ബിജെപി വിട്ടത് വേദനയോടെ... നല്ല സ്ഥാനാര്‍ഥിയെ നിര്‍ത്തിയാല്‍ ഞാന്‍ പിന്‍മാറുമെന്ന് ഉത്പാല്‍ പരീക്കര്‍
പനാജി: മുതിര്‍ന്ന ബിജെപി നേതാവായിരുന്ന മനോഹര്‍ പരീക്കറുടെ മകന്‍ ഉത്പാല്‍ പരീക്കര്‍ പാര്‍ട്ടി വിട്ടത് കഴിഞ്ഞ ദിവസം വലിയ വാര്‍ത്തയായിരുന്നു. ഗോവയില്‍ ബിജെപിക്ക് കനത്ത തിരിച്ചടിയായി മാധ്യമങ്ങള്‍ ഇതിനെ വിലയിരുത്തുകയും ചെയ്തിരുന്നു. സ്വതന്ത്ര സ്ഥാനാര്‍ഥിയായി നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനായിരുന്നു അദ്ദേഹത്തിന്റെ തീരുമാനം. ഇതാകട്ടെ, ബിജെപി നേതൃത്വങ്ങളില്‍ അതൃപ്തിക്ക് ഇടയാക്കുകയും ചെയ്തു. പാര്‍ട്ടി ദൂതന്‍മാര്‍ ഉത്പാല്‍ പരീക്കറുമായി ചര്‍ച്ചകള്‍ നടത്തി എന്ന വിവരങ്ങള്‍ പുറത്തുവരുന്നതിനിടെയാണ്, നിലപാടില്‍ അദ്ദേഹം മയംവരുത്തിയിരിക്കുന്നത്.

ബിജെപിയില്‍ നിന്ന് രാജിവയ്ക്കാനുള്ള തന്റെ തീരുമാനം ഏറെ വേദനയോടെ എടുത്ത ഒന്നായിരുന്നു എന്ന് ഉത്പാല്‍ പരീക്കര്‍ തുറന്നുപറഞ്ഞു. പനാജി മണ്ഡലത്തില്‍ മികച്ച സ്ഥാനാര്‍ഥിയെ ബിജെപി മല്‍സരിപ്പിച്ചാല്‍ ഞാന്‍ പിന്‍മാറാന്‍ തയ്യാറാണെന്നും ഉത്പാല്‍ പറഞ്ഞു. ഗോവയിലെ ബിജെപിയുടെ മുഖമായിരുന്നു മനോഹര്‍ പരീക്കര്‍. എല്ലാ പ്രാദേശിക പാര്‍ട്ടികളുമായും അദ്ദേഹത്തിന് നല്ല അടുപ്പമായിരുന്നു. 2017ലെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ബിജെപിക്ക് കേവല ഭൂരിപക്ഷം കിട്ടിയിരുന്നില്ല. എന്നിട്ടും സംസ്ഥാനം ഭരിക്കാന്‍ ബിജെപിയെ സഹായിച്ചത് മനോഹര്‍ പരീക്കറുടെ ജനസ്വീകാര്യതയായിരുന്നു. പരീക്കര്‍ മുഖ്യമന്ത്രിയായാല്‍ ഞങ്ങള്‍ കൂടെ നില്‍ക്കുമെന്ന് രണ്ട് പ്രാദേശിക പാര്‍ട്ടികള്‍ പ്രഖ്യാപിച്ചതോടെയാണ് കോണ്‍ഗ്രസിന് ഭരണം നഷ്ടമായത്.
പരീക്കര്‍ കേന്ദ്ര മന്ത്രിയായതോടെ പ്രമോദ് സാവന്ത് ഗോവ മുഖ്യമന്ത്രിയായി. ഇദ്ദേഹവുമായി വലിയ അടുപ്പം പ്രാദേശിക കക്ഷികള്‍ക്കുണ്ടായിരുന്നില്ല. മാസങ്ങള്‍ പിന്നിട്ടപ്പോഴുണ്ടായ മനോഹര്‍ പരീക്കറുടെ മരണം ഗോവയിലെ ബിജെപിക്ക് വലിയ ആഘാതം സൃഷ്ടിച്ചു. നിയമസഭാ തിരഞ്ഞെടുപ്പ് വീണ്ടുമെത്തുമ്പോള്‍ പരീക്കറുടെ മകന്‍ ബിജെപി ടിക്കറ്റില്‍ മല്‍സരിക്കുമെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ പാര്‍ട്ടി തീരുമാനം മറിച്ചാണുണ്ടായത്. തുടര്‍ന്ന് ഉത്പാല്‍ പരീക്കര്‍ രാജിവയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നു. പനാജി മണ്ഡലത്തില്‍ സ്വതന്ത്രനായി മല്‍സരിക്കുമെന്നു പ്രഖ്യാപിക്കുകയും ചെയ്തു. നേതൃത്വങ്ങളുടെ ഇടപെടല്‍ മൂലം ഉത്പാല്‍ നിലപാട് മയപ്പെടുത്തിയിരിക്കുകയാണ്. മികച്ച സ്ഥാനാര്‍ഥിയെ പാര്‍ട്ടി പനാജിയില്‍ മല്‍സരിപ്പിച്ചാല്‍ ഞാന്‍ പിന്‍മാറുമെന്നാണ് അദ്ദേഹത്തിന്റെ ഏറ്റവും ഒടുവിലെ പ്രതികരണം.
പനാജിയില്‍ സിറ്റിങ് എംഎല്‍എ അറ്റനാസിയോ മോന്‍സരാറ്റയെ മല്‍സരിപ്പിക്കാനാണ് ബിജെപിയുടെ തീരുമാനം. 2019ല്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയ 10 എംഎല്‍എമാരില്‍ ഒരാളാണ് ഇദ്ദേഹം. പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്തുവെന്ന കേസിലുള്‍പ്പെടെ ഇയാള്‍ പ്രതിയാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് ഉത്പാല്‍ പരീക്കര്‍ രംഗത്തുവന്നത്. ഞാന്‍ എപ്പോഴും ബിജെപിക്കാരനാണ്. പാര്‍ട്ടിയുടെ ആത്മാവ് നിലനിര്‍ത്താന്‍ വേണ്ടിയാണ് മല്‍സരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചത് ഇഷ്ടമുണ്ടായിട്ടല്ല. വേദനയോടെയാണ് ആ തീരുമാനം എടുത്തത്. 1994 പിതാവിനും സമാനമായ സാഹചര്യത്തില്‍ ടിക്കറ്റ് നിഷേധിച്ചിരുന്നു. അതേ സാഹചര്യത്തിലൂടെയാണ് ഞാനും കടന്നുപോകുന്നത്. പാര്‍ട്ടിയുടെ ചരിത്രം അറിയുന്നവര്‍ക്ക് ഞാന്‍ പറയുന്ന കാര്യം വേഗത്തില്‍ മനസിലാകുമെന്നും ഉത്പാല്‍ പരീക്കര്‍ പറഞ്ഞു.












Click it and Unblock the Notifications