ഹർദിക് പട്ടേൽ ബിജെപിയിലേക്ക്? മോദിയേയും ബിജെപിയേയും പ്രശംസിച്ച് അഭിമുഖം
അഹമ്മദാബാദ്; കോൺഗ്രസ് ഗുജറാത്ത് വർക്കിംഗ് പ്രസിഡന്റും പട്ടേൽ സുമായ നേതാവുമായ ഹർദിക് പട്ടേൽ ബി ജെ പിയിൽ ചേർന്നേക്കുമെന്ന അഭ്യൂഹം ശക്തം. ബി ജെ പിയേയും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും പുകഴ്ത്തിക്കൊണ്ടുള്ള ഹർദിക്കിന്റെ അഭിമുഖമാണ് ഇപ്പോൾ പുതിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നത്.
ഗുജറാത്തി പത്രമായ ദിവ്യ ഭാസ്‌റില്‍ ഹര്‍ദിക് നല്‍കിയ അഭിമുഖത്തിലാണ് ബി ജെ പി ആശങ്ങളേയും നേതാക്കളേയും ഹാർദിക് ആവോളം പുകഴത്തിയിരിക്കുന്നത്. മാത്രമല്ല രാമക്ഷേത്ര നിര്‍മ്മാണം, കശ്മീരിലെ 370-ാം അനുച്ഛേദം റദ്ദാക്കല്‍ എന്നീ നടപടികളിൽ ബി ജെ പിയെ പിന്തുണയ്ക്കുകയും ഹാർദിക് ചെയ്യുന്നുണ്ട്.

2022 ലെ നിയമസഭ തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് കൊണ്ടായിരുന്നു രാഹുൽ ഗാന്ധി ഹാർദ്ദിക്ക് പട്ടേലിനെ കോൺഗ്രസ് വർക്കിംഗ് പ്രസിഡന്റ് ആക്കിയത്. എന്നാൽ കഴിഞ്ഞ കുറച്ച് നാളുകളായി സംസ്ഥാന കോൺഗ്രസ് നേതൃത്വവുമായി കടുത്ത അതൃപ്തിയിലായിരുന്നു ഹർദിക് പട്ടേൽ. താൻ പാർട്ടിയിൽ ഒതുക്കപ്പെടുകയാണെന്ന ആരോപണമായിരുന്നു ഹർദിക് ഉയർത്തിയത്. ‘വന്ധ്യംകരിക്കപ്പെട്ട നവവരന്റെ അവസ്ഥയാണ് കോൺഗ്രസ് പാർട്ടിയിൽ എന്റേത്'എന്നായിരുന്നു കഴിഞ്ഞ ദിവസം ഹർദ്ദിക്ക് പൊട്ടിത്തെറിച്ചത്. തന്നെ മീറ്റിങ്ങുകളില്‍ വിളിക്കുന്നില്ലെന്നും തീരുമാനങ്ങള്‍ എടുക്കുന്നതിന് മുമ്പ് തന്നോട് ആലോചിക്കുന്നില്ലെന്നും ഹർദീക് ആരോപിച്ചിരുന്നു. മുതിർന്ന നേതാക്കൾ ഉൾപ്പെടെ പലപ്പോഴും തന്റെ അഭിപ്രായങ്ങൾ കേൾക്കുന്നില്ലെന്നതായിരുന്നു ഹർദീക്കിന്റെ ആക്ഷേപം.

