കോണ്‍ഗ്രസ് പുതിയ പരീക്ഷണത്തിന്; യുവ മുഖങ്ങള്‍ മതി... മുതിര്‍ന്നവര്‍ പേരിന് മാത്രം, ഗോവ മോഡല്‍!!
പനാജി: ഗോവയില്‍ പുതിയ പരീക്ഷണത്തിന് കോണ്‍ഗ്രസ്. സ്ഥാനാര്‍ഥികളില്‍ ഭൂരിഭാഗവും യുവാക്കളെയും പുതുമുഖങ്ങളെയും കളത്തിലിറക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചു. ബ്ലോക്ക് കമ്മിറ്റികളുടെ അഭിപ്രായം പരിഗണിച്ചാണ് സ്ഥാനാര്‍ഥികളെ നിര്‍ണയിക്കുന്നത്. സ്ഥാനാര്‍ഥി പട്ടിക അടുത്താഴ്ച പുറത്തുവിടും. ഒട്ടേറെ നേതാക്കള്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരുമെന്ന വാര്‍ത്തകള്‍ക്കിടെയാണ് കോണ്‍ഗ്രസ് ഒരു മുഴം മുമ്പേ എറിയുന്നത്.
യുവജനങ്ങളെ പരിഗണിക്കണമെന്നാണ് ഹൈക്കമാന്റ് നിര്‍ദേശം. അതേസമയം, ഗോവയില്‍ കോണ്‍ഗ്രസ് സഖ്യം ചേരാന്‍ സാധ്യതയുള്ള ഗോവ ഫോര്‍വേഡ് പാര്‍ട്ടി പിളര്‍ന്ന മട്ടാണ്. പാര്‍ട്ടിയുടെ വര്‍ക്കിങ് പ്രസിഡന്റ് രാജിവച്ച് തൃണമൂലില്‍ ചേര്‍ന്നു. കോണ്‍ഗ്രസുമായുള്ള സഖ്യത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചാണ് രാജി. ഗോവയില്‍ കോണ്‍ഗ്രസ് നടത്താനിരിക്കുന്ന നീക്കങ്ങളുടെ കൂടുതല്‍ വിവരങ്ങള്‍ ഇങ്ങനെ...

സ്ഥാനാര്‍ഥികളുടെ ആദ്യ പട്ടിക അടുത്താഴ്ച കോണ്‍ഗ്രസ് പുറത്തിറക്കും. യുവജനങ്ങള്‍ക്കും പുതുമുഖങ്ങള്‍ക്കും പ്രാധാന്യം നല്‍കിയാണ് ഇത്തവണ സ്ഥാനാര്‍ഥികളെ നിര്‍ണയിക്കുകയെന്ന് സംസ്ഥാന അധ്യക്ഷന്‍ ഗിരീഷ് ചോദന്‍കര്‍ പറഞ്ഞു. കളംമാറി മറ്റു പാര്‍ട്ടികളില്‍ ചേര്‍ന്നവരെ ഇനി ഒരു കാരണവശാലും പട്ടികയില്‍ ഉള്‍പ്പെടുത്തില്ലെന്നും ചിലര്‍ തിരിച്ചുവരാന്‍ താല്‍പ്പര്യം പ്രകടിപ്പിക്കുന്നുണ്ടെന്നും ചോദന്‍കര്‍ സൂചിപ്പിച്ചു.

അടുത്ത ഫെബ്രുവരിയിലാണ് ഗോവ നിയമസഭാ തിരഞ്ഞെടുപ്പ്. സ്ഥാനാര്‍ഥികളുടെ ചുരുക്കപ്പട്ടിക തയ്യാറാക്കി വരികയാണ്. എഐസിസി പ്രതിനിധികളുടെ നേതൃത്വത്തിലാണ് നടപടികള്‍ പുരോഗമിക്കുന്നത്. 80 ശതമാനത്തോളം കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ യുവജനങ്ങളായിരിക്കും. ഓരോ മണ്ഡലങ്ങളും ഉള്‍ക്കൊള്ളുന്ന ബ്ലോക്ക് കമ്മിറ്റികളുടെ അഭിപ്രായം പരിഗണിച്ചാണ് സ്ഥാനാര്‍ഥികളെ തീരുമാനിക്കുകയെന്ന് ചോദന്‍കര്‍ പറഞ്ഞു.

