസിനോട് പറഞ്ഞു. യുവതിയുടെ വിവാഹനിശ്ചയം ചൊവ്വാഴ്ച നടന്നു.
മൂന്ന് ദശാബ്ദങ്ങള്‍ക്ക് മുമ്പ് കര്‍ണാടകയില്‍ ദേവദാസി സമ്പ്രദായം നിരോധിച്ചിരുന്നതാണ്. എന്നാല്‍ ചില ഉള്‍നാടന്‍ പ്രദേശങ്ങളില്‍ ഇതിപ്പോഴും തുടരുന്നതായാണ് പറയുന്നത്. ദേവദാസി സമ്പ്രദായം അവസാനിപ്പിക്കാന്‍ നടപടിയെടുക്കണമെന്ന് സുപ്രീംകോടതി കര്‍ണാടക സര്‍ക്കാരിന് നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു.












Click it and Unblock the Notifications