2017 ആവർത്തിക്കരുത്..ഗോവയിൽ അവസാന നിമിഷം തന്ത്രം മാറ്റി കോൺഗ്രസ്.. ചർച്ച തുടങ്ങി
പനാജി; ശക്തമായ പോരാട്ടത്തിനാകും ഇത്തവണ ഗോവ നിയമസഭ തിരഞ്ഞെടുപ്പ് സാക്ഷ്യം വഹിക്കുകയെന്ന കാര്യത്തിൽ തർക്കമില്ല. നേരത്തേ ബി ജെ പിയും കോൺഗ്രസും തമ്മിൽ നേർക്ക് നേരാകും പോരാട്ടം എന്ന് കണക്കാക്കപ്പെട്ടിരുന്നുവെങ്കിലും സംസ്ഥാനത്ത് ആധിപത്യമുറപ്പിക്കാൻ ആം ആദ്മി പാർട്ടിയും മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസും കിണഞ്ഞ് ശ്രമിക്കുന്നതോടെ രാഷ്ട്രീയ സാഹചര്യങ്ങൾ മാറിയിരിക്കുകയാണ്. അതേസമയം ഇരു പാർട്ടിരളും പിടിമുറുക്കിയതോടെ സംസ്ഥാനത്ത് ഭരണം പിടിക്കാൻ പുതിയ സഖ്യത്തിനുള്ള സാധ്യത തേടുകയാണ് കോൺഗ്രസ്. വിശദാംശങ്ങളിലേക്ക്

2017 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് കോൺഗ്രസ് ആയിരുന്നു ഏറ്റവും വലിയ ഒറ്റകക്ഷി. ആകെയുണ്ടായിരുന്ന 40 സീറ്റുകളിൽ 17 ലും കോൺഗ്രസ് വിജയിച്ചു. ബി ജെ പിക്ക് ലഭിച്ചത് 13 സീറ്റുകളായിരുന്നു. എന്നാൽ പ്രാദേശിക കക്ഷികളുടെ പിന്തുണയോടെ ബി ജെ പി അധികാരം പിടിച്ചു. ഗോവ ഫോർവേഡ് പാർട്ടി, മഹാരാഷ്ട്രവാദി ഗോമന്ത് പാർട്ടി എന്നിവരായിരുന്നു ബി ജെ പിക്ക് പിന്തുണ പ്രഖ്യാപിച്ചത്. അതേസമയം അധികാരത്തിലേറി മാസങ്ങൾക്കിപ്പുറം 10 കോൺഗ്രസ് എം എൽ എമാരെ ചാടിച്ച് ബി ജെ പി ഭരണം കൂടുതൽ സുരക്ഷിതമാക്കി.

മറ്റൊരു നിയമസഭ തിരഞ്ഞെടുപ്പിലേക്ക് സംസ്ഥാനം നീങ്ങുമ്പോൾ രാഷ്ട്രീയ സാഹചര്യങ്ങൾ കൂടുതൽ സങ്കീർണമായിരിക്കുകയാണ്. അധികാരം നിലനിർത്തുമെന്ന് ബി ജെ പി അവകാശപ്പെടുമ്പോഴും തൃണമൂൽ കോൺഗ്രസിന്റേയും ആം ആദ്മിയുടേയും സംസ്ഥാനത്തേക്കുള്ള കടന്ന് വരവ് ബി ജെ പിയെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. ഒപ്പം കഴിഞ്ഞ തവണ സഖ്യകക്ഷികളായ ഗോവ ഫോർവേഡ് പാർട്ടിയും മഹാരാഷ്ട്രവാദി ഗോമന്ത് പാർട്ടിയും ഇപ്പോൾ എൻ ഡി എയിൽ ഇല്ല. മനോഹർ പരീഖിനെ പോലെ മുതിർന്ന നേതാവിന്റെ വിടവും ബിജെപിയെ ആശങ്കപ്പെടുത്തുന്നുണ്ട്.