പട്ടേൽ സമുദായത്തിലെ പ്രമുഖ നേതാവായ നരേഷ് പട്ടേലിനെ കോൺഗ്രസിലേക്ക് കൊണ്ടുവരാനുള്ള നീക്കങ്ങളും ഹർദികിനെ ചൊടിപ്പിച്ചിട്ടുണ്ട്. വ്യവസായിയും ലവ പട്ടേൽ വിഭാഗത്തിലെ പ്രമുഖനുമായ നരേഷ് പട്ടേലിനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടി മുന്നോട്ട് കൊണ്ടുപോയാൽ അത് പാർട്ടിക്ക് ഗുണം ചെയ്യുമെന്നതായിരുന്നു നേരത്തേ തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ കോൺഗ്രസിന് മുന്നിൽ വെച്ച നിർദ്ദേശം. എന്നാൽ നരേഷ് പാർട്ടിയിലെത്തിയാൽ താൻ പാർട്ടിയിൽ ഒതുക്കപ്പെടുമെന്ന ആശങ്ക ഹർദികിന് ഉണ്ട്.തന്റെ ആശങ്കകൾ പരസ്യമായി പ്രകടിപ്പിച്ചിട്ടും നേതൃത്വം ഇതിൽ പ്രതികരിക്കാതിരിക്കുന്നതിൽ ഹർദിക് അസ്വസ്ഥനായിരുന്നു. അതിനിടയിലാണ് ഇപ്പോൾ ബി ജെ പിയെ പുകഴ്ത്തിക്കൊണ്ടുള്ള ലേഖനം. അതേസമയം ഇത് സമ്മർദ്ദ തന്ത്രമാണോയെന്നുള്ള ചർച്ചകളും ഉണ്ട്.

പട്ടേൽ സംവരണ പ്രക്ഷോഭങ്ങളുടെ മുഖമായ ഹർദിക് പട്ടേലിന്റെ പിന്തുണയായിരുന്നു 2017 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് വലിയ മുന്നേറ്റം ഉണ്ടാക്കാൻ കോൺഗ്രസിനെ സഹായിച്ചത്. പട്ടേൽ സമുദായങ്ങൾക്ക് ശക്തമായ സാന്നിധ്യമുള്ള സൗരാഷ്ടട്ര മേഖലയിൽ ഉൾപ്പെടെ വലിയ മുന്നേറ്റം ഉണ്ടാക്കാൻ കോൺഗ്രസിന് സാധിച്ചിരുന്നു. തിരഞ്ഞെടുപ്പിൽ 182 സീറ്റിൽ 77 സീറ്റുകളായിരുന്നു കോൺഗ്രസിന് ലഭിച്ചത്. ലോക്സഭ തിരഞ്ഞെടുപ്പിന് മുൻപ് ബിജെപിയുടേയും മോദിയുടേയും തട്ടകമായ ഗുജറാത്തിൽ അട്ടിമറി ഉണ്ടാക്കി കളം പിടിക്കാനുള്ള ശ്രമത്തിലാണ് ഇക്കുറി കോൺഗ്രസ്. ഗുജറാത്തിൽ മുന്നേറ്റം ഉണ്ടാക്കിയാൽ അടുത്ത പാർലമെന്റ് തിരഞ്ഞെടുപ്പിൽ അത് കോൺഗ്രസിന് വലിയ കരുത്താകുമെന്നും നേതൃത്വം കരുതുന്നുണ്ട്. അതിനിടയിലാണ് ഇപ്പോൾ പാർട്ടിയ്ക്ക് പ്രതിസന്ധി തീർത്തുള്ള ഹർദിക് പട്ടേലിന്റെ നീക്കങ്ങൾ.
Recommended Video

നിലവിലെ സാഹചര്യത്തിൽ ഹർദിക് പാർട്ടി വിട്ടാൽ അത് കോൺഗ്രസിനെ സംബന്ധിച്ച് വലിയ തിരിച്ചടിയായേക്കുമെന്ന് തന്നെയാണ് വിലയിരുത്തപ്പെടുന്നത്. അതേസമയം നേരത്തേ കോൺഗ്രസ് വിട്ട് ഹർദിക് ബി ജെ പിയിൽ ചേർന്നേക്കുമെന്നുള്ള വാർത്തകൾ തള്ളി ഹർദിക് രംഗത്തെത്തിയിരുന്നു. ഇപ്പോഴത്തെ ചർച്ചകളിൽ ഹർദിക്കോ കോൺഗ്രസ് ദേശീയ നേതൃത്വമോ പ്രതികരിച്ചിട്ടില്ല.












Click it and Unblock the Notifications