ഏതെങ്കിലും പാര്‍ട്ടികളുമായി സഖ്യം ചേരുമോ എന്ന ചോദ്യത്തിന് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ പ്രതികരിച്ചില്ല. ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ നേരിട്ടാണ് മല്‍സരമെന്ന് അദ്ദേഹം പറഞ്ഞു. തൃണമൂല്‍ കോണ്‍ഗ്രസിന്റെ സാന്നിധ്യം ബിജെപിക്ക് സഹായകരമാകും. മതേതര വോട്ടുകള്‍ ഭിന്നിക്കുമെന്നും അത് ബിജെപി വീണ്ടും അധികാരത്തിലെത്താന്‍ ഇടയാക്കുമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിച്ചു.

അതേസമയം, ഗോവയിലെ പ്രധാന ചെറുകക്ഷിയായ ഗോവ ഫോര്‍വേഡ് പാര്‍ട്ടി (ജെഎഫ്പി) പിളര്‍ന്നു. പാര്‍ട്ടിയുടെ വര്‍ക്കിങ് പ്രസിഡന്റ് കിരണ്‍ കണ്ടോല്‍ക്കര്‍ രാജിവച്ചു. തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരുകയും ചെയ്തു. ജെഎഫ്പി കോണ്‍ഗ്രസുമായി സഖ്യം ചേരാനുള്ള നീക്കങ്ങള്‍ നടക്കവെയാണ് കിരണിന്റെ രാജി. ബിജെപിയെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസിനോ എഎപിക്കോ സാധിക്കില്ലെന്ന് അദ്ദേഹം പറയുന്നു.

പഴയ ബിജെപി എംഎല്‍എ ആയ കിരണ്‍ കണ്ടോല്‍ക്കര്‍ 2020ലാണ് അദ്ദേഹം ജെഎഫ്പിയില്‍ ചേര്‍ന്നത്. അടുത്ത തിരഞ്ഞെടുപ്പില്‍ അല്‍ഡോണ സീറ്റില്‍ മല്‍സരിക്കാന്‍ അദ്ദേഹം തീരുമാനിച്ചിരുന്നു. എന്നാല്‍ ഇവിടെ കോണ്‍ഗ്രസ് പ്രചാരണം തുടങ്ങി. തൊട്ടുപിന്നാലെയാണ് കോണ്‍ഗ്രസും ജെഎഫ്പിയും സഖ്യ ചര്‍ച്ച ആരംഭിച്ചത്. സഖ്യം സാധ്യമായാല്‍ കണ്ടോല്‍ക്കറിന് അല്‍ഡോണ സീറ്റ് കിട്ടില്ലെന്ന് ഉറപ്പായതോടെയാണ് രാജി.
റൂബി ജുവലിന്റെ നിക്കാഹ് കഴിഞ്ഞു; വിവാഹ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

മഹുവ മൊയ്ത്ര എംപി, തൃണമൂല്‍ ദേശീയ വൈസ് പ്രസിഡന്റ് ലുസിനോ ഫലീറോ എന്നിവര്‍ ചേര്‍ന്ന് കിരണ്‍ കണ്ടോല്‍ക്കറിനെ സ്വീകരിച്ചു. ഗോവ മുന്‍ മുഖ്യമന്ത്രിയായിരുന്നു കോണ്‍ഗ്രസ് നേതാവായ ലുസിനോ ഫലീറോ. രണ്ടു മാസം മുമ്പാണ് അദ്ദേഹം തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. പഴയ കോണ്‍ഗ്രസ് ഇപ്പോഴില്ലെന്നും തൃണമൂല്‍ കോണ്‍ഗ്രസാണ് ആ ദൗത്യം നിര്‍വഹിക്കുന്നതെന്നുമാണ് ഫലീറോയുടെ നിലപാട്.

നടി നഫീസ അലി, ടെന്നിസ് താരം ലിയാണ്ടര്‍ പേസ് എന്നിവരെല്ലാം തൃണമൂലില്‍ ചേര്‍ന്നിട്ടുണ്ട്. ഗോവയില്‍ ആദ്യമായിട്ടാണ് തൃണമൂല്‍ കോണ്‍ഗ്രസ് മല്‍സരിക്കാന്‍ പോകുന്നത്. ജെഎഫ്പിയുമായി സഖ്യത്തിന് തൃണമൂല്‍ ശ്രമിച്ചുവരികയാണ്. ജെഎഫ്പിയില്‍ ഒരു വിഭാഗം മമതയ്‌ക്കൊപ്പം ചേരണമെന്ന അഭിപ്രായക്കാരാണ്. മറ്റൊരു വിഭാഗം കോണ്‍ഗ്രസുമായി സഹകരിക്കാമെന്നും അഭിപ്രായപ്പെടുന്നു. 2017ല്‍ ബിജെപിയുമായി സഖ്യം ചേര്‍ന്നവരാണ് ജെഎഫ്പി.












Click it and Unblock the Notifications