ഹിന്ദുത്വത്തെ ചേര്‍ത്ത് നിര്‍ത്തുന്ന എംജിപി; ഗോവയിലേക്ക് ഉറ്റുനോക്കി രാഷ്ട്രീയലോകം
പനാജി: തെരഞ്ഞെടുപ്പ് ഫലത്തിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ കൂട്ടിയും കുറച്ചും കണക്കുകൂട്ടലുമായി സജീവാണ് രാഷ്ട്രീയ പാര്‍ട്ടികള്‍. തൂക്കു മന്ത്രിസഭയ്ക്ക് സാധ്യതയുള്ള ഗോവയെ കേന്ദ്രീകരിച്ചാണ് എല്ലാവരുടേയും തന്ത്രം. തൃണമൂല്‍ കോണ്‍ഗ്രസ്- മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടി (എം ജി പി) എന്നിവരെ ലക്ഷ്യമിട്ടാണ് കോണ്‍ഗ്രസും ബി ജെ പിയും തന്ത്രങ്ങള്‍ മെനയുന്നത്. അതേസമയം തൃണമൂലുമായുള്ള സഖ്യത്തില്‍ ഉറച്ച് നില്‍ക്കുമെന്നാണ് എം ജി പി പറയുന്നത്.
തൃണമൂല്‍ കോണ്‍ഗ്രസുമായി സഖ്യം തുടരുമെന്ന് തനിക്ക് നൂറ് ശതമാനം ഉറപ്പാണെന്ന് ഗോവയിലെ മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടി നേതാവ് സുദിന്‍ ധവാലിക്കര്‍ പറഞ്ഞു. എന്നാല്‍ തങ്ങളുടെ മുന്‍ പങ്കാളിയായ ഭാരതീയ ജനതാ പാര്‍ട്ടിയുമായി (ബി ജെ പി) ഉള്ള സഖ്യം പൂര്‍ണമായി തള്ളിക്കളയാനും എം ജി പി തയ്യാറായേക്കില്ല. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് അഭിഷേക് ബാനര്‍ജി, പ്രശാന്ത് കിഷോര്‍, രാജ്യസഭാ എംപിമാര്‍ എന്നിവരുമായി ഞാന്‍ കൂടിക്കാഴ്ച നടത്തി. അവരുമായും കോണ്‍ഗ്രസുമായും ബി ജെ പിയുമായും ഞാന്‍ ഒരുപാട് കാര്യങ്ങള്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്.

എന്നാല്‍ ഞാന്‍ ഒരു സഖ്യത്തിലാണ്, അതിനാല്‍ ഈ സാഹചര്യത്തില്‍ ഒന്നും തീരുമാനിക്കാന്‍ കഴിയില്ല, ധവാലിക്കര്‍ എന്‍ ഡി ടി വിയോട് പറഞ്ഞു. എം ജി പിക്ക് പത്തിലധികം സീറ്റുകള്‍ ലഭിക്കുമെന്നും ധവാലിക്കര്‍ പറഞ്ഞു, 'ഞങ്ങള്‍ മുന്നോട്ട് പോയി സര്‍ക്കാര്‍ രൂപീകരിക്കണോ എന്ന് തീരുമാനിക്കും'. വ്യാഴാഴ്ച വൈകീട്ട് നാലിന് ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗോവയില്‍ ആദ്യമായാണ് തൃണമൂല്‍ കോണ്‍ഗ്രസ് മത്സരിക്കാനെത്തിയത്. രാഷ്ട്രീയ തന്ത്രജ്ഞനായ പ്രശാന്ത് കിഷോറിന്റെ ഇന്ത്യന്‍ പൊളിറ്റിക്കല്‍ ആക്ഷന്‍ കമ്മിറ്റിയാണ് തൃണമൂലിന്റെ തന്ത്രങ്ങള്‍ മെനഞ്ഞത്.

2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ വന്‍ വിജയത്തിലേക്ക് പ്രശാന്ത് കിഷോര്‍ വഴികാട്ടിയിരുന്നു. ഗോവയില്‍ ടിഎംസിക്ക് വേണ്ടി ഐ പി എസി 'എല്ലാം കൈകാര്യം ചെയ്യുന്നു' എന്നും എം ജി പിയുമായി സഖ്യമുണ്ടാക്കിയത് കിഷോറിന്റെ ടീമാണെന്നും ഗോവയിലെ നേതാക്കള്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് സഖ്യം ഉറപ്പിച്ചത്. ഇരുപാര്‍ട്ടികളും തമ്മിലുള്ള ആശയപരമായ വ്യത്യാസങ്ങള്‍ കാരണം ഈ കൂട്ടുകെട്ട് പലരെയും അത്ഭുതപ്പെടുത്തിയിരുന്നു. ബി ജെ പിയുടെ ഹിന്ദുത്വ രാഷ്ട്രീയത്തിനെതിരെ സമീപകാലത്ത് വലിയ എതിര്‍പ്പാണ് തൃണമൂല്‍ ഉയര്‍ത്തുന്നത്.

എന്നാല്‍ വലതുപക്ഷ പാര്‍ട്ടിയായി കണക്കാക്കപ്പെടുന്ന എം ജി പി മറുവശത്ത് പ്രധാന ഹിന്ദു വോട്ടുബാങ്കിനെ ലക്ഷ്യമിടുന്നു. സുദിന്‍ ധവാലിക്കറും സഹോദരന്‍ ദീപക് ധവാലിക്കറും മുമ്പ് സനാതന്‍ സന്‍സ്ത പോലുള്ള വലതുപക്ഷ സംഘടനകളെ അംഗീകരിക്കുകയും ഗോവയില്‍ പബ് സംസ്‌കാരവും ബിക്കിനിയും നിരോധിക്കുകയും ചെയ്തിരുന്നു. 2017 ല്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ഉയര്‍ന്നുവെങ്കിലും സംസ്ഥാനത്ത് ബി ജെ പിയെ അധികാരത്തിലെത്തിക്കാന്‍ എം ജി പിയാണ് സഹായിച്ചു.

2019 മാര്‍ച്ചില്‍ ഗോവ മന്ത്രിസഭയില്‍ നിന്ന് ധവാലിക്കറിനെ അപ്രതീക്ഷിതമായി പുറത്താക്കിയതോടെയാ് എം ജി പി ബി ജെ പിയുമായുള്ള സൗഹൃദം അവസാനിപ്പിച്ചത്. കോണ്‍ഗ്രസിന് നിലവില്‍ രണ്ട് എം എല്‍ എമാരാണ് ഗോവന്‍ നിയമസഭയിലുള്ളത്. 2017 ല്‍ മൂന്ന് സീറ്റ് നേടിയ എം ജി പിക്ക് നിലവില്‍ ഒരു എം എല്‍ എയുണ്ട്, മറ്റ് രണ്ട് പേര്‍ അടുത്തിടെ ബി ജെ പിയില്‍ ചേര്‍ന്നിരുന്നു. പ്രമോദ് സാവന്ത് തുടര്‍ന്നാല്‍ ബി ജെ പിയെ പിന്തുണയ്ക്കില്ലെന്ന് എം ജി പി നേതാക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്.












Click it and Unblock the Notifications