ഗോവയില്‍ ഇഞ്ചോടിഞ്ച് പോരാട്ടവുമായി ബിജെപിയും കോണ്‍ഗ്രസും; തൂക്കുമന്ത്രി സഭയെന്ന് ജന്‍ കി ബാത് സര്‍വേ
പനാജി: ജന് കി ബാത് സര്‍വേയില്‍ ഗോവയില്‍ തൂക്കു മന്ത്രിസഭയെന്ന് പ്രവചനം. ബി ജെ പി 13-19 സീറ്റും കോണ്‍ഗ്രസ് 14-19 സീറ്റും നേടുമെന്നാണ് പ്രവചനം. ആം ആദ്മി പാര്‍ട്ടിയ്ക്ക് 3-5 വരെ സീറ്റ് ലഭിക്കും. എം ജി പി ( മഹാരാഷ്ട്രവാദി ഗോമന്തക് പാര്ട്ടി) 1-2 സീറ്റ് വരെ നേടും. സീ ന്യൂസ്- ഡിസൈന് ബോക്‌സ്ഡ് സര്‍വേ ഫലവും ഗോവയില് തൂക്കുമന്ത്രിസഭ പ്രവചിക്കുന്നു. 33 ശതമാനം വോട്ട് വിഹിതവുമായി കോണ്ഗ്രസ് സഖ്യം ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്നും 31 ശതമാനം വോട്ട് വിഹിതവുമായി ബി ജെ പി രണ്ടാമതായിരിക്കുമെന്നും പ്രതീക്ഷിക്കുന്നു.
കോണ്‍ഗ്രസ് സഖ്യം 14-19 സീറ്റ് നേടും. ബി ജെ പി 13-18, എം ജി പി സഖ്യം 2-5, എ എ പി 1-3, മറ്റുള്ളവര്‍ 1-3 എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സീറ്റ് നില. ഇന്ത്യ ടുഡെ-ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോള് പ്രകാരം ഗോവയില്‍ ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കില്ലെന്നാണ് പറയുന്നത്. കോണ്‍ഗ്രസും ഗോവ ഫോര്‍വേഡ് പാര്‍ട്ടിയും സഖ്യം ചേര്‍ന്നാണ് ഗോവയില്‍ മത്സരിച്ചത്. ഇവര്‍ക്ക് 15-20 സീറ്റുകള്‍ ലഭിക്കുമെന്ന് ഫലം പറയുന്നു. തനിച്ച് മല്‍സരിച്ച ബി ജെ പിക്ക് 14 മുതല് 18 സീറ്റ് വരെ കിട്ടുമെന്നാണ് പ്രവചനം.

തൃണമൂല്‍ കോണ്‍ഗ്രസ്-മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടി സഖ്യത്തിന് 2-5 സീറ്റുകള്‍ കിട്ടിയേക്കും. അങ്ങനെയെങ്കില്‍ ഇവര്‍ ഗോവയില്‍ നിര്‍ണായക ശക്തിയാകും. ഇവരുടെ പിന്തുണ ലഭിക്കുന്നവര്‍ക്ക് ഭരണം കിട്ടുന്ന തരത്തിലേക്ക് സാഹചര്യം മാറും. 2017 ല്‍ ഏറ്റവും വലിയ ഒറ്റ കക്ഷി കോണ്‍ഗ്രസായിരുന്നു. പക്ഷേ, പ്രാദേശിക പാര്‍ട്ടികളെയും സ്വതന്ത്രരെയും ചേര്‍ത്ത് ബി ജെ പി ഭരണം പിടിക്കുകയായിരുന്നു.












Click it and Unblock the Notifications