ഗോവയില്‍ മുഖ്യമന്ത്രി പ്രമോദ് സാവന്ത് പിന്നില്‍, 21 സീറ്റില്‍ ബിജെപിക്ക് ലീഡ്
ദില്ലി: ഗോവയില്‍ ഇഞ്ചോടിഞ്ച് പോരാട്ടം തുടരുന്നതിനിടെ മുഖ്യമന്ത്രി പ്രമോദ് സാവന്ത് പിന്നില്‍. സാന്‍ക്വേലിമില്‍ അദ്ദേഹം കടുത്ത വെല്ലുവിളിയാണ് നേരിടുന്നത്. അതേസമയം നേരത്തെ സീറ്റ് നിലയില്‍ പിന്നിലായിരുന്ന ബിജെപി ഇപ്പോള്‍ ഗോവയില്‍ മുന്നിലെത്തിയിട്ടുണ്ട്. 21 സീറ്റിലാണ് ബിജെപി ഇപ്പോള്‍ ലീഡ് ചെയ്യുന്നത്. കോണ്‍ഗ്രസിന് വലിയ തിരിച്ചടി നേരിട്ടിരിക്കുകയാണ്. 14 സീറ്റിലേക്ക് അവരുടെ ലീഡ് കുറഞ്ഞിരിക്കുകയാണ്. പനാജി സീറ്റില്‍ ആദ്യ ഘട്ട സൂചന പ്രകാരം ബിജെപിയാണ് ലീഡ് ചെയ്യുന്നത്. സാന്‍ക്വെലിമില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ധര്‍മേഷ് സംഗ്ലാനി 436 വോട്ടുകള്‍ക്കാണ് ലീഡ് ചെയ്യുന്നത്. ഇതിനിടെ ജയിക്കുന്ന സ്ഥാനാര്‍ത്ഥികളെ ഗോവയ്ക്ക് പുറത്തേക്ക് മാറ്റാന്‍ പ്ലാന്‍ ചെയ്തിരിക്കുകയാണ് കോണ്‍ഗ്രസ്.

കോണ്‍ഗ്രസ് നേതാക്കള്‍ മൂന്ന് മണിക്ക് ഗവര്‍ണര്‍ പിഎസ് ശ്രീധരന്‍പ്പിള്ളയെ കാണാന്‍ അനുമതി തേടിയിട്ടുണ്ട്. സീനിയര്‍ ബിജെപി നേതാവ് മൗവില്‍ ഗോഡിനോ ഞെട്ടിക്കുന്ന പരാമര്‍ശവും നടത്തിയിട്ടുണ്ട്. ബിജെപി അധികാരം തിരിച്ചുപിടിക്കുമെന്ന് അദ്ദേഹം പറയുന്നു. മറ്റ് പാര്‍ട്ടികളുടെ സ്ഥാനാര്‍ത്ഥികളും ബിജെപിയുമായി ബന്ധപ്പെട്ടിട്ടുണ്ട്. എക്‌സിറ്റ് പോള്‍ ഫലത്തില്‍ വിശ്വാസമില്ല. പാര്‍ട്ടിയുടെ ഇന്റേണല്‍ വിലയിരുത്തലില്‍ ഭൂരിപക്ഷം നേടുമെന്നാണ് ഉള്ളതെന്ന് മൗവില്‍ ഗോഡിനോ പറഞ്ഞു.












Click it and Unblock the Notifications