ബിജെപിക്ക് വീണ്ടും അപ്രതീക്ഷിത തിരിച്ചടി; മുന്‍ മുഖ്യമന്ത്രി രാജിവച്ചു, കാരണം ഇതാണ്...
പനാജി: ഗോവയില്‍ ബിജെപിക്ക് അപ്രതീക്ഷിത തിരിച്ചടി. മുന്‍ മുഖ്യമന്ത്രി ലക്ഷ്മികാന്ത് പര്‍സേക്കര്‍ പാര്‍ട്ടി വിട്ടു. സ്വതന്ത്രനായി തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. മനോഹര്‍ പരീക്കറിന് ശേഷം ഗോവയില്‍ ബിജെപിയുടെ മുഖമായി പരിഗണിച്ചിരുന്ന നേതാവാണ് ലക്ഷ്മികാന്ത് പര്‍സേക്കര്‍. അദ്ദേഹത്തിന്റെ രാജി പാര്‍ട്ടിക്ക് ക്ഷീണം ചെയ്യുമെന്ന് വിലയിരുത്തുന്നു. ബിജെപിയുടെ പ്രകടന പത്രിക സമിതിയുടെ മേധാവിയായിരുന്നു പര്‍സേക്കര്‍.

നരേന്ദ്ര മോദി സര്‍ക്കാര്‍ ആദ്യം കേന്ദ്രത്തില്‍ അധികാരത്തിലെത്തിയ 2014ലാണ് മനോഹര്‍ പരീക്കര്‍ പ്രതിരോധ മന്ത്രിയായത്. അതുവരെ അദ്ദേഹം ഗോവ മുഖ്യമന്ത്രിയായിരുന്നു. പരീക്കര്‍ക്ക് ശേഷം ബിജെപിയുടെ മുഖമായി ഗോവയില്‍ ഉയര്‍ത്തിക്കാട്ടിയത് ലക്ഷ്മികാന്ത് പര്‍സേക്കറെയായിരുന്നു. ഇത്തവണ അദ്ദേഹം മാനിഫെസ്റ്റോ കമ്മിറ്റി അധ്യക്ഷനായെങ്കിലും പതിവായി മല്‍സരിക്കുന്ന മണ്ഡലം നല്‍കിയില്ല. ഇതാണ് പര്‍സേക്കറെ ചൊടിപ്പിച്ചത്. അദ്ദേഹം ബിജെപിയില്‍ നിന്ന് രാജിവയ്ക്കുകയും സ്വതന്ത്രനായി മല്‍സരിക്കാന്‍ തീരുമാനിക്കുകയും ചെയ്തു.
മാന്‍ഡ്രം മണ്ഡലത്തിലാണ് പര്‍സേക്കര്‍ സാധാരണ മല്‍സരിക്കാറ്. ഈ മണ്ഡലത്തില്‍ ദയാനന്ദ് രഘുനാഥ് സോപ്‌തെയെ മല്‍സരിപ്പിക്കാന്‍ ബിജെപി തീരുമാനിച്ചു. 2017ല്‍ ഈ മണ്ഡലത്തില്‍ നിന്ന് കോണ്‍ഗ്രസ് ടിക്കറ്റില്‍ ജയിച്ച വ്യക്തിയാണ് സോപ്‌തെ. ജയിച്ച ശേഷം അദ്ദേഹം ബിജെപിയില്‍ ചേരുകയായിരുന്നു. ഭാവി രാഷ്ട്രീയ നീക്കങ്ങള്‍ തീരുമാനിച്ചിട്ടില്ലെന്നും വൈകാതെ തീരുമാനങ്ങളെടുക്കുമെന്നും പര്‍സേക്കര്‍ പറഞ്ഞു. ഈ തിരഞ്ഞെടുപ്പില്‍ ജനകീയ സ്ഥാനാര്‍ഥിയാകുമെന്നും അദ്ദേഹം പറഞ്ഞു. 40 അംഗ നിയമസഭയാണ് ഗോവയിലേത്. 34 സ്ഥാനാര്‍ഥികളുടെ പട്ടിക ബിജെപി കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു. സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് പൊതുമരാമത്ത് മന്ത്രി ദീപക് പോസ്‌കറും ബിജെപിയില്‍ നിന്ന് രാജിവച്ചിട്ടുണ്ട്.
മനോഹര്‍ പരീക്കറുടെ മകന്‍ ഉത്പാല്‍ പരീക്കര്‍ ബിജെപി വിട്ടത് കഴിഞ്ഞ ദിവസമാണ്. സ്വതന്ത്ര സ്ഥാനാര്‍ഥിയായി നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ അദ്ദേഹം തീരുമാനിച്ചെങ്കിലും പിന്‍മാറുമെന്ന സൂചനയാണുള്ളത്. ബിജെപിയില്‍ നിന്ന് രാജിവയ്ക്കാനുള്ള തന്റെ തീരുമാനം ഏറെ വേദനയോടെ എടുത്ത ഒന്നായിരുന്നു എന്ന് ഉത്പാല്‍ പരീക്കര്‍ തുറന്നുപറഞ്ഞു. പനാജി മണ്ഡലത്തില്‍ മികച്ച സ്ഥാനാര്‍ഥിയെ ബിജെപി മല്‍സരിപ്പിച്ചാല്‍ ഞാന്‍ പിന്‍മാറാന്‍ തയ്യാറാണെന്നും ഉത്പാല്‍ പറഞ്ഞു. പരീക്കറുടെ മകന്‍ ബിജെപി ടിക്കറ്റില്‍ മല്‍സരിക്കുമെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ പാര്‍ട്ടി തീരുമാനം മറിച്ചാണുണ്ടായത്. തുടര്‍ന്ന് ഉത്പാല്‍ പരീക്കര്‍ രാജിവയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നു. പനാജിയില്‍ സിറ്റിങ് എംഎല്‍എ അറ്റനാസിയോ മോന്‍സരാറ്റയെ മല്‍സരിപ്പിക്കാനാണ് ബിജെപിയുടെ തീരുമാനം. 2019ല്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയ 10 എംഎല്‍എമാരില്‍ ഒരാളാണ് ഇദ്ദേഹം.












Click it and Unblock the Notifications