പത്മശ്രീ തിരിച്ചു നൽകുന്നു'; പ്രധാനമന്ത്രിക്ക് കത്തയച്ച് ബജ്രംഗ് പൂനിയ
ഡൽഹി: ഗുസ്തി താരങ്ങളോട് തുടരുന്ന അനീതിയിൽ പ്രതിഷേധിച്ച് പത്മശ്രീ പുരസ്കാരം തിരികെ നൽകാനൊരുങ്ങി ഗുസ്തി താരമായ ബജ്റംഗ് പൂനിയ. ഇത് സംബന്ധിച്ച് പ്രധാനമന്ത്രിക്ക് അയച്ച കത്ത് അദ്ദേഹം ട്വീറ്റ് ചെയ്തു. 2019 ലാണ് അദ്ദേഹത്തിന് പത്മശ്രീ ലഭിച്ചത്.
'ഞാൻ എന്റെ പത്മശ്രീ പ്രധാനമന്ത്രിക്ക് തിരികെ നൽകുകയാണ്. അത് വ്യക്തമാക്കുന്ന കത്താണിത്. ഇതാണെന്റെ പ്രസ്താവന', കത്ത് പങ്കുവെച്ച് പൂനിയ കുറിച്ചു. 'പ്രിയപ്പെട്ട പ്രധാനമന്ത്രി ജി, അങ്ങ് മറ്റ് ജോലികളിൽ തിരക്കിലായിരിക്കും പക്ഷേ ഞാൻ ഇത് എഴുതുന്നത് രാജ്യത്തെ ഗുസ്തിക്കാരിലേക്ക് അങ്ങയുടെ ശ്രദ്ധ ആകർഷിക്കാനാണ്. ഈ വർഷം ജനുവരിയിൽ ബൃജ് ഭൂഷൺ സിംഗിനെതിരെ ലൈംഗികാരോപണം ഉന്നയിച്ച് രാജ്യത്തെ വനിതാ ഗുസ്തിക്കാർ പ്രതിഷേധം ആരംഭിച്ചത് അങ്ങ് അറിഞ്ഞിരിക്കണമ. ഞാനും അവരുടെ പ്രതിഷേധത്തിൽ പങ്കുചേർന്നു. ശക്തമായ നടപടി സ്വീകരിക്കുമെന്ന് സർക്കാർ ഉറപ്പ് നൽകിയതിനെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്. എന്നാൽ മൂന്ന് മാസം കഴിഞ്ഞിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ല.

ഏപ്രിലിൽ ഞങ്ങൾ വീണ്ടും തെരുവിലിറങ്ങി, അതിനിടയിൽ പരാതിക്കാർ 19 ഉണ്ടായിരുന്നത് ഏപ്രിലിൽ 7 ആയി കുറഞ്ഞു. ബ്രിജ് ഭൂഷൺ 12 വനിതാ ഗുസ്തിക്കാരെ സ്വാധീനിച്ചു എന്നാണ് മനസിലാക്കുന്നത്. സമരം കടുപ്പിക്കുകയും ഞങ്ങൾ മെഡലുകൾ ഗംഗയിൽ ഒഴുക്കാൻ തയ്യാറെടുക്കുകയും ചെയ്തപ്പോൾ സർക്കാർ ഇടപെട്ട് ഞങ്ങളെ ചർച്ചയ്ക്ക് ക്ഷണിച്ചു. ചർച്ചയിൽ ആഭ്യന്തര മന്ത്രി അമിത് ഷാ നീതി ഉറപ്പാക്കുമെന്ന് വാക്ക് നൽകിയ എന്നാൽ ഡിസംബർ 21 ന് നടന്ന തിരഞ്ഞെടുപ്പിൽ ബ്രിജ് ഭൂഷണിന്റെ അനുയായി തിരഞ്ഞെടുക്കപ്പെട്ടു. മുൻപത്തെ പോലെ തന്നെ ഫെഡറേഷനിൽ ആധിപത്യം ഉണ്ടാകുമെന്ന് ബ്രിജ് ഭൂഷൺ പ്രഖ്യാപിച്ചു.ഇതോടെയാണ് സാക്ഷി മാലിക്കിന് താൻ ഗുസ്തിയിൽ നിന്നും വിരമിക്കുകയാണെന്ന് പ്രഖ്യാപിക്കേണ്ടി വന്നത്.
2019 ലാണ എനിക്ക് പത്മശ്രീ ലഭിച്ചത്. അർജുനയും ഖേൽരത്നയും എനിക്ക് ലഭിച്ചു. സന്തോഷത്തിന്റെ ഉന്നതിയിലായിരുന്നു അപ്പോൾ ഞാൻ എന്നാൽ ഇപ്പോൾ എനിക്ക് ഈ പുരസ്കാരങ്ങൾ ഭാരമായി തോന്നുന്നു.നമ്മുടെ വനിതാ ഗുസ്തി താരങ്ങൾ അപമാനിക്കപ്പെടുമ്പോൾ എനിക്ക് പത്മശ്രീ അവാർഡ് ജേതാവായി ജീവിക്കാൻ കഴിയില്ല. അതുകൊണ്ട് ഞാൻ എന്റെ പുരസ്കാരങ്ങൾ തിരികെ നൽകുന്നു', അദ്ദേഹം കത്തിൽ പറഞ്ഞു.
ബ്രിജ് ഭൂഷൺ സിംഗിന്റെ വിശ്വസ്തനും ബിസിനസ് പങ്കാളിയുമായ സഞ്ജയ് സിങിനെയാണ് ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ പ്രസിഡന്റായി തിരഞ്ഞെടുത്തത്. ഇതിന് പിന്നാലെയാണ് താൻ കരിയർ അവസാനിപ്പിക്കുന്നതായി സാക്ഷി മാലിക് പ്രഖ്യാപിച്ചത്. മത്സങ്ങൾക്ക് ഉയോഗിക്കുന്ന ഷൂസ് ഊരി മേശപ്പുറത്ത് വെച്ച് പൊട്ടിക്കരഞ്ഞ് കൊണ്ടായിരുന്നു അവരുടെ പ്രഖ്യാപനം.












Click it and Unblock the Notifications