ക്രൂഡ് ഓയില്‍ നിരക്ക് കുത്തനെ ഇടിഞ്ഞു: രാജ്യത്ത് പെട്രോള്‍-ഡീസല്‍ വില കുറച്ചേക്കും, ആലോചന
ഡല്‍ഹി: ആഗോള വിപണിയില്‍ ക്രൂഡ് ഓയിലിന് വലിയ ഇടിവാണ് സമീപ ദിവസങ്ങളില്‍ ഉണ്ടായിരിക്കുന്നത്. ഈ സാഹചര്യത്തില്‍ രാജ്യത്തെ പെട്രോള്‍ - ഡീസല്‍ വിലയിലും കുറവ് വരുത്താന്‍ കേന്ദ്ര സർക്കാർ ആലോചിക്കുന്നുവെന്നാണ് ബിസിനസ് ടുഡേ റിപ്പോർട്ട് ചെയ്യുന്നത്. ആഗോള ക്രൂഡ് ഓയിൽ വില കഴിഞ്ഞ ഒമ്പത് മാസത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് എത്തിയതോടെയാണ് കേന്ദ്ര സർക്കാർ ഇത്തരമൊരു ആലോചന ആരംഭിച്ചത്.
വിലയിടിവ് ഓയിൽ മാർക്കറ്റിംഗ് കമ്പനികൾക്ക് (ഒഎംസി) ഇതിനോടകം തന്നെ മികച്ച ലാഭം നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ രാജ്യത്തെ പെട്രോള്‍ - ഡീസല്‍ വിലയിലും കുറവ് വരുത്തി ആഗോള വിലയിടിവിന്റെ ആനുകൂല്യം ജനങ്ങള്‍ക്ക് നല്‍കുന്നത് പരിഗണിക്കണം എന്ന ആവശ്യം നേരത്തെ തന്നെ വിവിധ കോണുകളില്‍ നിന്നും ഉയർന്നിരുന്നു.

ഹരിയാനയിലും ജമ്മു കശ്മീരിലും മാത്രമല്ല മഹാരാഷ്ട്രയിലും നിയമസഭാ തെരഞ്ഞെടുപ്പുകൾ അടുത്തിരിക്കുന്ന സാഹചര്യവും ഇവിടെ പരിഗണനാ വിഷയമാണ്. പെട്രോള്‍ വിലയില്‍ കുറവ് വരുത്തിയാല്‍ തിരഞ്ഞെടുപ്പില്‍ അത് സ്വാഭാവികമായും സർക്കാറിന് ജനങ്ങളില്‍ അനൂകലമായ ചിന്തയുണ്ടാക്കുകയും ചെയ്യും.
ആഗോള എണ്ണവിലയിലെ സമീപകാല ഇടിവ് ഉപഭോക്താക്കൾക്ക് എങ്ങനെ പ്രയോജനപ്പെടുത്താം എന്നത് സംബന്ധിച്ച ചർച്ച നേരത്തെ തന്നെ കേന്ദ്ര സർക്കാർ ആരംഭിച്ചിരുന്നുവെന്നും റിപ്പോർട്ടുകള്‍ പറയുന്നു. ബുധനാഴ്ച, ക്രൂഡ് ഓയിൽ വില ഒരു ശതമാനത്തിലധികം ഇടിഞ്ഞു. ഇതോടെ വില ബാരലിന് 70 ഡോളറിൽ താഴെയായി. ബ്രെൻ്റ് ക്രൂഡ് വിലയും ഒരു ഡോളർ കുറഞ്ഞ് ബാരലിന് 72.75 ഡോളറർ എന്ന നിരക്കിലേക്ക് എത്തിയിട്ടുണ്ട്.
ആഗോള വിപണിയിലേക്ക് ലിബിയൻ എണ്ണയുടെ തിരിച്ചുവരവാണ് സമീപകാലത്തെ വിലയിടിവിൻ്റെ പ്രധാന ഘടകമായി വിലയിരുത്തപ്പെടുന്നത്. കൂടാതെ, ഒപെക് ഇതര രാജ്യങ്ങൾ എണ്ണ ഉൽപ്പാദനം വർധിപ്പിക്കുകയും ചെയ്തു. പുതിയ സാഹചര്യത്തില്‍ അടുത്ത കാലയളവിൽ തന്നെ എണ്ണ വില ബാരലിന് 70 ഡോളറിലേക്ക് എത്തിയേക്കുമെന്നും വിദഗ്ധർ പ്രവചിക്കുന്നു.
ഇതിന് മുമ്പ് ലോക്സഭ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചായിരുന്നു കേന്ദ്ര സർക്കാർ പെട്രോള്‍ - ഡീസല്‍ വില കുറച്ചത്. മാർച്ചിൽ സർക്കാർ പെട്രോൾ, ഡീസൽ വില ലിറ്ററിന് രണ്ട് രൂപയായി കുറച്ചു.
ഇപ്പോൾ ഇന്ധനവിലയിൽ വീണ്ടും കുറവ് വരുത്തിയാല്‍ ഉയർന്ന ഇന്ധനച്ചെലവ് വഹിക്കുന്ന ഉപഭോക്താക്കൾക്ക് അത് വലിയ ആശ്വാസമായി മാറും എന്നതില്‍ സംശയം ഇല്ല.












Click it and Unblock the Notifications