കോണ്‍ഗ്രസ് വനിതാ നേതാവിനെ കൂട്ട ബലാല്‍സംഗം ചെയ്യുമെന്ന് ബിജെപിക്കാര്‍; പ്രചാരണം നിര്‍ത്തണം
പനാജി: കോണ്‍ഗ്രസ് വനിതാ നേതാവിനെ കൂട്ടബലാല്‍സംഗം ചെയ്യുമെന്ന് ബിജെപിക്കാര്‍ ഭീഷണിപ്പെടുത്തിയെന്ന് പരാതി. ബിജെപി നേതാവ് സുഭാഷ് ഷിരോദ്കറിന്റെ അനുയായികളാണ് ഭീഷണി മുഴക്കിയത്. സുഭാഷിനെതിരെ പ്രചാരണം നടത്തുന്നത് അവസാനിപ്പിക്കണമെന്നും ഇനിയും പ്രചാരണം തുടര്‍ന്നാല്‍ കൂട്ടബലാല്‍സംഗം ചെയ്യുമെന്നുമാണ് ഭീഷണിപ്പെടുത്തിയതെന്ന് ഗോവ മഹിളാ കോണ്‍ഗ്രസ് സ്‌റ്റേറ്റ് സെക്രട്ടറി ദിയ ഷെത്കര്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

ഞായറാഴ്ച രാവിലെയാണ് ഫോണില്‍ ഭീഷണിയുണ്ടായത്. അശ്ലീല പദപ്രയോഗങ്ങളാണ് വിളിച്ചവര്‍ നടത്തിയത്. കൂട്ടബലാല്‍സംഗം ചെയ്യുമെന്നും അവര്‍ പറഞ്ഞു. സുഭാഷ് ഷിരോദ്കറിന്റെ മണ്ഡലത്തില്‍ പ്രവേശിക്കരുതെന്നും ഭീഷണിപ്പെടുത്തിയെന്ന് പരാതിയില്‍ പറയുന്നു.
വിഷയം പോലീസ് ഗൗരവത്തിലെടുക്കണമെന്ന് ദിയ ആവശ്യപ്പെട്ടു. അജ്ഞാതരായ വ്യക്തികളുടെ പേരിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സുഭാഷ് ഷിരോദ്കര്‍ കോണ്‍ഗ്രസ് നേതാവായിരുന്നു. സിരോദയില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എ ആയിരുന്നു. കഴിഞ്ഞ മാസമാണ് രാജിവച്ച് ബിജെപിയില്‍ ചേര്‍ന്നത്. സിരോദയില്‍ ഇനി ഉപതിരഞ്ഞെടുപ്പ് നടക്കും. ഷിരോദ്കറിനെതിരെ പ്രചാരണം നടത്തരുതെന്നാണ് ദിയക്കുള്ള ഭീഷണി.
അഭിഭാഷകയാണ് ദിയ ഷെത്കര്‍. ഷിരോദ്കറിനെതിരെ വ്യാപകമായ പ്രചാരണത്തിന് മുന്നില്‍ നില്‍ക്കുന്ന വ്യക്തി കൂടിയാണ്. സോഷ്യല്‍ മീഡിയ വഴിയും ഇവര്‍ മണ്ഡലത്തിലെ വീഴ്ചകള്‍ തുറന്നുകാട്ടിയിരുന്നു. എന്നാല്‍ വിഷയത്തില്‍ ഇതുവരെ സുഭാഷ് ഷിരോദ്കര്‍ പ്രതികരിച്ചിട്ടില്ല.
ബിജെപി ഭരിക്കുന്ന സംസ്ഥാനമാണ് ഗോവ. മുഖ്യമന്ത്രി പരീക്കര്‍ അസുഖ ബാധിതനായ ശേഷം സംസ്ഥാനത്ത് ഭരണം കൃത്യമായി നടക്കുന്നില്ലെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം.












Click it and Unblock the Notifications