ഗോവയില്‍ ബിജെപി രക്ഷപ്പെട്ടത് കഷ്ടിച്ച്; പല സീറ്റിലെയും ഭൂരിപക്ഷം 500ല്‍ താഴെ
പനാജി: ഗോവയില്‍ ബിജെപി അധികാരം പിടിക്കില്ല എന്നായിരുന്നു പല നിരീക്ഷകരുടെയും അഭിപ്രായം. എക്‌സിറ്റ് പോളുകളില്‍ ഇഞ്ചോടിഞ്ച് മല്‍സരമാണെന്നും പ്രവചനമുണ്ടായിരുന്നു. എന്നാല്‍ ഏറ്റവും ഒടുവില്‍ ഫലം വന്നപ്പോള്‍ ബിജെപി 20 സീറ്റ് നേടി. സ്വതന്ത്രരുടെ പിന്തുണയോടെ ബിജെപിക്ക് സുന്ദരമായി ഭരിക്കാന്‍ സാധിക്കും. എന്നാല്‍ ബിജെപി സ്ഥാനാര്‍ഥികളുടെ ഭൂരിപക്ഷം അറിഞ്ഞാല്‍ അതിശയിക്കും. ആയിരത്തില്‍ താഴെ ഭൂരിപക്ഷമുള്ള ഒട്ടേറെ സ്ഥാനാര്‍ഥികളുണ്ട് ഗോവയില്‍....

പോണ്ട നിയോജക മണ്ഡലത്തില്‍ ബിജെപിയുടെ രവി നായികും മഹാരാഷ്ട്ര വാദി ഗോമന്‍തക് പാര്‍ട്ടിയുടെ ഡോ. കേതന്‍ ഭടികറും തമ്മിലായിരുന്നു വാശിയേറിയ മല്‍സരം. ഓരോ റൗഡിലും ഇഞ്ചോടിഞ്ച് മല്‍സരമായിരുന്നു. ഉദ്വേഗ നിമിഷങ്ങള്‍ക്ക് ശേഷം കേതന്‍ ഭടികര്‍ ജയിച്ചു. ഇതോടെ ബിജെപി പരാതിയുമായി രംഗത്തെത്തി. വീണ്ടും എണ്ണാന്‍ തിരഞ്ഞെടുപ്പ് ഓഫീസര്‍ അനുമതി നല്‍കി. തുടര്‍ന്ന് രവി നായിക് ജയിച്ചു. ഭൂരിപക്ഷം 77 വോട്ട്.

ദക്ഷിണ ഗോവയിലെ പ്രിയോള്‍ മണ്ഡലത്തില്‍ ബിജെപിയുടെ ഗോവിന്ദ് ഗൗഡെയും എംജിപി അധ്യക്ഷന്‍ ദീപക് ധവാലികറും തമ്മിലായിരുന്നു മല്‍സരം. ഗോവിന്ദ് ജയിച്ചത് 213 വോട്ടുകള്‍ക്കാണ്. ഗോവയിലെ ഏറ്റവും പഴയ പ്രാദേശിക പാര്‍ട്ടിയാണ് എംജിപി. മുഖ്യമന്ത്രി പ്രമോദ് സാവന്ത് തോല്‍ക്കുമെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍. ആദ്യ റൗണ്ടില്‍ അദ്ദേഹം പിന്നിലായിരുന്നു. അവസാന റൗഡിലേക്ക് കടന്നതോടെയാണ് സാവന്ത് മല്‍സരിച്ച സന്‍ക്വിലിം മണ്ഡലത്തിലെ ബിജെപി പ്രവര്‍ത്തകര്‍ക്ക് ശ്വാസം നേരെ വീണത്. 666 വോട്ടുകള്‍ക്കായിരുന്നു മുഖ്യമന്ത്രിയുടെ ജയം.

