മമതയുടെ ശ്രമം പാളി; ഗോവയില്‍ തൃണമൂലിന് കൈ കൊടുക്കാതെ കോണ്‍ഗ്രസ്; വിശ്വാസയോഗ്യമല്ലെന്ന് നേതൃത്വം
കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമത ബാനര്‍ജി ഗോവ നിയമസഭാ തെരഞ്ഞെടുപ്പില്‍ സഖ്യത്തിനുള്ള വാഗ്ദാനവുമായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെ സമീപിച്ചിരുന്നുവെങ്കിലും കോണ്‍ഗ്രസില്‍ നിന്ന് അനുകൂലമായ പ്രതികരണങ്ങള്‍ ഒന്നും തന്നെ ഉണ്ടായില്ലെന്ന് ടിഎംസി ദേശീയ ഉപാധ്യക്ഷന്‍ പവന്‍ കെ വര്‍മ്മ പറഞ്ഞു. തൃണമൂല്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കാന്‍ തീരെ താല്‍പര്യമില്ലാത്ത കോണ്‍ഗ്രസ് അതിനെ വിശ്വാസയോഗ്യമല്ലാത്ത സഖ്യകക്ഷിയെന്നാണ് വിളിച്ചത്.

മമതാ ബാനര്‍ജി തന്നെ ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് സോണിയാ ഗാന്ധിയെ സമീപിച്ചിരുന്നു, കഴിഞ്ഞ കാലങ്ങളില്‍ സംഭവിച്ചതെല്ലാം ഉപേക്ഷിച്ച് 2022 ല്‍ ഒരു പുതിയ തുടക്കത്തിനായി കാത്തിരിക്കാം എന്ന് പറഞ്ഞിരുന്നു. പാര്‍ട്ടി നേതൃത്വവുമായി ചര്‍ച്ച ചെയ്ത ശേഷം തീരുമാനം അറിയിക്കാമെന്നാണ് സോണിയ ഗാന്ധി അറിയിച്ചത്. എന്നാല്‍ ഈ ദിവസം വരെയായിട്ടും യാതൊരുവിധ പ്രതികരണങ്ങളും ഉണ്ടായിട്ടില്ലെന്ന് പവന്‍ കെ വര്‍മ്മ വാര്‍ത്ത ഏജന്‍സിയായ പിടിഐയോട് പറഞ്ഞു.

അതേസമയം, ദേശീയ തലത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ഒറ്റപ്പെട്ടതാണ് മമത ബാനര്‍ജിയെ സഖ്യമുണ്ടാക്കാന്‍ പ്രേരിപ്പിച്ചതെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങളില്‍ നല്‍കുന്ന വിവരം. രണ്ടാഴ്ചക്കുള്ളില്‍ തീരുമാനം അറിയിക്കാമെന്ന് അറിയിച്ചെങ്കിലും നേതൃത്വം ഇതുവരെ ബന്ധപ്പെട്ടിട്ടില്ലെന്ന് ഗോവ തിരഞ്ഞെടുപ്പ് ചുമതലയുള്ള മഹുവ മൊയ്ത്ര പറഞ്ഞു.

കോണ്‍ഗ്രസും തൃണമൂലും തമ്മിലുള്ള ബന്ധം 2021ല്‍ എക്കാലത്തെയും താഴ്ന്ന നിലയില്‍ എത്തിയിരുന്നു. ബി ജെ പിക്കെതിരെ പോരാടുന്നതില്‍ പരാജയപ്പെട്ടതിന്റെ പേരില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെ ആക്ഷേപിക്കുകയും കോണ്‍ഗ്രസിനെ കഴിവില്ലാത്തതുമായ പാര്‍ട്ടിയായി വിശേഷിപ്പിക്കുകയും ചെയ്തിരുന്നു.

ഡിസംബര്‍ 24 ന് കോണ്‍ഗ്രസ് നേതാവ് പി ചിദംബരവുമായി ദില്ലിയില്‍ നടത്തിയ കൂടിക്കാഴ്ചയെ പരാമര്‍ശിച്ച് ഫെബ്രുവരിയിലെ ഗോവ നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃണമൂലും കോണ്‍ഗ്രസും തമ്മിലുള്ള സഖ്യം സംബന്ധിച്ച മികച്ച പ്രതികരണവും നല്‍കുന്നതില്‍ പരാജയപ്പെട്ടുവെന്ന് പവന്‍ കെ വര്‍മ്മ പറഞ്ഞു. ബി.ജെ.പിക്കെതിരെ പോരാടുന്നതില്‍ നേതൃത്വം പരാജയപ്പെട്ടുവെന്ന് ആരോപിക്കപ്പെടുന്ന പാര്‍ട്ടിയുമായി സഖ്യത്തിന് തൃണമൂലിനെ പ്രേരിപ്പിക്കുന്നത് എന്തുകൊണ്ടാണെന്ന് ചോദിച്ചപ്പോള്‍, ബി ജെ പിക്കെതിരായ പ്രതിപക്ഷ സഖ്യം ശക്തിപ്പെടുത്തണമെന്ന് വര്‍മ്മ പറഞ്ഞു.

