'എനിക്കൊരവസരം തരൂ, നിങ്ങളെ അയോധ്യയിലേക്ക് കൊണ്ടുപോകാം'; ഗുജറാത്തിൽ വമ്പൻ വാഗ്ദാനവുമായി കെജരിവാൾ
അഹമ്മദാബാദ്: ഗുജറാത്തിൽ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിന് പിന്നാലെ വോട്ടർമാർക്ക് വമ്പൻ വാഗ്ദാനവുമായി അരവിന്ദ് കെജരിവാൾ. ഗുജറാത്തിൽ ആം ആദ്മിക്ക് അവസരം തന്നാൽ സൗജന്യമായി വൈദ്യുതിയും സ്കൂളുകളും ആശുപത്രികളും നിർമ്മിക്കുമെന്ന് കെജരിവാൾ പറഞ്ഞു. ട്വിറ്ററിൽ പങ്കിട്ട ഒരു മിനിറ്റ് വീഡിയോയിലൂടെയാണ് കെജരിവാളിന്റെ പ്രഖ്യാപനം.

ഗുജറാത്തി ഭാഷയിലാണ് കെജരിവാളിന്റെ വാക്കുകൾ-' ഞാൻ നിങ്ങളുടെ സഹോദരനാണ്. നിങ്ങളുടെ കുടുംബാംഗമാണ്. എനിക്ക് ഒരു അവസരം തരൂ, ഞാൻ നിങ്ങൾക്ക് സൗജന്യ വൈദ്യുതി തരാം, സ്കൂളുകളും ആശുപത്രികളും നിർമ്മിച്ച് നൽകാം. നിങ്ങളെ അയോധ്യയിലെ രാമക്ഷേത്രത്തിലേക്ക് കൊണ്ടുപോകും', ഒരു മിനിറ്റ് വിഡിയോയിൽ കെജരിവാൾ പറഞ്ഞു.
ഗുജറാത്തിൽ ആം ആദ്മി 90 മുതൽ 95 സീറ്റുകളിൽ വരെ വിജയിക്കും.പക്ഷേ ഈ നില തുടർന്നാൽ 140 മുതൽ 150 സീറ്റുകളിൽ വരെ പാർട്ടിക്ക് വിജയിക്കാൻ കഴിയും', പാർട്ടി വക്താവ് സൗരഭ് ഭരത്വാജ് പറഞ്ഞു. 182 സീറ്റുകളിലും ആം ആദ്മി മത്സരിക്കുമെന്നും ഭരത്വാജ് പറഞ്ഞു. വലിയ പ്രതീക്ഷയോടെയാണ് ആം ആദ്മി ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പ് പോരാട്ടത്തിനിറങ്ങുന്നത്. 2017 ൽ വെറും 30 സീറ്റുകളിൽ മത്സരിച്ച എ എ പിക്ക് അന്ന് ചലനം ഉണ്ടാക്കാൻ ഒന്നും പാർട്ടിക്ക് സാധിച്ചിരുന്നില്ല. എന്നാൽ ഇത്തവണ വൻ മുന്നേറ്റമാണ് ആപ് പ്രതീക്ഷിക്കുന്നത്.
ആപ്പിന്റെ വരവോടെ ഗുജറാത്തിൽ ശക്തമായ ത്രകോണ പോരാട്ടത്തിനാണ് വഴി തെളിഞ്ഞിരിക്കുന്നത്. ഇതിനോടകം തന്നെ 118 ഓളം സീറ്റുകളിൽ ആം ആദ്മി സ്ഥാനാർത്ഥി പ്രഖ്യാപനം പൂർത്തിയാക്കിയിട്ടുണ്ട്. ഉടൻ തന്നെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയേയും പ്രഖ്യാപിക്കുമെന്ന് ആം ആദ്മി വ്യക്തമാക്കിയിട്ടുണ്ട്.
സംസ്ഥാനത്ത് ഭരണം പിടിക്കാനാകുമെന്ന പ്രതീക്ഷ ആപ്പിന് ഇല്ലെങ്കിലും ബി ജെ പിക്ക് വലിയ വെല്ലുവിളി ഉയർത്തുകയാണ് പാർട്ടി ലക്ഷ്യം വെയ്ക്കുന്നത്. ലോക്സഭ തിരഞ്ഞെടുപ്പിന് തൊട്ട് മുൻപ് മോദിയുടെ തട്ടകത്തിൽ ബി ജെ പിക്ക് കനത്ത തിരിച്ചടി നൽകാനായാൽ അത് ആപ്പിനെ സംബന്ധിച്ച് പ്രത്യേകിച്ച് ദേശീയ രാഷ്ട്രീയം ലക്ഷ്യം വെയ്ക്കുന്ന കെജരിവാളിന് വലിയ രീതിയിൽ ഗുണം ചെയ്യും.
ഡിസംബര്‍ ഒന്ന്, അഞ്ച് ദിവസങ്ങളില്‍ രണ്ട് ഘട്ടമായാണ് ഗുജറാത്തിലെ തിരഞ്ഞെടുപ്പ്. ഡിസംബര്‍ എട്ടിനാണ് ഫല പ്രഖ്യാപനം. ആദ്യഘട്ടത്തില്‍ 89 ഉം രണ്ടാം ഘട്ടത്തില്‍ 93 മണ്ഡലങ്ങളിലുമാണ് വോട്ടെടുപ്പ് നടക്കുക.












Click it and Unblock the Notifications