ഗോവയില്‍ ശക്തമായ മല്‍സരം നടന്ന മറ്റൊരു മണ്ഡലമായിരുന്നു പനാജി. ബിജെപി നേതാവ് മനോഹര്‍ പരീക്കറുടെ മകന്‍ ഉത്പാല്‍ പരീക്കര്‍ ബിജെപിക്കെതിരെ മല്‍സരിച്ചു. അതനാസിയോ മോന്‍സരാട്ടെ ആയിരുന്നു ബിജെപിയുടെ സ്ഥാനാര്‍ഥി. വാശിയേറിയ മല്‍സരത്തില്‍ ബിജെപി ജയിച്ചു. ഭൂരിപക്ഷം 716 വോട്ട്. പനാജിയില്‍ മല്‍സരിക്കാനുള്ള താല്‍പ്പര്യം ഉത്പാല്‍ പരീക്കര്‍ ബിജെപി നേതാക്കളെ അറിയിച്ചിരുന്നു. നേതൃത്വം നിരാകരിച്ചതിനെ തുടര്‍ന്ന് ഉത്പാല്‍ പരീക്കര്‍ സ്വതന്ത്രസ്ഥാനാര്‍ഥിയായി. ഭൂരിപക്ഷം കുറഞ്ഞത് തന്നെ ആശങ്കപ്പെടുത്തുന്നുവെന്നും ബിജെപി പ്രവര്‍ത്തകര്‍ തന്നെ സ്വീകരിച്ചില്ല എന്നാണ് മനസിലാകുന്നതെന്നും അതനാസിയോ പ്രതികരിച്ചു.

ഗോവ നിയമസഭാ സ്പീക്കര്‍ രാജേഷ് പട്‌നേക്കര്‍ മല്‍സരിച്ചത് ബിച്ചോലിം മണ്ഡലത്തിലാണ്. സ്വതന്ത്ര്യ സ്ഥാനാര്‍ഥി ഡോ. ചന്ദ്രകാന്ത് സത്യ ആയിരുന്നു എതിരാളി. ഇവിടെ ബിജെപി സ്ഥാനര്‍ഥി തോറ്റത് 318 വോട്ടുകല്‍ക്കാണ്. ജയിച്ച സ്ഥാനാര്‍ഥി സത്യ ഫലം വന്ന പിന്നാലെ ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചു.

ഊര്‍ജ മന്ത്രിയും ബിജെപി സ്ഥാനാര്‍ഥിയുമായ നിലേഷ് കബ്രാള്‍ ജയിച്ചത് 672 വോട്ടുകള്‍ക്കാണ്. കൊര്‍കോറം മണ്ഡലത്തില്‍ കോണ്‍ഗ്രസിന്റെ അമിത് പട്കര്‍ ആയിരുന്നു ഇദ്ദേഹത്തിന്റെ എതിരാളി. ബിജെപിയുടെ ഉല്‍ഹാസ് ടെന്‍കര്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ വലങ്ക അലമാവോയെ തോല്‍പ്പിച്ചത് 430 വോട്ടുകള്‍ക്കാണ്.

ബിജെപി സ്ഥാനാര്‍ഥികള്‍ മാത്രമല്ല, മറ്റു ചില സ്ഥാനാര്‍ഥികള്‍ ജയിച്ചതും 1000ത്തില്‍ താഴെ വോട്ടുകള്‍ക്കാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. 40 മണ്ഡലങ്ങളില്‍ 20ല്‍ ബിജെപി ജയിച്ചതോടെ അവര്‍ക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ തടസമില്ല. സ്വതന്ത്രര്‍ പിന്തുണ പ്രഖ്യാപിക്കുക കൂടി ചെയ്തതോടെ കാര്യങ്ങള്‍ എളുപ്പമായി. കോണ്‍ഗ്രസിന് 11 സീറ്റും എഎപി, എംജിപി എന്നിവര്‍ക്ക് രണ്ടു സീറ്റുകള്‍ വീതവും ജിഎഫ്പി, ആര്‍ജിപി എന്നിവര്‍ക്ക് ഓരോ സീറ്റുകളും കിട്ടി. മൂന്ന് സ്വതന്ത്രരും ജയിച്ചിട്ടുണ്ട്.

2017ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് 17 സീറ്റും ബിജെപിക്ക് 13 സീറ്റുമായിരുന്നു ലഭിച്ചത്. പ്രാദേശിക പാര്‍ട്ടികളുടെ സഹായത്തോടെയാണ് അന്ന് ബിെപി അധികാരത്തിലെത്തിയത്. എന്നാല്‍ ഇത്തവണ ബിജെപി സീറ്റുകളുടെ എണ്ണം വര്‍ധിപ്പിച്ചു. പ്രമോദ് സാവന്ത് ആയിരിക്കില്ല മുഖ്യമന്ത്രി എന്നാണ് റിപ്പോര്‍ട്ടുകള്‍.












Click it and Unblock the Notifications