ആശുപത്രിയില്‍ ഡ്യൂട്ടി ഡോക്ടറായി മുഖ്യമന്ത്രി; അത്ഭുതത്തോടെ രോഗികള്‍; ഇത് ഗോവ മോഡല്‍
പനാജി: രാജ്യം കൊറോണ വൈറസ് രോഗത്തെ പ്രതിരോധിക്കാനുള്ള കഠിനമായ ശ്രമത്തിലാണ്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളും ആരോഗ്യവകുപ്പും ജനങ്ങളും കൊറോണക്കെതിരെ പോരാടുകയാണ്.
ലോക്ക്ഡൗണ്‍ മാര്‍ഗനിര്‍ദേശങ്ങള്‍ നടപ്പിലാക്കി വരുമ്പോഴും രാജ്യത്ത് അനുദിനം കൊറോണ വൈറസ് രോഗം വര്‍ധിച്ചുവരികയാണ്. ഇന്ത്യയില്‍ ഇതുവരേയും 23,452 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ 4814 പേര് രോഗമുക്തി നേടിയിട്ടുണ്ട്. അതിനിടെ രാജ്യത്തെ ഒരു മുഖ്യമന്ത്രി രോഗികളെ ചികിത്സിക്കാന്‍ ഡ്യൂട്ടി ഡോക്ടറായി ആശുപത്രിയില്‍ എത്തിയത് എല്ലാവരേയും അമ്പരപ്പിച്ചിരിക്കുകയാണ്.
ഹോട്ട്സ്പോട്ട് അല്ലാത്ത ഗ്രാമങ്ങളിലെ കടകള്‍ തുറക്കാം: ലോക്ക് ഡൗണില്‍ കൂടുതല്‍ ഇളവുകളുമായി കേന്ദ്രം

മുഖ്യമന്ത്രി ഡോക്ടറുടെ വേഷത്തില്‍
രാജ്യത്തെ ഒരു മുഖ്യമന്ത്രി ഡോക്ടറുടെ വേഷത്തില്‍ ആശുപത്രിയിലെത്തിയപ്പോള്‍ രോഗികള്‍ക്കും ആശുപത്രി അധികൃതര്‍ക്കും അമ്പരപ്പായിരുന്നു. ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്താണ് ഇത്തരത്തില്‍ കൊറേണവൈറസിനെതിരെ പ്രവര്‍ത്തിക്കുന്നവരോട് ഐക്യപ്പെട്ട് ഡോക്ടറായി ആശുപത്രിയിലെത്തിയത്.

രാഷ്ട്രിയത്തില്‍
തന്റെ നാല്‍പ്പത്തിയേഴാം ജന്മദിനത്തിലാണ് മുഖ്യമന്ത്രി പ്രമോദ് സാവന്ത് ഡ്യൂട്ടി ഡോക്ടറായി ആശുപത്രിയില്‍ എത്തുന്നത്. ഡോക്ടറായിരുന്ന പ്രമോദ് സാവന്ത് ഈ ജോലി ഉപേക്ഷിച്ചായിരുന്നു രാഷ്ട്രീയത്തില്‍ സജീവമായത്. മപ്സയിലെ ജില്ലാ ആശുത്രിയിലെത്തി മറ്റ് ഡോക്ടര്‍മാര്‍ക്കൊപ്പം രോഗികളെ ചികിത്സിക്കുകയായിരുന്നു.

ആരോഗ്യപ്രവര്‍ത്തകര്‍
ഇന്ന് എന്റെ ജന്മദിനമാണ്. പക്ഷെ ഞാന്‍ അതി ആഘോഷിക്കുന്നില്ലയെന്ന് തീരുമാനിച്ചു. ഞാന്‍ മുഖ്യമന്ത്രിയാണെങ്കിലും പ്രൊഫഷണലി ആയുര്‍വേദ ഡോക്ടറാണ്. കൊറോണക്കെതിരെ പോരാടുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഐക്യപ്പെട്ട് കൊണ്ട് ഞാന്‍ ഒരു ദിവസത്തിന്റെ പകുതി ദിവസം ആശുപത്രിയില്‍ ചെലവഴിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഞാന്‍ ആയുര്‍വേദ ഒപിഡിയിലാണ് സേവനം ചെയ്യുന്നത്. പ്രമോദ് സാവന്ത് പറഞ്ഞു.

ഗോവയില്‍ കൊറോണ
ഗോവയില്‍ നിന്നും കൊറോണ വൈറസ് രോഗത്തെ പൂര്‍ണ്ണമായും ഇല്ലാതാക്കാന്‍ സംസ്ഥാനത്തെ മെഡിക്കല്‍ ടീം രാപ്പകല്‍ ഇല്ലാതെ ജോലി ചെയ്ത് കൊണ്ടിരിക്കുകയാണ്. സംസ്ഥാനത്തെ മെഡിക്കല്‍ സംഘത്തിന് ആത്മ വിശ്വാസം പകരാനാണ് ജന്മദിനത്തില് ഡോക്ടര്‍ വേഷം ധരിച്ചെത്തിയതെന്നും പ്രമോദ് സാവന്ത് പറഞ്ഞു. പത്ത് വര്‍ഷത്തിലേറെയായി ഇദ്ദേഹം ജോലി ഉപേക്ഷിച്ച് രാഷ്ട്രീയത്തില്‍ സജീവമാണ്.

ഓര്‍ഡിനന്‍സ്
കൊറോണക്കെതിരെ പോരാടുമ്പോഴും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ആരോഗ്യപ്രവര്‍ത്തകര്‍ ആക്രമിക്കപ്പെടുന്ന സംഭവത്തേയും അദ്ദേഹം അപലപിച്ചു. ഇതിനെതിരെ കേന്ദ്രസര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കിയത് സ്വാഗതാര്‍ഹമാണെന്നും പ്രമോദ് സാവന്ത് പറഞ്ഞു. ഡോക്ടര്‍മാരുള്‍പ്പെടെയുള്ള ആരോഗ്യപ്രവര്‍ത്തകരെ ആക്രമിക്കുന്നവര്‍ക്ക് ഒരു വര്‍ഷം മുതല്‍ ആറ് മാസം വരെ ശിക്ഷ ലഭിക്കും എന്ന ഓര്‍ഡിനന്‍സ് സ്വാഗതാര്‍ഹമാണ്. ഗോവയില്‍ വളരെ മികച്ച സാഹചര്യമാണ്. ഡോക്ടര്‍മാരേയും ആരോഗ്യപ്രവര്‍ത്തകരേയും പിന്തുണക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നുണ്ടെന്നും പ്രമോദ് സാവന്ത് പറഞ്ഞു

കൊറേണ മുക്തം
രാജ്യത്ത് കൊറോണ രോഗത്തെ പൂര്‍ണ്ണമായും പ്രതിരോധിച്ച സംസ്ഥാനമാണ് ഗോവ. ഇവിടെ ഏഴ് പേര്‍ക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചത്. അതില്‍ എല്ലാവരും തന്നെ രോഗമുക്തരായി ആശുപത്രി വിട്ടു. അവിടെ ഏപ്രില്‍ മൂന്നിന് ശേഷം പുതിയ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.ഇതിന് പിന്നാലെ ആരാഗ്യപ്രവര്ത്തകരേയും ഡോക്ടര്‍മാരേയും ജനങ്ങളേയും അഭിനന്ദിച്ച് പ്രമോദ് സാവന്ത് രംഗത്തെത്തിയിരുന്നു.