ആഗോള പട്ടിണി സൂചികയിൽ ഇന്ത്യ വീണ്ടും താഴേക്ക്; സ്ഥാനം പാകിസ്താനും താഴെ
ന്യൂഡൽഹി: ആഗോള പട്ടിണി സൂചികയിൽ ഇന്ത്യ വീണ്ടും കുത്തനെ താഴേക്ക്. 121 രാജ്യങ്ങളിൽ 107-ാം സ്ഥാനത്താണ് സൂചികയിൽ ഇന്ത്യയുടെ സ്ഥാനം. കഴിഞ്ഞ വർഷത്തേക്കാൾ ആറ് സ്ഥാനം കൂടി ഇന്ത്യ ഈ വർഷം പിന്നോട്ടു പോയി. 101-ാംസ്ഥാനത്തായിരുന്ന ഇന്ത്യ 107-ാം സ്ഥാനത്താണ്. 29.1 ആണ് ഇന്ത്യയുടെ ആഗോള പട്ടിണി സൂചികയിൽ ഇന്ത്യയുടെ സ്കോർ.
ചൈന, പാകിസ്താൻ, ശ്രീലങ്ക, ബംഗ്ലാദേശ്, നേപ്പാൾ, മ്യാന്മർ അടക്കമുള്ള അയൽ രാജ്യങ്ങളേക്കാൾ പിന്നിലാണ് ഇന്ത്യ. യഥാക്രമം 4, 99, 64, 84, 81, 71 എന്നിങ്ങനെയാണ് ഈ രാജ്യങ്ങളുടെ റാങ്ക്. അഫ്ഗാനിസ്താൻ പട്ടികയിൽ ഇന്ത്യയ്ക്ക് പിന്നിലാണ്. 109-ാം റാങ്കാണ് ആഗോള പട്ടിണി സൂചികയിൽ അഫ്ഗാനിസ്താൻ.

121 രാജ്യങ്ങളിൽ 17ഓളം രാജ്യങ്ങളാണ് അഞ്ചിൽ താഴെ മാത്രം സ്കോർ നേടിയിരിക്കുന്നത്. ആഗോള പട്ടിണി സൂചികയിൽ ഒന്നാണ് സ്ഥാനത്ത് ബെലാറുസ് ആണ്. ബോസ്നിയ, ചിലി എന്നീ രാജ്യങ്ങൾ രണ്ടും മൂന്നും സ്ഥാനത്താണ്. ചൈനയാണ് നാലാം സ്ഥാനം.
പോഷകാഹാരക്കുറവ്, ശിശുമരണനിരക്ക്, ശരീരശോഷണം, വളർച്ചാ മുരടിപ്പ് എന്നീ സൂചകങ്ങൾ അടിസ്ഥാനമാക്കിയാണ് ആഗോള പട്ടിണിസൂചിക തയ്യാറാക്കിയത്. 2000-ൽ ഇത് 38.8 ആയിരുന്നു, ഇത് 2012-നും 2021-നും ഇടയിൽ 28.8 27.5 ആയി തുടർന്നു. 2020-ൽ ഇന്ത്യ 94-ാം സ്ഥാനത്തായിരുന്നു.
അതേസമയം, ആഗോള പട്ടിണി സൂചിക തയ്യാറാക്കിയ രീതി അശാസ്ത്രീയമെന്ന് പറഞ്ഞ് കഴിഞ്ഞ വർഷം പുറത്തുവിട്ട റിപ്പോർട്ടിനെ കേന്ദ്രം തള്ളിയിരുന്നു. ഈ സാഹചര്യത്തിലാണ് വീണ്ടും പട്ടികയിൽ ഇന്ത്യ പിന്നിലായത്. അതേസമയം, 2014നേക്കാൾ മോദി സർക്കാരിന്റെ കാലത്ത് ആഗോള പട്ടിണി സൂചികയിൽ ഇന്ത്യയുടെ സ്കോർ ഏറ്റവും മോശമായ നിലയിലാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് പി ചിദംബരം പറഞ്ഞു. 2014 മുതൽ ആഗോള പട്ടിണി സൂചികയിൽ ഇന്ത്യയുടെ സ്ഥാനം താഴേക്ക് പോകുന്നത് ആശങ്കാജനകം എന്ന് സീതാറാം യെച്ചൂരി പറഞ്ഞു .












Click it and Unblock the Notifications