ഇതിനിടെ കോൺഗ്രസും കടുത്ത വെല്ലുവിളിയാണ് നേരിടുന്നത്. പാർട്ടിയിൽ നിന്നും തൃണമൂലിലേക്ക് കൊഴിഞ്ഞ് പോക്ക് തുടരുകയാണ്. മുൻ ഗോവ മുഖ്യമന്ത്രി ലൂസിഞ്ഞോ ഫലേറോ ഉൾപ്പെടെയുള്ളവരെയാണ് കോൺഗ്രസിൽ നിന്നും രാജിവെച്ച് തൃണമൂലിൽ എത്തിയത്. കൂടുതൽ പേർ എത്തുമെന്ന് ആവർത്തിക്കുകയാണ് തൃണമൂൽ കോൺഗ്രസ്. അതേസമയം നിലവിലെ സാഹചര്യത്തിൽ സംസ്ഥാനത്ത് ഭരണം പിടിക്കണമെങ്കിൽ സഖ്യം വേണമെന്ന ആവശ്യം കോൺഗ്രസിൽ ശക്തമായിരിക്കുകയാമ്.

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ തനിച്ചായിരുന്നു കോൺഗ്രസ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. ബിജെപി ഭരണം പിടിച്ചത് സഖ്യമില്ലാത്തതിനാലായിരുന്നുവെന്നും അതിനാൽ പ്രാദേശിക കക്ഷികളെ ഒപ്പം നിർത്തണമെന്നുമാണ് പാർട്ടിയിലെ ഒരുവിഭാഗം നേതാക്കൾ ആവശ്യപ്പെട്ടത്. അതേസമയം തനിച്ച് തന്നെ ഇക്കുറിയും മുന്നോട്ട് പോകാം എന്ന നിലപാടിലായിരുന്നു നേതൃത്വം. എന്നാൽ മാറിയ രാഷ്ട്രീയ സാഹചര്യത്തിൽ സഖ്യമില്ലേങ്കിൽ പിടിച്ച് നിൽക്കാൻ സാധിച്ചേക്കില്ലെന്നാണ് കോൺഗ്രസ് നേതാക്കൾ ചൂണ്ടിക്കാട്ടുന്നത്.

ഇതോടെ പ്രാദേശിക കക്ഷികളായ ഗോവ ഫോർവേഡ് പാർട്ടിയുമായും മഹാരാഷ്ട്രവാദി ഗോമന്ത് പാർട്ടിയുമായും കോൺഗ്രസ് സഖ്യത്തിന് തയ്യാറെടുക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. ദില്ലിയിൽ പാർട്ടി യോഗത്തിൽ ഇത് സംബന്ധിച്ച് തിരുമാനം കൈക്കൊണ്ടതായി കോൺഗ്രസിനോട് അടുത്ത വൃത്തങ്ങൾ പറഞ്ഞു. ഇരു പാർട്ടികളുമായി തൃണമൂൽ സഖ്യത്തിലെത്തിയേക്കുമെന്നുള്ള റിപ്പോർട്ടുകൾക്കിടയിലാണ് ഇപ്പോഴത്തെ കോൺഗ്രസ് നീക്കം എന്നതും ശ്രദ്ധേയമാണ്.

പ്രതിപക്ഷ നേതാവ് ദിഗംബർ കാമത്ത്, സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ ഗിരീഷ് ചോദങ്കർ, വർക്കിംഗ് പ്രസിഡന്റുമാരായ അലക്‌സോ റെജിനാൾഡോ ലോറൻകോ, അലക്‌സോ സെക്വേര, ഗോവ ഡെസ്‌ക് ഇൻചാർജ് ദിനേഷ് ഗുണ്ടു റാവു എന്നിവർ ഗോവ ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ ചർച്ച ചെയ്യാൻ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പങ്കെടുത്തിയിരുന്നു. ഇതിലാണ് സഖ്യം സംബന്ധിച്ച തിരുമാനത്തിലെത്തിയതെന്ന് നേതാക്കൾ പറയുന്നു.സഖ്യത്തിൽ തിരഞ്ഞെടുപ്പിനെ നേരിടണമെന്നതാണ് പാർട്ടിയിലെ പൊതുവികാരം,നേതാക്കൾ പറഞ്ഞു. സഖ്യചർച്ചകൾ നടക്കുന്നുണ്ട്. സമാന മനസ്കരായ കോൺഗ്രസിനെ സമീപിപ്പിച്ച പാർട്ടികളുമായുള്ള സഖ്യമാണ് പരിഗണിക്കുന്നത്. അതേസമയം എപ്പോഴാണ് സഖ്യപ്രഖ്യാപനം ഉണ്ടാകുകയെന്നത് നേതാക്കൾ വ്യക്തമാക്കിയിട്ടില്ല.












Click it and Unblock the Notifications