കുറച്ചുകൂടി സമയം കിട്ടിയിരുന്നെങ്കില്‍ ഇതിലും നന്നായേനെ; ഗോവയില്‍ പ്രതീക്ഷ വിടാതെ മമത
കൊല്‍ക്കത്ത: ഗോവന്‍ തെരഞ്ഞെടുപ്പിലെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെ പ്രതികരണവുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ഗോവയില്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായി അല്‍പം കൂടി സമയം കിട്ടിയിരുന്നെങ്കില്‍ മികച്ച പ്രകടനം കാഴ്ച വെക്കാനാകുമായിരുന്നെന്ന് മമത ബാനര്‍ജി ആത്മവിശ്വാസം പ്രകടിപ്പിച്ചു. കൂടുതല്‍ സമയം ഉണ്ടായിരുന്നെങ്കില്‍ തങ്ങളുടെ പാര്‍ട്ടിക്ക് തീരദേശത്ത് മികച്ച പ്രകടനം കാഴ്ചവെക്കാമായിരുന്നു. ഞങ്ങള്‍ ശരിക്കും വൈകിയാണ് തുടങ്ങിയത്, മമത ബാനര്‍ജി പറഞ്ഞു.
'ഗോവയിലെ എല്ലാ കുടുംബങ്ങളിലേക്കും ഞങ്ങളുടെ ലോഗോയുമായി ബന്ധപ്പെടാന്‍ കഴിഞ്ഞതില്‍ എനിക്ക് വളരെ അധികം സന്തോഷമുണ്ട്. എന്നാല്‍ ഞങ്ങള്‍ ശരിക്കും വൈകിയാണ് തുടങ്ങിയത്. ഇതിലും കൂടുതല്‍ സമയം ലഭിച്ചിരുന്നെങ്കില്‍, ഞങ്ങള്‍ക്ക് ഗോവയില്‍ മികച്ച പ്രകടനം തന്നെ നടത്താന്‍ കഴിയുമായിരുന്നു എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്, മമത ബാനര്‍ജി കൂട്ടിച്ചേര്‍ത്തു. 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി തൃണമൂല്‍ കോണ്‍ഗ്രസിനെ രാജ്യത്തുടനീളം ശക്തിപ്പെടുത്തുമെന്നും അവര്‍ വ്യക്തമാക്കി.

തിങ്കളാഴ്ച പുറത്തുവന്ന എക്‌സിറ്റ് പോള്‍ പ്രകാരം തൃണമൂല്‍ കോണ്‍ഗ്രസ് ശരാശരി രണ്ട് മുതല്‍ അഞ്ച് വരെ സീറ്റുകളില്‍ വിജയിക്കുമെന്നാണ് പ്രവചനം. 40 അംഗ നിയമസഭയാണ് ഗോവയിലുള്ളത്. മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടിയ്‌ക്കൊപ്പമാണ് (എം ജി പി) തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാനത്ത് മത്സരിച്ചത്. ഉത്തര്‍ പ്രദേശ് തെരഞ്ഞെടുപ്പില്‍ വിജയിച്ച ശേഷം പശ്ചിമ ബംഗാളില്‍ കൊടുങ്കാറ്റ് സൃഷ്ടിക്കുമെന്ന് ചിലര്‍ അവകാശവാദമുന്നയിക്കുണ്ടെന്നും എന്നാല്‍ തങ്ങളൊരിക്കലും ഇതിന് ഭയപ്പെടില്ലെന്നും മമത ബാനര്‍ജി കൂട്ടിച്ചേര്‍ത്തു.

ഭാവിയിലേക്കുള്ള പാര്‍ട്ടിയുടെ പദ്ധതികളെക്കുറിച്ച് സംസാരിച്ച മമത ബാനര്‍ജി ബംഗാള്‍ 2024 ലേക്കുള്ള പോരാട്ടത്തിനുള്ള പാത കാണിക്കുമെന്നും വ്യക്തമാക്കി. ബീഹാര്‍, ഉത്തര്‍പ്രദേശ്, ഹരിയാന, രാജസ്ഥാന്‍, ത്രിപുര തുടങ്ങി രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍ നാം (തൃണമൂല്‍ കോണ്‍ഗ്രസ്) ശക്തിപ്പെടണം. തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഈ ഭാഗങ്ങളിലേക്ക് യാത്ര ചെയ്യണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ബി ജെ പി ജനാധിപത്യത്തില്‍ കുഴപ്പം സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണെന്നും നിലവില്‍ ഡല്‍ഹിയില്‍ ബദലില്ല, അതിനാലാണ് അവര്‍ ഇത് ചെയ്യുന്നതെന്നും മമത ബാനര്‍ജി വ്യക്തമാക്കി. അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പ് 2024-ല്‍ നടക്കും.

ഫെബ്രുവരി 14 ന് ഒറ്റ ഘട്ടമായാണ് ഗോവ തിരഞ്ഞെടുപ്പ് നടന്നത്. ഈ തിരഞ്ഞെടുപ്പോടെ ഗോവയില്‍ തൃണമൂല്‍ അരങ്ങേറ്റം കുറിച്ചിരുന്നു. മാര്‍ച്ച് 10 ന് ഗോവ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കും. അതേസമയം തിങ്കളാഴ്ച പുറത്തുവന്ന മിക്ക എക്‌സിറ്റ് പോള്‍ ഫലങ്ങളും ഗോവയില്‍ തൂക്കുമന്ത്രിസഭയാകുമെന്നാണ് പ്രവചിക്കുന്നത്. 40 അംഗ നിയമസഭയില്‍ ബി ജെ പിക്കും കോണ്‍ഗ്രസിനും 16 വീതം സീറ്റുകള്‍ ലഭിച്ചേക്കുമെന്നാണ് പ്രവചനം. അങ്ങനെയെങ്കില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേടുന്ന സീറ്റുകള്‍ നിര്‍ണായകമാകും.

2017 ല്‍ 17 സീറ്റുകളുമായി കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയായിരുന്നു. പക്ഷെ അധികാരത്തിലെത്തിയത് ബി ജെ പിയായിരുന്നു. 13 സീറ്റുകള്‍ നേടിയ ബി ജെ പി പ്രാദേശിക കക്ഷികളുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കുകയായിരുന്നു. എം ജെ പി 3, ജി എഫ് പി 3, എന്‍ സി പി 1, സ്വതന്ത്രര്‍ 3 എന്നിങ്ങനെയായിരുന്നു മറ്റ് പാര്‍ട്ടികളുടെ കക്ഷി നില. ബി ജെ പി സഖ്യ സര്‍ക്കാര്‍ രൂപീകരിച്ചതിന് പിന്നാലെ കോണ്‍ഗ്രസിലെ ചില എം എല്‍ എമാരും കൂറുമാറി ബി ജെ പിയിലെത്തിയിരുന്നു. ഇതിലൂടെ ബി ജെ പിയ്ക്ക് 25 അംഗങ്ങളായി. കോണ്‍ഗ്രസിന് നിലവില്‍ രണ്ട് എം എല്‍ എമാര്‍ മാത്രമാണ് ഗോവയിലുള്ളത്.












Click it and Unblock the Notifications