ഭൂതകാലം മറന്ന് നാം മുന്നേറണം. ഇത്തവണ ഗോവയില്‍ ബിജെപിയെ അധികാരത്തിലേറാന്‍ അനുവദിക്കരുതെന്ന് വര്‍മ്മ വ്യക്തമാക്കി. വാക്കേറ്റത്തില്‍ ഏര്‍പ്പെടാന്‍ ആഗ്രഹിക്കുന്നില്ലെന്നും വിഷയത്തില്‍ ഇതിനകം സംസാരിച്ചിട്ടുണ്ടെന്നും പി ചിദംബരത്തെ ബന്ധപ്പെട്ടപ്പോള്‍ പറഞ്ഞെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, ഗോവയില്‍ തൃണമൂല്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കാന്‍ പാര്‍ട്ടിക്ക് താല്‍പ്പര്യമില്ലെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറയുന്നു. തൃണമൂലുമായുള്ള സംഖ്യത്തെ തള്ളി നേരത്തെ കോണ്‍ഗ്രസ് നേതാവ് പി ചിദംബരം രംഗത്തെത്തിയിരുന്നു. ബി ജെ പിക്കെതിരെ പോരാടാന്‍ പ്രതിപക്ഷ സഖ്യം ഉണ്ടാകുമെങ്കില്‍ അതിനെ കോണ്‍ഗ്രസാകും നയിക്കുക. കോണ്‍ഗ്രസ് ഉള്‍പ്പെടുന്ന സഖ്യമല്ല കോണ്‍ഗ്രസ് നയിക്കുന്ന സഖ്യമേ ബി ജെ പിക്കെതിരെ ഉണ്ടാകൂവെന്നും ചിദംബരം പറഞ്ഞിരുന്നു.

യഥാര്‍ത്ഥത്തില്‍ കോണ്‍ഗ്രസും ബിജെപിയും തമ്മിലാണ് പോരാട്ടം. ആര്‍ക്കെങ്കിലും ബി ജെ പി വിരുദ്ധ മുന്നണിയെ പിന്തുണയ്ക്കണമെങ്കില്‍, അവര്‍ തീര്‍ച്ചയായും കോണ്‍ഗ്രസ് പാര്‍ട്ടിയെ സമീപിച്ച് പറയണം. ഞങ്ങള്‍ക്ക് സഖ്യത്തിന് താത്പര്യം ഉണ്ടെന്ന് അവര്‍ ഞങ്ങളോട് വ്യക്തമാക്കണം. അല്ലാതെ ഞങ്ങള്‍ക്കെതിരായ പ്രചരണങ്ങളും നിലപാടുകളും ഞങ്ങളുടെ അംഗങ്ങളെ തട്ടിയെടുക്കാനുള്ള ശ്രമങ്ങളുമൊന്നും അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് ചിദംബരം വ്യക്തമാക്കിയിരുന്നു.

എന്നാല്‍ ചിദംബരത്തിനെതിരെ മെഹുവ മോയത്ര രംഗത്തെത്തിയിരുന്നു. ബി ജെ പിയെ പരാജയപ്പെടുത്താന്‍ ഗോവ കോണ്‍ഗ്രസിന് ഔദ്യോഗികമായി തന്നെ സഖ്യത്തെ കുറിച്ചുള്ള വിശദാംശങ്ങള്‍ നല്‍കിയിരുന്നു. സഖ്യത്തിനെ കുറിച്ച് ആലോചിക്കാന്‍ കോണ്‍ഗ്രസ് സമയം ആവശ്യപ്പെട്ടിരുന്നു. ചിദംബരത്തിന് ഇത് സംബന്ധിച്ച വിശദാംശങ്ങളെക്കുറിച്ച് അറിയില്ലെങ്കില്‍ ഈ പ്രസ്താവനകള്‍ നടത്തുന്നതിന് പകരം അദ്ദേഹത്തിന്റെ നേതൃത്വവുമായി സംസാരിക്കണമായിരുന്നുവെന്നും മെഹുവ മോയത്ര പറഞ്ഞിരുന്നു.












Click it and Unblock the Notifications